ഇത് യൂറോപ്പ് അല്ല, കടുത്ത വേനലിലും തണുപ്പ്: കൊടൈക്കനാലിൽ ഇങ്ങനെയും സ്ഥലങ്ങളോ?
Mail This Article
ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ കൊടൈക്കനാലിൽ വർഷം മുഴുവനും തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയാണ്. സുന്ദരകാഴ്ചകൾ മാത്രമല്ല, കൊടൈക്കനാലിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിരവധി കാരണങ്ങളുമുണ്ട്. സഞ്ചാരികൾ സ്ഥിരം കാണുന്ന ലൊക്കേഷനിൽ നിന്ന് മാറി കൊടൈക്കനാലിന്റെ ഭംഗി ആസ്വദിക്കാവുന്ന നിരവധിയിടങ്ങളുണ്ട്. മന്നവന്നൂരും വട്ടക്കനാലും. ഗ്രാമീണ സൗരഭ്യത്തിനൊപ്പം വിദേശ നാടുകളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് മന്നവന്നൂരിന്. വീക്കെന്‍ഡില്‍ മടുപ്പും ക്ഷീണവും തീര്‍ക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ എത്തിച്ചേരാവുന്ന ഇടങ്ങളിലൊന്നാണിത്. പാല്‍ പോലെ പടര്‍ന്നിറങ്ങുന്ന കോടമഞ്ഞും ചാറ്റല്‍മഴയും കിന്നാരം പറയുന്ന കുന്നിന്‍ ചെരിവുകളിലിരിക്കാം, കുളിരേന്തി വരുന്ന കാറ്റില്‍ മനസ്സും ശരീരവും തണുപ്പിക്കാം.
മന്നവന്നൂരും വട്ടക്കനാലും
നനുത്ത മഞ്ഞ് ഈർപ്പം നിറച്ച അന്തരീക്ഷം, തണുത്ത കാറ്റ്, ആ കാറ്റ് ഓളമിടുന്ന നീലജലാശയം, കുട്ടവഞ്ചി.....എല്ലാം സന്ദർശകർക്കായി മന്നവന്നൂർ ഒരുക്കുന്നുണ്ട്. ഇവയ്ക്കു പുറമെ പഞ്ഞിക്കെട്ടുകൾ പോലെ അങ്ങിങ്ങായി നീങ്ങിപ്പോകുന്ന ചെമ്മരിയാടുകളും മേഘത്തേക്കാൾ വെൺമയാർന്ന മുയൽകുഞ്ഞുങ്ങളുമെല്ലാം മന്നവന്നൂരിന്റെ ആനന്ദ കാഴ്ചകളാണ്. കുടുംബയാത്രയാണെങ്കിലും സുഹൃത്തുക്കൾക്കൊപ്പമാണെങ്കിലും നവോന്മേഷം നിറഞ്ഞു നിൽക്കുന്ന ദിനങ്ങൾക്കും യാത്ര ഉല്ലാസഭരിതമാക്കാനും മന്നവന്നൂരിലെ ദൃശ്യവിസ്മയങ്ങൾക്കു കഴിയും. ഇവിടുത്തെ കാഴ്ചകൾ കണ്ടാൽ ഏതോ വിദേശ രാജ്യത്ത് എത്തിയ പോലെ തോന്നും. സിനിമാ ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിവിടം. കൊടൈക്കനാലിൽ നിന്നു എകദേശം 32 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വശ്യമനോഹരിത ഗ്രാമത്തിൽ എത്തിച്ചേരാം.ഈ കാർഷിക ഗ്രാമം സമുദ്രനിരപ്പിൽ നിന്നു എകദേശം 6170 അടി ഉയരത്തിലാണ്.
ഇവിടുത്തെ പ്രധാന ആകർഷണം മന്നവന്നൂർ തടാകവും അതിനോട് ചേർന്നുള്ള കേന്ദ്രഗവൺമെന്റിന്റെ ചെമ്മരിയാട് ഫാമുമാണ്. കാഴ്ചയിൽ സ്വിറ്റ്സർലൻഡ് പോലെ ഇവിടെ തോന്നും. കടുത്തവേനലിലും അതിന്റെ ഭംഗിയും തണുപ്പ് ഒട്ടും കുറയാത്ത മനോഹര സ്ഥലം കൂടിയാണിത്. മന്നവന്നൂർ പോലെ സഞ്ചാരികളുടെ ഹൃദയത്തിൽ ഇടം നേടിയ മറ്റൊരു ആകർഷണം വട്ടക്കനാലാണ്.
‘ലിറ്റില്‍ ഇസ്രായേല്‍’
വട്ടക്കനാല്‍ തമിഴ്നാട്ടിലാണെങ്കിലും അവിടേക്ക് ആദ്യമായി കടന്നുചെല്ലുമ്പോള്‍ ആരും ഒന്ന് അമ്പരക്കും, ഇത് ഇന്ത്യ തന്നെ ആണോ എന്ന്. അത്രയേറെ ഇസ്രായേലി പൗരന്മാരെയാണ് ഇവിടെ കാണാനാവുക. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ നിരവധി റെസ്റ്റോറന്റുകളും കഫേകളും ഇസ്രായേലി വിഭവങ്ങൾ വിളമ്പുന്നു. ‘ലിറ്റില്‍ ഇസ്രായേല്‍’ എന്നൊരു വിളിപ്പേരുമുണ്ട്, വട്ടക്കനാലിന്.കൊടൈക്കനാലിലെ മറ്റു സ്ഥലങ്ങളിൽ നിന്നു വ്യത്യസ്ഥമാണ് വട്ടക്കനാൽ.
ഇസ്രായേലികള്‍ മാത്രമല്ല, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണം നാട്ടുകാരെക്കാള്‍ കൂടുതലാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന ഒട്ടേറെ ബാറുകളും ക്ലബ്ബുകളും ഇവിടെയുണ്ട്. വളരെയധികം വര്‍ണ്ണാഭമായ രാത്രിജീവിതവും വട്ടക്കനാലിന്‍റെ സവിശേഷതയാണ്.
ബാക്ക്പാക്കർമാർക്കിടയിൽ വട്ട എന്നാണ് വട്ടക്കനാലിന്‍റെ ഓമനപ്പേര്. കൊടൈക്കനാലിൽ നിന്ന് ഒരു ഏഴു കിലോമീറ്റര്‍ പോയാല്‍ മതി ഈ മനോഹരമായ ഹില്‍സ്റ്റേഷനിലെത്താന്‍. കൊടൈക്കനാൽ ടൗണിൽ നിന്നും പില്ലര്‍ റോക്ക്, സൂയിസൈഡ് പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയിൽ, അൽപം മുന്നോട്ടു പോയശേഷം, വാക്സ് മ്യൂസിയം എത്തുന്നതിന് മുമ്പ് ഇടത്തോട്ട് തിരിഞ്ഞാൽ വട്ടക്കനാലിൽ എത്താം.
വട്ടക്കനാല്‍ വെള്ളച്ചാട്ടവും ട്രെക്കിങ്ങും
ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വട്ടക്കനാലിലെ വെള്ളച്ചാട്ടം. ഡോൾഫിൻ നോസിലേക്കും എക്കോ പോയിന്റിലേക്കും പോകുന്ന വഴിയിലാണ് വെള്ളച്ചാട്ടമുള്ളത്. ഇവിടെ കുറച്ചുനേരം ഇരുന്നു വിശ്രമിച്ച ശേഷം, ഡോള്‍ഫിന്‍ നോസിലേക്ക് ട്രെക്കിങ് നടത്താം.
English Summary: Hidden places in Kodaikanal