ADVERTISEMENT

നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് രവീണ ടണ്ടൻ. പ്രധാനമായും ബോളിവുഡിലാണെങ്കിലും  തമിഴ്, തെലുങ്ക് ഭാഷകളിലും രവീണ അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ രവീണയുടെതായി കാണാന്‍ കഴിയും. അനേകം പുരസ്കാരങ്ങളും ഇക്കാലയളവില്‍ രവീണയെ തേടിയെത്തിയിട്ടുണ്ട്. 

തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍, രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഒരു ചരിത്രസ്മാരകത്തിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോള്‍. മധ്യപ്രദേശിലെ പുരാതനമായ ഭീംബേട്ക ഗുഹകള്‍ക്കരികില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളുണ്ട്. വെള്ള കുര്‍ത്തിയും ജീന്‍സും ധരിച്ച് ഗുഹയ്ക്കരികില്‍ ഇരിക്കുന്ന രവീണയെ ചിത്രങ്ങളില്‍ കാണാം.

“ഭീംബേട്കയില്‍ നമ്മുടെ പൂർവികരുടെ കലാസൃഷ്ടികൾ കാണാൻ ചെലവഴിച്ച ഒരു ദിവസമായിരുന്നു. അവയിൽ ചിലത് പതിനായിരം വർഷം പഴക്കമുള്ളതാണ്. അവർ ജീവിച്ച രീതി, നൃത്തം, പെയിന്‍റിംഗ്, വേട്ടയാടൽ എല്ലാം അവയില്‍ കാണാം.” രവീണ പറയുന്നു. 

ഒപ്പം രാജ്യത്തിന്‍റെ പുരാതന നിധികളുടെ പവിത്രതയും ശാന്തതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പൈതൃക സ്ഥലത്തെ വൃത്തിയോടുകൂടി പരിപാലിക്കുന്നതുമായ മധ്യപ്രദേശ്‌ ടൂറിസം വകുപ്പിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട് രവീണ. നമ്മൾ തീർച്ചയായും ചരിത്രവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഒരു രാജ്യമാണ് എന്ന തിരിച്ചറിവും നടി പങ്കുവയ്ക്കുന്നു.

ഇന്ത്യയിൽ മനുഷ്യവാസത്തിന്‍റെ ഏറ്റവും പുരാതന അവശിഷ്ടങ്ങൾ കാണുന്ന ഇടമാണ് മധ്യപ്രദേശിലെ റൈസൻ ജില്ലയിലുള്ള ഭീംബേട്ക. ഭോപ്പാലിന് 45 കിലോമീറ്റർ തെക്കായി, വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് പ്രശസ്തമായ ഈ ഗുഹകള്‍. ഇവിടത്തെ ശിലായുഗ ഗുഹാചിത്രങ്ങൾക്ക് ഏകദേശം 9,000 വർഷം പഴക്കമുണ്ട്. പാണ്ഡവരിൽ ഒരാളായ ഭീമനുമായി ബന്ധപ്പെടുത്തിയാണ് ഗുഹകള്‍ക്ക് ഭീംബേട്ക എന്ന പേര് ലഭിച്ചത്. 2003 ൽ ഇത് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.

മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്. നർമദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ കാഴ്ചകളും ചരിത്ര സ്മാരകങ്ങളും കൊണ്ട് അനുഗ്രഹീതമായ ഹോഷങ്കാബാദ് ജില്ലയും ശിവന് സമർപ്പിച്ചിരിക്കുന്ന ഭോജ്പൂരിലെ അപൂര്‍ണ്ണമായ പ്രഹേളിക ക്ഷേത്രവും തടാകങ്ങളുടെ നഗരമായ ഭോപ്പാലുമെല്ലാം ഈ യാത്രയില്‍ കണ്ടുവരാം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലമാണ് ഭീംബേട്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Raveena Tandon Shares travel pictures from Madhya pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com