ADVERTISEMENT

എക്‌സ് പ്ലാറ്റ്‌ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താന്‍ സാധിക്കുന്ന പുതിയ നിര്‍മിത ബുദ്ധി (എഐ) ചാറ്റ് സംവിധാനം പരിചയപ്പെടുത്തി ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. തന്റെ സ്വന്തം നിര്‍മിത ബുദ്ധി കമ്പനിയായ എക്‌സ്എഐയുടെ (xAI) ആദ്യ മോഡലാണ് ഗ്രോക് (Grok) എന്ന പേരില്‍ മസ്‌ക് അവതരിപ്പിച്ചത്. ഇത് ഓപ്പണ്‍എഐ ചാറ്റ്ജിപിറ്റി, ഗൂഗിള്‍ പാമിനും (PaLM) എന്നിവയുടെ സാങ്കേതികവിദ്യയായ ലാര്‍ജ് ലാംഗ്വെജ് മോഡലില്‍ അധിഷ്ഠിതമാണ്. എക്‌സില്‍ വരുന്ന പുതിയ വിവരങ്ങൾ അക്സസ് ചെയ്യാം എന്നതിനാല്‍ മറ്റ് എഐ മോഡലുകളെക്കാള്‍ ഗോര്‍ക്കിന് മികവുണ്ടാകുമെന്ന് മസ്‌ക് പറയുന്നു.

'ഇതു വെറും നേരമ്പോക്കാണേ'

ഗ്രോകിന്റെ ശേഷിയെക്കുറിച്ച് മസ്‌ക് നടത്തിയ ട്വീറ്റുകളില്‍ ഒരു ഉപയോക്താവ് കോക്കേയ്ന്‍ (ഒരു തരം മയക്കുമരുന്ന്) ഉണ്ടാക്കുന്ന വിധം വിവരിക്കാന്‍ ആവശ്യപ്പെട്ടകാര്യം എടുത്തുകാണിക്കുന്നു. ഗ്രോക് എല്ലാം ഒന്നൊന്നായി വിവരിച്ചു നല്‍കി. എന്നാല്‍, അതിനും അപ്പുറം പോയി 'ഇതു വെറും നേരമ്പോക്കാണേ! കൊക്കെയ്ന്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. അതു നിയമവിരുദ്ധവും, അപകടകരവുമാണ്. അത് ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയുമില്ല', എന്ന് തമാശരൂപേണ പറയുകയും ചെയ്തു.

artificial-intelligence

മസ്‌കിന് തൃപ്തി

ചെറിയ കാര്യങ്ങള്‍ക്കു പോലും തന്റെ എല്ലാ ജീവനക്കാരോട് പടപിടിക്കുന്ന ആളായ മസ്‌കിന് എക്‌സ്എഐ സൃഷ്ടിച്ച ഗ്രോക് ഇഷ്ടമായെന്നാണ് അദ്ദേഹം നടത്തിയ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എഐ ചാറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഗ്രോക്കിലെ പ്രധാന വശങ്ങള്‍ പരിഗണിച്ചാല്‍ എക്‌സ്എഐ ആണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറയുന്നു.

അധികം പേര്‍ക്ക് ലഭ്യമല്ല

ഗ്രോക് ഇപ്പോള്‍ അധികം പേര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. തിരഞ്ഞെടുത്ത കുറച്ചു പേര്‍ മാത്രമാണ് ലഭ്യം. പോരായ്മകളും മറ്റും കണ്ടെത്താനായാണ് ഇപ്പോൾ ഈ നിയന്ത്രണം. എക്‌സ് യൂസര്‍മാര്‍ അഭ്യര്‍ഥിച്ചാൽ ഗ്രോക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. അതുപോലെ, അടുത്തതായി എക്‌സിന്റെ പ്രീമിയംപ്ലസ് സബ്‌സ്‌ക്രൈബര്‍മാക്കായി ഗ്രോക് തുറന്നു നല്‍കിയേക്കുമെന്നും കരുതുന്നു. പ്രതിമാസം 16 ഡോളറാണ് എക്‌സിന്റെ പ്രീമിയംപ്ലസിന്.

ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)
ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)

ട്വിറ്റര്‍ ഹാന്‍ഡ്‌ലുകള്‍ വില്‍ക്കാം! വില 50000 ഡോളറിനു മീതെ!

എക്‌സ് പ്ലാറ്റ്‌ഫോം പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. എക്‌സ് മസ്‌ക് വിറ്റൊഴിവായേക്കുമെന്നും അതല്ല എന്തും ചെയ്യാവുന്ന തന്റെ സ്വപ്‌ന ആപ് ആക്കി അതിനെ മാറ്റിയേക്കുമെന്നും വാദങ്ങളുണ്ട്. എന്തായാലും എക്‌സിലേക്ക് പുതുമകളുടെ ഒഴുക്കാണ്. ഏറ്റവും ഓടുവിലായി ഫോര്‍ബ്‌സ് നടത്തിയ കണ്ടെത്തല്‍ പ്രകാരം ഒരാള്‍ക്ക് തന്റെ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ വിറ്റൊഴിവാകാനുള്ള അവസരം ഒരുക്കുന്നു എന്നാണ്. ഒരു ട്വിറ്റര്‍ഹാന്‍ഡ്‌ലിന് 50000 ഡോളര്‍ മുതല്‍ ലഭിക്കാവുന്ന രീതിയിലായിരിക്കുമിത്. ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റ് പ്ലെയ്‌സ് തുടങ്ങാന്‍ മസ്‌കിന് ഉദ്ദേശമുണ്ടെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Social media platform X, formerly known as Twitter, said on Tuesday (October 18) it will test a new subscription model under which it will charge a $1 annual fee for basic features. Photo: Reuters
Social media platform X, formerly known as Twitter, said on Tuesday (October 18) it will test a new subscription model under which it will charge a $1 annual fee for basic features. Photo: Reuters

പരസ്യം കണ്ടേ മതിയാകൂ എന്ന യൂട്യൂബിന്റെ നിബന്ധന തിരിച്ചടിച്ചോ?
 

വിഡിയോ ഫ്രീയായി കാണുന്നവര്‍ ഇനി പരസ്യം കണ്ടേ മതിയാകൂ, ബ്രൗസറുകളില്‍ പിടിപ്പിച്ചിരിക്കുന്ന ആഡ്‌ബ്ലോക്കറുകള്‍ നീക്കംചെയ്യണം എന്നായിരുന്നു വിഖ്യാതസ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് കഴിഞ്ഞയാഴ്ച ഇറക്കിയ നിബന്ധനയില്‍ പറഞ്ഞിരുന്നത്. ഇതോടെ ഉപയോക്താക്കള്‍ വ്യാപകമായി ആഡ്‌ബ്ലോക്കറുകള്‍ നീക്കം ചെയ്തു. എന്നാല്‍, കൂടുതല്‍ ടെക്‌നോളജി പരിജ്ഞാനമുള്ളവര്‍ യൂട്യൂബിന്റെ മുന്നറിയിപ്പ് വരാത്ത രീതിയിലുള്ള ആഡ്‌ബ്ലോക്കറുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു എന്നാണ് വയേഡ് മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോസ്‌റ്റെറി (Ghostery), ആഡ്ഗാര്‍ഡ് (AdGuard) തുടങ്ങിയ ബ്രൗസര്‍ എക്‌സ്റ്റന്‍ഷന്‍ ആഡ്‌ബ്ലോക്കറുകളാണ് ആളുകള്‍ വിജയകരമായി ഇന്‍സ്‌റ്റാള്‍ ചെയ്തത്. പലരും ഗൂഗിളിന്റെ സ്വന്തം ക്രോം ബ്രൗസറുകള്‍ക്ക് പകരം സമാന ഫീച്ചറുകളുള്ള മൈക്രോസോഫ്റ്റ് 'എജ്' ബ്രൗസറിലും ഫയര്‍ഫോക്‌സിലും മികച്ച ആഡ്‌ബ്ലോക്കറുകള്‍ ഉള്‍പ്പെടുത്തി പരസ്യമില്ലാതെ യൂട്യൂബ് കണ്ടു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സക്കര്‍ബര്‍ഗിന് ശസ്ത്രക്രിയ
 

മെറ്റാ പ്ലാറ്റ്‌ഫോം മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കാല്‍മുട്ടിന്റെ ലിഗമെന്റിന് ശസ്ത്രക്രിയ. ആയുധമില്ലാതെയുള്ള മത്സരത്തില്‍ (മാര്‍ഷ്യല്‍ആര്‍ട്‌സ്) സക്കര്‍ബര്‍ഗ് പങ്കെടുത്തപ്പോഴുണ്ടായ പരുക്കിനാണ് ശസ്ത്രക്രിയ. അതേസമയം, താന്‍ ഈ പരുക്കൊന്നും കാര്യമാക്കുന്നില്ലെന്നും അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഒരു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് മത്സരത്തിനുള്ള തന്റെ പരിശീലനം തുടരുമെന്നും മെറ്റാ മേധാവി അറിയിച്ചു.

ആപ്പിളിന്റെ രക്ഷകന്‍ ഐഫോണ്‍ 15

ആപ്പിളിന്റെ മറ്റ് ഉപകരണങ്ങള്‍ക്കെല്ലാം തന്നെ വില്‍പനയില്‍ ഇടിവു സംഭവിച്ചുവെങ്കിലും കഴിഞ്ഞ പാദത്തിലും കമ്പനിക്ക് തല ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരം നല്‍കിയത് ഐഫോണ്‍ 15 സീരിസ് ആണെന്ന് സിഎന്‍ബിസി. മാക് വിഭാഗത്തിനായിരുന്നു പ്രധാന ആഘാതം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ തീര്‍ന്ന പാദത്തില്‍ 34 ശതമാനം ഇടിവ്. എന്നാല്‍, മാക്കിന് നടപ്പു പാദത്തില്‍ തിരിച്ചുവരവ് നടത്താന്‍ സാധിച്ചക്കുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പ്രതികരിച്ചു. ഐപാഡ് ശ്രേണിക്ക് 10 ശതമാനം ഇടിവും ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ വെയറബ്ള്‍സിന് 3 ശതമാനം ഇടിവും സംഭവിച്ചു. അതേസമയം, ഹോളിഡേ സീസണില്‍ ആപ്പിളിന്റെ ഉല്‍പന്നങ്ങള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് കുക്ക് പ്രതീക്ഷിക്കുന്നു.

iphone-15-1 - 1

തിരഞ്ഞെടുപ്പില്‍ എഐയുടെ വക വ്യാജവാര്‍ത്തകളും വരുമെന്ന് അമേരിക്കക്കാര്‍
 

തങ്ങളുടെ രാജ്യത്ത് 2024ല്‍ നടക്കാനിരിക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ എഐയുടെ വക വ്യാജവാര്‍ത്തകളും പ്രചരിക്കുമെന്ന് അമേരിക്കക്കാര്‍ കരുതുന്നതായി അസേസിയേറ്റഡ് പ്രസ് നടത്തിയ പഠനം കണ്ടെത്തി. സര്‍വെയില്‍ പങ്കെടുത്ത 58 ശതമാനം മുതിര്‍ന്നവരും ഈ അഭിപ്രായമുള്ളവരാണ്. 2020ലെ തിരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഉണ്ടാക്കിയ പുകിലുകള്‍ മാത്രമായിരുന്നു.

English Summary:

Elon Musk’s xAI introduces Grok: A generative AI model with a ‘sense of humour’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com