ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബോളിവുഡ് അഭിനേതാക്കളായ കിയാര അഡ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹം നടന്ന സൂര്യഗ്രഹ് പാലസ് ഹോട്ടലാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. താരങ്ങളും പൗരപ്രമുഖരും അണിനിരന്ന ചടങ്ങില്‍, വളരെ രാജകീയമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളില്‍ സൂര്യഗ്രഹിന്‍റെ മനോഹരമായ കാഴ്ചകള്‍ കാണാം. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍, ഥാർ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഹോട്ടല്‍ ആഡംബരപൂര്‍ണവും ആധുനിക സൗകര്യങ്ങളോടു കൂടിയതുമാണ്.  

എവിടെയാണ് സൂര്യഗ്രഹ്

രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സാം റോഡിലെ കഹാല ഫാറ്റയ്ക്ക് സമീപമാണ് സൂര്യഗ്രഹ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബാരാ ബാഗ് ക്ഷേത്രത്തിൽ നിന്ന് 15 കിലോമീറ്ററും കുൽധാര ഗ്രാമത്തിൽ നിന്ന് 7 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

suryagarh-palace1
Image Source: Suryagarh Palace official Site

ഒരു കുന്നിന്‍ മുകളിലായാണ് പാലസ് സ്ഥിതിചെയ്യുന്നത്. മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത പോലെ മനോഹരമാണ് സൂര്യഗഡ്. പടിഞ്ഞാറ് താർ മരുഭൂമിയുടെയും കിഴക്ക് പുരാതന നഗരമായ ജയ്‌സാൽമീറിന്‍റെയും മനോഹരദൃശ്യങ്ങള്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. മുറികള്‍ക്കുള്ളിലെ ആഡംബര ഫർണിച്ചറുകളും മുറികളില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന രജപുത്ര ഉദ്യാനങ്ങളും മുറ്റങ്ങളുമെല്ലാം രാജകീയ ചാരുതയാര്‍ന്നതാണ്. പുതുതായി നിര്‍മിച്ച കെട്ടിടമാണെങ്കിലും പഴമയുടെ ഒരു വൈബ് നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. 

മുറികളുടെ നിരക്കും വിവാഹ ചെലവും

അത്യാവശ്യം നല്ല ചെലവേറിയതാണ് ഇവിടുത്തെ താമസം. ഇവിടുത്തെ ഏറ്റവും വിലകുറഞ്ഞ മുറികൾ ഫോർട്ട് റൂമുകളാണ്, പ്രവൃത്തിദിവസങ്ങളിൽ ഇവയ്ക്ക് ഒരു ദിവസത്തേക്ക് 23,000 രൂപ മുതല്‍ മുകളിലേക്കും വാരാന്ത്യങ്ങളിൽ 36,000 രൂപയ്ക്കു മുകളിലുമാണ് നിരക്ക് വരുന്നത്. ഏറ്റവും ചെലവേറിയ മുറി ജയ്‌സാൽമർ ഹവേലിയാണ്, ഇതിന് ഒരു രാത്രിക്ക് ശരാശരി 76,000 രൂപ വരും. ബട്ട്ലർ സേവനവും സ്വകാര്യ ഇൻഫിനിറ്റി പൂളും പോലുള്ള പ്രത്യേക സേവനങ്ങള്‍ ജയ്‌സാൽമർ ഹവേലിയിലുണ്ട്.

suryagarh-palace3
Image Source: Suryagarh Palace official Site

ജയ്‌സാൽമീറിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് റിസോർട്ടാണ് സൂര്യഗ്രഹ് പാലസ്. 83 ആഡംബര അതിഥി മുറികളും ആധുനിക സൗകര്യങ്ങളുള്ള സ്യൂട്ടുകളും ഇവിടെയുണ്ട്. പൂന്തോട്ടങ്ങളും മുറ്റങ്ങളും ഉൾപ്പെടെ ആറ് വിവാഹ വേദികളും ഇവിടെയുണ്ട്.

ഇന്ത്യയുടെ സുവര്‍ണ്ണ നഗരത്തിലേക്ക്

ഇന്ത്യയുടെ സുവര്‍ണ നഗരമാണ് രാജസ്ഥാനിലെ ജയ്സാൽമീർ. താർ മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്. സംസ്കാര സമ്പന്നമായ ചരിത്രവും രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച നൂറുകണക്കിന് കോട്ടകളുമെല്ലാം ജയ്സാല്‍മീറിനെ ആകര്‍ഷകമാക്കുന്നു. ഇവിടെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാഴ്ചയാണ് ജയ്സാൽമീർ കോട്ട.

suryagarh-palace
Image Source: Suryagarh Palace official Site

ലോകത്തിലെ തന്നെ ഏറ്റവും ഭീമാകാരമായ കോട്ടകളില്‍ ഒന്നാണിത്. ആകെ ഏകദേശം 460 മീറ്റര്‍ നീളവും 230 മീറ്റർ വീതിയുമുണ്ട് ഇതിന്. 4.6 മീറ്റർ ഉയരമുള്ള മതിലാണ് കോട്ടയുടെ അടിത്തറ. സുവർണ കോട്ട എന്നാണ് ഈ കോട്ടയുടെ ഓമനപ്പേര്. താർ മരുഭൂമിയിലെ ത്രികൂട എന്ന് പേരുള്ള ഒരു കുന്നിന്മേല്‍, മഞ്ഞ നിറത്തിലുള്ള മണല്‍ക്കല്ലുപയോഗിച്ചാണ് ഗംഭീരമായ ഈ കോട്ട പണിതിരിക്കുന്നത്. വൈകുന്നേരം അസ്തമയ സമയങ്ങളില്‍ കോട്ടയ്ക്ക് മേല്‍ സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ സ്വര്‍ണം ഉരുക്കിയൊഴിച്ചതു പോലെയാണ് ആ കാഴ്ച അനുഭവപ്പെടുക. അങ്ങനെ കിട്ടിയതാണ് കോട്ടയ്ക്ക് ഈ ഓമനപ്പേര്. ഹൃദയം നിറയ്ക്കുന്ന ഈ കാഴ്ച ഒരുനോക്കു കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 

English Summary: Sidharth Malhotra, Kiara Advani wedding at Suryagarh Palace in Jaisalmer: All about this luxurious venue

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com