ഇപ്പോഴും ഗൂഗിള്‍ ആണോ ഉപയോഗിക്കുന്നത്? ഇനി പെര്‍പ്ലെക്‌സിറ്റി എഐ ഒന്നു പരീക്ഷിക്കന്നേ!
Mail This Article
പരമ്പരാഗത സേര്‍ച് എൻജിനായ ഗൂഗിളും, എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിയും ചേര്‍ത്ത് ഇന്റര്‍നെറ്റില്‍ പുതിയൊരു അന്വേഷണ രീതി ഉണ്ടാക്കിയാലോ? ഈ രണ്ടു കമ്പനികളുമായും യാതൊരു ബന്ധവും ഇല്ലെങ്കിലും അത്തരത്തിലൊരു തിരയൽ സംവിധാനം ഉണ്ട്-പെര്‍പ്ലെക്‌സിറ്റി എഐ. പെര്‍പ്ലെക്‌സിറ്റിയോട് നിങ്ങള്‍ക്ക് ഏതു വിഷയത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കാം.
ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ചാറ്റ്ജിപിറ്റിയെപ്പോലെ എഴുതി നല്‍കും. ഒപ്പം, ചാറ്റ്ജിപിറ്റിയെ പോലെയല്ലാതെ, എവിടെനിന്നാണോ ഉത്തരം എഴുതാനുള്ള വിവരം ശേഖരിച്ചത് ആ ലിങ്കുകളും തരും. എന്നാല്‍, ഗൂഗിളിനെ പോലെ സകല ലിങ്കും തരില്ല. ചോദ്യത്തിന് വിവരമെടുത്ത പ്രസക്തമായ അഞ്ചു ലിങ്കുകള്‍. പെര്‍പ്ലെക്‌സിറ്റി എഴുതി നല്‍കിയ ഉത്തരത്തില്‍ പോരായ്മ തോന്നിയാല്‍ ലിങ്കുകള്‍ തുറന്നു പരിശോധിച്ച് ആധികാരികത ചോദ്യകര്‍ത്താവിന് നേരിട്ട് വിലയിരുത്താം.
ഉത്തരത്തിനു താഴെ നമ്മുടെ വിഷയത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ വീണ്ടും ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ പെര്‍പ്ലെക്‌സിറ്റി തന്നെ തരും. ഇവയില്‍ ക്ലിക്കു ചെയ്താല്‍ അവയുടെ ഉത്തരങ്ങളും കിട്ടും. ഇനി ഈ ചോദ്യങ്ങള്‍ വേണ്ടെങ്കില്‍ സ്വന്തമായി അടുത്ത ചോദ്യം ചോദിക്കാം.
പെര്‍പ്ലെക്‌സിറ്റിയുടെ ഏറ്റവും വലിയ പ്രാധാന്യമെന്താണ് എന്നു ചോദിച്ചാല്‍ അത് ഇപ്പോഴും ഫ്രീയാണ് എന്നതാണ്! എന്തിനേറെ, സൈന്‍-ഇന്‍ ഇല്ലാതെ പോലും ഉപയോഗിക്കാവുന്ന വേര്‍ഷനും ഉണ്ട്. ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ചരിത്രത്തിലെ ഒരു കൊച്ചു നാഴികക്കല്ലു തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പെര്‍പ്ലെക്‌സിറ്റി.
സാദാ സേര്‍ച്ചിനു പുറമെ കിട്ടുന്ന മറ്റു സേവനങ്ങളുമുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പെര്‍പ്ലെക്‌സിറ്റി പറഞ്ഞുതരും. ഉദാഹരണത്തിന് ഇന്ത്യാ-കാനഡാ പ്രശ്‌നം ട്രാക്കു ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ (track India-Canada issue) ഏറ്റവും പുതിയ വിവരങ്ങള്‍, ഇതിന്റെ ചെറിയൊരു ചരിത്രം, പ്രതികരണങ്ങള്‍ തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ അത് എഴുതി നല്‍കും.
പെര്‍പ്ലെക്‌സിറ്റി എഐ പ്രോ ഉപയോഗിച്ചാല്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പോലും ഉത്തരം കണ്ടെത്താന്‍ സഹായകമായേക്കാം. ആഴത്തിലുള്ള ഇന്റര്‍നെറ്റ് സെര്‍ച്ച് ആണ് പ്രോ വേര്‍ഷനെ കൂടുതല്‍ കരുത്തുറ്റ ഒരു സേര്‍ച്ച് സംവിധാനമാക്കുന്നത്.
ടൈംലൈനുകള്‍ സൃഷ്ടിക്കാം
സൈന്‍-ഇന്‍ ചെയ്ത് സേര്‍ച്ച് ചെയ്താല്‍ സവിശേഷമായ ടൈംലൈനുകള്‍ സൃഷ്ടിക്കാം. ഉദാഹരണത്തിന് ഒരു ഐഫോണ്‍ മോഡലിന്റെ വിലയില്‍ വരുന്ന മാറ്റം അറിഞ്ഞുകൊണ്ടിരിക്കണമെങ്കല്‍ ട്രാക് ദി ചെയ്ഞ്ച് ഇന്‍ പ്രൈസ് ഓഫ് ഐഫോണ്‍ (മോഡല്‍ നമ്പര്‍) ഇന്‍ ഇന്ത്യ' എന്ന് ആവശ്യപ്പെടാം. റെഡ്മി 12സി ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് എവിടെയാണ് കിട്ടുന്നതെന്നും മറ്റും ചോദിക്കാം. (ഇതെഴുതുന്ന സമയത്ത് ക്രോമയിലാണ് ഏറ്റവും വിലക്കുറവ് എന്നാണ് പെര്‍പ്ലെക്‌സിറ്റി തന്ന ഉത്തരം-വില 6,583 രൂപ.) അങ്ങനെ എന്തും.
ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരാണ് പെര്‍പ്ലെക്‌സിറ്റിയോട് ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ട മറ്റൊരു കൂട്ടര്‍. സ്റ്റോക്ക് ടിക്കറുകള്‍ പേസ്റ്റു ചെയ്യുകയോ, ''കമ്പനിയുടെ പേര് സ്റ്റോക്'' എന്ന് സേര്‍ച്ച് ചെയ്യുകയോ ചെയ്താല്‍ ഇന്ററാക്ടീവ് ചാര്‍ട്ട്തന്നെ തരും. ഉദാഹരണത്തിന് ''റിലയന്‍സ് സ്‌റ്റോക്'' എന്ന് സേര്‍ച്ച് ചെയ്തു നോക്കൂ.
പടിഞ്ഞാറന്‍ നാടുകളിലെ വന്‍കിട നഗരങ്ങളിലും മറ്റും ഉള്ളവര്‍ക്ക് തങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വീടിന്റെയോ വസ്തുവിന്റെയൊ ഒക്കെ വിലയില്‍ വരുന്ന ചാഞ്ചാട്ടങ്ങളും നോക്കാന്‍ പെര്‍പ്ലെക്‌സിറ്റിയോട് ആവശ്യപ്പെടാം.
ഇന്ത്യന്‍ വംശജനായ അരവിന്ദ് ശ്രീനിവാസന്‍ ആണ് പെര്‍പ്ലെക്‌സിറ്റി മേധാവി. അദ്ദേഹം അടക്കം ഒരുകൂട്ടം എൻജിനിയര്‍മാരാണ് ഈ സേര്‍ച് സംവിധാനം 2022 ഓഗസ്റ്റില്‍ സ്ഥാപിച്ചത്. ഡെനിസ് യാരാറ്റാസ്, ജോണി ഹോ, ആന്‍ഡി കോണ്‍വിന്‍സ്‌കി തുടങ്ങിയവരാണ് ഒപ്പമുള്ളത്.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ്, എന്‍വിഡിയ തുടങ്ങിയ കമ്പനികള്‍ പെര്‍പ്ലെക്‌സിറ്റിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പല അര്‍ത്ഥത്തിലും പരമ്പരാഗത സെര്‍ച് എൻജിനുകള്‍ ഗൗരവത്തിലെടുക്കേണ്ട ഒരു പ്രതിയോഗിയാണ് പെര്‍പ്ലെക്‌സിറ്റി എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ജിപിറ്റി-4ഓയെക്കാള്‍ മികച്ച എഐ മോഡലുമായി എന്‍വിഡിയ
ചിപ് നിര്‍മാതാവ് എന്‍വിഡിയ നിലവിലുളള ജിപിറ്റി-4ഓ, ക്ലൗഡ് 3.5 സോണറ്റ് തുടങ്ങിയ എഐ മോഡലുകളേക്കാള്‍ കരുത്തുറ്റ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ പരിചയപ്പെടുത്തി-ലാമാ 3.1 നെമോട്രോണ്‍-70-ബി-ഇന്‍സ്ട്രക്ട് എന്നാണ് പേര്.
സ്‌പോട്ടിഫൈക്ക് പ്രേമികള്‍ക്ക് ആഹ്ലാദിക്കാം! ഓഫ്‌ലൈന്‍ ബാക് അപ് ഫീച്ചര്‍ എത്തുന്നു
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പാട്ട് കേള്‍ക്കാന്‍ സാധിക്കുന്ന ഓഫ്‌ലൈന്‍ ബാക് അപ് ഫീച്ചര്‍ ചില പ്രീമിയം സ്‌പോട്ടിഫൈ അംഗങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ദശലക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് സ്‌പോട്ടിഫൈ.
ആപ് ഉപയോഗിക്കുന്നവര്‍ക്ക് ഉടനെ ലഭിക്കുമെന്നു കരുന്ന പുതിയ ഫീച്ചര്‍ വഴി ഓട്ടോമാറ്റിക്കായി ഓഫ്‌ലൈൻ പ്ലേ ലിസ്റ്റ് ജനറേറ്റ് ചെയ്യുമെന്നാണ് സ്‌പോട്ടിഫൈയുടെ ബ്ലോഗില്‍ പറയുന്നത്. അവസാനം പ്ലേ ചെയ്തതും, ക്യൂവില്‍ കിടക്കുന്നതുമായ പാട്ടുകള്‍ ആണ് പ്ലേ ലിസ്റ്റിലേക്ക് ഉപയോക്താവിന്റെ ഇടപെടലില്ലാതെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുക. നിലവില്‍ ഇത് പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമേ നല്‍കുന്നുള്ളു.
ആദ്യ കളര്‍ കിന്‍ഡ്ല്‍ പരിചയപ്പെടുത്തി ആമസോണ്‍
ഇ-ബുക്ക് റീഡറുകളെ പുതിയ തലത്തിലേക്ക് എത്തിച്ച് ആമസണ്‍. തങ്ങളുടെ കിന്‍ഡ്ല്‍ ബ്രാന്‍ഡില്‍ പുതിയ കളര്‍ വേര്‍ഷന്‍ ഇറക്കിയാണ് കമ്പനി പുതിയ പരീക്ഷണത്തിന് ഒരുമ്പെട്ടിരിക്കുന്നത്. കളര്‍സോഫ്റ്റ് സിഗ്‌നചര്‍ എഡിഷന്‍ എന്നാണ് പുതിയ വേരിയന്റിന്റെ പേര്. ഇ-ഇങ്ക് ടെക്‌നോളജിയില്‍തന്നെ പ്രവര്‍ത്തിക്കുന്നു.
ബാറ്ററി ഒരാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് അവകാശവാദം. വില 279.99 ഡോളര്‍. ഇതെഴുതുന്ന സമയത്ത് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ല. ഇത് ഒരു നോട്ട്പാഡ് ആയും പ്രയോജനപ്പെടുത്താം. സ്റ്റൈലസ് ഉപയോഗിച്ച് നോട്ടു കുറിക്കാനും മറ്റും സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.