ADVERTISEMENT

ജര്‍മൻ ലൈംഗിക-ആരോഗ്യ ബ്രാന്‍ഡായ ബില്ലി ബോയി കാംഡോം (Camdom) എന്ന പേരില്‍ പുറത്തിറക്കിയ ആപ് ലോകമെമ്പാടും ശ്രദ്ധനേടുകയാണ്. ആരും പുറത്തിറക്കിയിട്ടില്ലത്ത തരത്തിലുളളതാണ് എന്നതാണ് ആപ്പിന് ശ്രദ്ധ കിട്ടാനുള്ള കാരണം.സ്വകാര്യനിമിഷങ്ങളിലെ അനുവാദമില്ലാത്ത ഓഡിയോ, വിഡിയോ റെക്കോര്‍ഡിങുകൾ തടയാൻ രൂപകല്‍പ്പന ചെയ്ത ഈ ആപ്പിന്റെ പേര് ക്യാംണ്ടോം എന്നാണ്. 'ഡിജിറ്റൽ കോണ്ടം ഫോർ ദി ഡിജിറ്റൽ ജനറേഷൻ' എന്നാണ് ഇതിന്റെ പരസ്യവാചകം. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ സംരക്ഷണം നല്‍കാനാണ് കാംഡോം പുറത്തിറക്കിയിരിക്കുന്നതെന്ന് ബില്ലി ബോയി പറയുന്നു. 

അതേസമയം, രാഷ്ടീയക്കാര്‍ അടക്കം സ്വകാര്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ക്കൊക്കെ ഇത് പ്രവര്‍ത്തിപ്പിച്ച് വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഉപയോഗിക്കാം എന്നതും ഈ ആപ്പിന് ധാരാളം ഉപയോക്താക്കളെ കിട്ടിയേക്കാമെന്ന വാദം ഉയര്‍ത്തുന്നവര്‍ പറയുന്നു. ലോകത്തെ ആദ്യത്തെ 'ഡിജിറ്റല്‍കോണ്ടാം' എന്നും കാംഡോമിന് വിശേഷണമുണ്ട്. 

പങ്കാളികളിലൊരാള്‍ മറ്റെയാള്‍ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയെടുക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. കാംഡോം പ്രവര്‍ത്തിക്കുന്നത് ബ്ലൂടൂത് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ്. സ്വകാര്യ നിമിഷങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തപ്പെടാതിരിക്കാനാണ് ശ്രമിക്കുന്നത്. അനുമതി ഇല്ലാതെ ക്യാമറകളും, മൈക്രോഫോണുകളും ഉപയോഗിക്കുന്നത് കാംഡോം തടയുന്നു. ഇനോസിയന്‍ (Innocean)  കമ്പനിയുമായി സഹകരിച്ചാണ് ഈ ആപ് പുറത്തിറക്കിയിരിക്കുന്നത്. 

സ്വകാര്യ നിമിഷങ്ങള്‍ ടെക്‌നോളജിയുടെ സഹായത്തോടെ പകര്‍ത്തി പരസ്യപ്പെടുത്തുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് എത്തുന്നത്. പങ്കാളികള്‍ തമ്മില്‍ പിരിഞ്ഞാല്‍ ഇങ്ങനെ പകര്‍ത്തുന്ന വിഡിയോകളും മറ്റും പരസ്യപ്പെടുത്തുന്ന രീതിയെ റിവഞ്ച് പോണ്‍ എന്നു വിളിക്കുന്നു. പ്രതികാരം ചെയ്യാനായി ഇത്തരം ഉള്ളടക്കം പരസ്യപ്പെടുത്തുന്നു. ഇത്തരം വിഡിയോയും മറ്റും റെക്കോഡ് ചെയ്യപ്പെടുന്നത് കുറയ്ക്കാനാണ് കാംഡോം ശ്രമിക്കുന്നത്.

Image Credit:Canva
Image Credit:Canva

സ്വകാര്യ വിഡിയോകളും മറ്റും പുറത്തുവിടുന്നതിനു പുറമെ അതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നതും വര്‍ദ്ധിച്ചുവരുന്നകാലത്ത് കാംഡോം മുന്നോട്ടുവയ്ക്കുന്ന സാധ്യത ആരായേണ്ടതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഡിജിറ്റലായി നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിരോധം ചമയ്ക്കുക എന്നതാണ് കാംഡോമിന്റെ ലക്ഷ്യം. കാംഡോം ഇന്‍സ്റ്റോള്‍ ചെയ്ത ഫോണുകള്‍ പങ്കാളികള്‍ അടുത്തടുത്തു വച്ച് പെയര്‍ ചെയ്യുന്നു. പിന്നെ ആപ്പിലെ വെര്‍ച്വല്‍ ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതോടെ ഇരു ഫോണുകളിലെയും ക്യാമറയും, മൈക്രോഫോണ്‍ പ്രവര്‍ത്തനവും തടയുന്നു. ആപ്പിന് ഒന്നിലേറെ ഫോണുകള്‍ ഒരേ സമയം ബ്ലോക് ചെയ്യാന്‍ സാധിക്കും. പലര്‍ ചേര്‍ന്നു നടത്തുന്ന രഹസ്യ സംഭാഷണങ്ങള്‍ക്കിടയിലും കാംഡോം പ്രയോജനപ്പെടുത്താം.

ഇങ്ങനെ ഫോണ്‍ ലോക് ചെയ്ത ആരെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ തന്നെ അലാം മുഴക്കി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പ്രവര്‍ത്തിപ്പിക്കല്‍ നടപടികള്‍ വളരെ ലളിതമാണ്. അനുമതി വാങ്ങാതെയുള്ള റെക്കോഡിങ് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്തങ്ങളുടെ ആപ്പ് എന്ന് കമ്പനി പറയുന്നു. 

ആഗോള തലത്തില്‍ പ്രചാരം വര്‍ദ്ധിച്ച് കാംഡോം 

ഇപ്പോള്‍ മുപ്പതിലേറെ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ് കാംഡോം എന്നത് തന്നെ അതിന്റെ പ്രസക്തിയുടെയും സ്വീകാര്യത വര്‍ദ്ധിക്കുന്നതിന്റെയും തെളിവാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ ശരീരത്തിന്റെ ഒരു അവയവം പോലെ ഉപയോഗിക്കുന്ന കാലത്തേക്കാണ് നാം എത്തിയിരിക്കുന്നത്. അവയില്‍ ധാരാളം ഡേറ്റ സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ടാവും. ഉടമയുടെ അനുമതിയില്ലാതെ അതിലേക്ക് ആരെങ്കിലും എത്തിനോക്കുന്നത് തടയാനും ഇതിന് സാധിക്കുമെന്ന് ആപ്പ് വികസിപ്പിച്ചവരില്‍ ഒരാളായ ഫെലിപെ അല്‍മെയ്ഡാ അഭിപ്രായപ്പെട്ടു. 

പുതിയകാല പ്രശ്‌നങ്ങള്‍ക്ക് നൂതനമായ പരിഹാരരീതികള്‍ തന്നെ കണ്ടെത്താന്‍ ശ്രമിക്കുന്ന കമ്പനികളിലൊന്നായി ആണ് ഇനോസിയന്‍ ബെര്‍ലിന്‍ അറിയപ്പെടുന്നത്. സമൂഹത്തിനു മൊത്തത്തില്‍ ഗുണംചെയ്യുന്ന ആപ്പാണ് കാംഡോം എന്ന് കമ്പനിയുടെ മുഖ്യ ക്രിയേറ്റിവ് ഓഫിസര്‍ ഗാബ്രിയെല്‍ പറഞഞു. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത രീതിയില്‍ ടെക്‌നോളജി ഉപയോഗിച്ചാണ് പുതിയ സാധ്യത പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

സുരക്ഷയുടെ കാര്യത്തില്‍ പുതിയ കാലഘട്ടത്തിലേക്ക്

ഡിജിറ്റലായ ഇടപെടലുകളില്‍ പുതിയ പുതിയ ഭീഷണികള്‍ നിരന്തരം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തിലൊരു പ്രശ്‌നത്തിന് പുതിയൊരു പരിഹാരമാര്‍ഗമാണ് തങ്ങളുടെ കാംഡോം ആപ്പ് എന്നാണ് ബില്ലി ബോയി പറയുന്നത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ അടുത്തിടെകൊണ്ടുവരാന്‍ സാധിച്ച ടെക്‌നോളജിയാണെന്നും അവകാശവാദമുണ്ട്. 

പ്രതികരണങ്ങള്‍

ആപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കുമിഞ്ഞുകൂടുകയാണിപ്പോള്‍. ചിലര്‍ ഇങ്ങനെ ഒരു സാധ്യതയുണ്ടോ എന്ന് അത്ഭുതപ്പെടുമ്പോള്‍, മറ്റുചിലര്‍ക്ക് ഇതൊരു തമാശ ആപ്പാണ്. വേറെ ചിലര്‍ പറയുന്നത് ഇത്തരം ഒരു ആപ്പ് വേണ്ടിവരുന്നു എന്നതു തന്നെ ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ വേദനാജനകമായ സ്ഥിതിയുടെ വിവരണമാണെന്നാണ്. 

English Summary:

Discover Camdom, the innovative "digital condom" app using Bluetooth technology to block unauthorized audio & video recording. Learn how it protects privacy in the bedroom and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com