ADVERTISEMENT

കബനി കാടുകളിൽ നിന്ന് ഒറ്റ ക്ലിക്കിൽ അഞ്ച് കടുവകൾ...ഏത് വന്യ ജീവി ഫോട്ടോഗ്രഫറും ആഗ്രഹിക്കുന്ന ഈ അപൂർവ ഫ്രെയിമിന്റെ ഭാഗ്യം ലഭിച്ചത് ഐടി എൻജിനീയറായ കൊല്ലം കാവനാട് അനന്ദു മുരളിക്ക്. ആരും ആഗ്രഹിക്കുന്ന മറ്റ് നിരവധി ഫ്രെയിമുകളും ക്യാമറയിൽ പതിഞ്ഞതോടെ ഒരാഴ്ചത്തെ സവാരി ചാകരയായിരുന്നുവെന്ന് അനന്ദു.

 

കരടി
അനന്ദു മുരളി പകർത്തിയ ചിത്രം

തൃശൂരിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറായ അനന്ദു കബനിയിലെ മൺസൂൺ കാഴ്ചകൾ പകർത്താൻ കഴിഞ്ഞ ആഴ്ചയാണ് വയനാട് ചുരം കടന്ന് ബാവലി വഴി കബനിയിൽ എത്തുന്നത്. ഒരാഴ്ച കബനിയിൽ താമസിച്ച് ചിത്രം പകർത്തുകയെന്ന ലക്ഷ്യത്തോടെ തനിച്ചായിരുന്നു യാത്ര.

 

എല്ലാ ദിവസവും രാവിലെ വനം വകുപ്പിന്റെ ബസിലായിരുന്നു സവാരി. ആദ്യ ദിവസം കാര്യമായി ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാം ദിവസം 3 കരടികൾ ക്യാമറയിൽ പതിഞ്ഞതോടെ ആവേശമായി.2021 മുതൽ എല്ലാ വർഷവും തുടർച്ചയായി കബനിയിൽ എത്തുന്നുണ്ടെങ്കിലും കരടിയുടെ ചിത്രം ലഭിക്കുന്നത് ആദ്യം. 5-ാം സവാരിയിലാണ് കാട് അനുഗ്രഹിച്ചത്. അന്നും കരടിയുടെ ചിത്രം പകർത്തുന്നതിനിടെയാണു മാനുകളുടെ അലർച്ചയും ഓട്ടവും ശ്രദ്ധയിൽപ്പെടുന്നത്. കോൾ കേട്ട ഭാഗത്തേക്കു ഡ്രൈവർ ബസ് തിരിച്ചതോടെയാണ് ആ അപൂർവ കാഴ്ചകൾക്കു തുടക്കം. മരങ്ങൾക്ക് ഇടയിലൂടെ നടന്നു വരുന്ന ആൺ കടുവയെ ആദ്യം കണ്ടതോടെ ബസിലെ സഞ്ചാരികൾ എല്ലാം ആവേശമായി. ബസിൽ ഫോട്ടോഗ്രഫറായി അനന്ദു മാത്രം. അനന്ദുവിന്റെ ആഗ്രഹം അനുസരിച്ച് ബസ് നിർത്തി കൊടുത്തതോടെ ആദ്യ നിമിഷങ്ങൾ ഒന്നു പോലും നഷ്ടപ്പെടുത്താതെ അനന്ദു പകർത്തി കഴിഞ്ഞു.

 

ഇതിനിടെ ബസ് ഡ്രൈവർക്കു വന്ന ഫോൺ കോളിൽ വാഹനം തിരിച്ചു. സമീപത്തെ തുറസ്സായ കാട്ടിൽ പെൺ കടുവ കിടക്കുന്നതായാണു കോൾ. ഒട്ടും സമയം കളയാതെ സ്ഥലത്ത് എത്തിയപ്പോഴുള്ള കാഴ്ചകൾ ഇന്നും അനന്ദുവിനു വിശ്വസിക്കാനായിട്ടില്ല.പെൺ കടുവയ്ക്കു സമീപം മറ്റ് നാല് മുതിർന്ന കടുവ കുട്ടികളും. അല്പം മാറി ഒരു ആൺ കടുവയും. ഒറ്റ ഫ്രെയിമിൽ അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് ലഭിച്ചത്. ആൺ കടുവയും ഇവർക്കു സമീപം എത്തുമെന്ന പ്രതീക്ഷയിൽ കുറെ സമയം കാത്ത് നിന്നപ്പോഴേക്കും കടുവ കുട്ടികൾ കാട്ടിലേക്കു കയറി. ഇതോടെ യാത്ര തുടർന്നു.

അനന്ദു മുരളി
അനന്ദു മുരളി

 

 

പിന്നീടുള്ള ദിവസങ്ങളിൽ പീലി വിടർത്തി ആടുന്ന മയിലും, മരങ്ങൾക്കിടയിലൂടെ കാട്ടുപാത മുറിച്ച് കടക്കുന്ന ആനയും, വൈൽഡ് ഡോഗുകൾ ഉൾപ്പെടെയുള്ളവയുടെ

ചിത്രങ്ങൾ പകർത്തി നഗർഹോള കാട് വഴിയായിരുന്നു മടക്കം.

 

ജോലിയുമായി ബന്ധപ്പെട്ട് തൃശൂർ കുറ്റിമുക്കിലാണ് കുറെ നാളുകളായി താമസം. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള കമ്പം തുടങ്ങിയിട്ട് 4 വർഷമായി. കബനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ പകർത്താനായതായി അനന്ദു പറയുന്നു. നിക്കോൺ ഡി–500 ക്യാമറയും 200–500 ലൈൻസുമായാണ് യാത്ര. ഒഴിവ് സമയങ്ങളിൽ കാട് കയറും. 

 

Content Summary : Kabini is a wildlife sanctuary located in the Nilgiri Hills of Karnataka, India. It is famous for its diverse wildlife, including tigers, elephants, leopards, deer, and birds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com