ഒറ്റയ്ക്ക് ഈ വന്മതിൽ പണിത അപ്പൂപ്പനൊരു ലൈക്ക് തരുമോ? എഐ ചിത്രങ്ങളുടെ ട്രോൾമഴ

Mail This Article
സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ കഴിഞ്ഞദിവസങ്ങളിലായി പുതിയൊരു പ്രതിഭാസം ഉടലെടുത്തിരിക്കുകയാണ്. ഞങ്ങൾക്കൊരു ലൈക്ക് തരുമോ? എന്ന ചോദ്യവുമായി മുൻപും പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന പോസ്റ്റുകൾക്ക് അൽപം വ്യത്യാസമുണ്ട്.

ഏതെങ്കിലും ഒരു കലാശിൽപവുമായി നിൽക്കുന്ന ഒരു വയോധികൻ, അല്ലെങ്കിൽ മികച്ച ഒരു ചിത്രം വരച്ച കുട്ടി.. ഇങ്ങനെയുള്ള ചിത്രങ്ങൾ നൽകിയിട്ടാണ് ലൈക്ക് ചോദിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിലുള്ളവരൊന്നും യഥാർഥ്യമല്ല. ഇവയെല്ലാം എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങളാണ്.

ഇത്തരം ധാരാളം പോസ്റ്റുകളുടെ കമന്റ് പരിശോധിച്ചാൽ വളരെ കൗതുകകരമായ ഒരു കാര്യം കാണാം. ആളുകളിൽ പലർക്കും ഇത് എഐ ചിത്രങ്ങളാണെന്നു തീരെ മനസ്സിലായിട്ടില്ല.
കമന്റിട്ടവരിൽ നല്ലൊരു പങ്കും ഇതു യഥാർഥ ചിത്രമാണെന്നും ഇതിൽ കാണുന്നത് യഥാർഥ വ്യക്തികളുമാണെന്നും വിചാരിച്ച് അഭിനന്ദിച്ചുകൊണ്ടൊക്കെയാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ പ്രവണത കണ്ട് ധാരാളം ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. ചൈനീസ് വന്മതിലിനു മുൻപിൽ നിൽക്കുന്ന ഒരു വയോധികന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ശേഷം , ഈ വന്മതിൽ പണിത അപ്പൂപ്പനൊരു ലൈക്ക് തരുമോ തുടങ്ങി രസകരമായ ട്രോളുകളും ഇതിന്റെ പേരിലിറങ്ങി.ഒരേ സമയം ചിരിപ്പിക്കുന്നതിനൊപ്പം തന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പുതിയ പ്രതിഭാസം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ കൂടുതൽ കൂടുതൽ യാഥാർഥ്യചിത്രങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. യഥാർഥ ചിത്രങ്ങളെ വെല്ലുന്ന മിഴിവോടെയാണ് പലതും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചാറ്റ്ജിപിടി അക്ഷരങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. ധാരാളം പേർ ഇതിന് ഉപയോക്താക്കളായി എത്തി.

എന്നാൽ അക്ഷരങ്ങളിലെന്നതുപോലെ ചിത്രങ്ങളിലും ജനറേറ്റീവ് എഐ അതിന്റെ മാന്ത്രികത പുറത്തെടുത്തു. പല പ്ലാറ്റ്ഫോമുകളിലായി ഇന്നു ധാരാളം ജനറേറ്റീവ് എഐ സംവിധാനങ്ങൾ ലഭ്യം.
ഇവയിൽ നമ്മുടെ ആവശ്യം ലളിതമായ ഭാഷയിൽ ഉന്നയിച്ചാൽ നമ്മൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ എഐ തരും. കമാൻഡ് എഡിറ്റു ചെയ്തും വീണ്ടും റൺ ചെയ്തും നമുക്കാവശ്യമുള്ള ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാം. വരുംകാലങ്ങളിൽ ഒരു ചിത്രം കണ്ടാൽ അതു സത്യമാണോ കള്ളമാണോയെന്ന് തിരിച്ചറിയാൻ അൽപം പണിപ്പെട്ടേക്കാം. അതു കൊണ്ട് ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനും പോസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുൻപ് അതിന്റെ ആധികാരികത ഒന്നു നോക്കുന്നത് നല്ല ഗുണം ചെയ്യും.