ഇത് ഇടുക്കിയിലെ അറിയപ്പെടാത്ത പഞ്ചരത്നങ്ങൾ; കാണാതെ പോകരുത് ഇൗ സ്ഥലങ്ങൾ
Mail This Article
ആള്‍ത്തിരക്ക് കുറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇടുക്കിയില്‍ ധാരാളമുണ്ട്. വിനോദ സഞ്ചാര സാധ്യതകള്‍ കൂടുന്നതോടെ വരുന്ന കാലത്ത് ഇത്തരം ഇടങ്ങളും സഞ്ചാരികളുടെ സ്ഥിരം യാത്രാ ഭൂപടങ്ങളില്‍ സ്ഥാനം പിടിക്കും. ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നതും പ്രശസ്തമായിക്കൊണ്ടിരിക്കുന്നതുമായ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
1. പെട്ടിമുടി ഹിൽ ടോപ്
അടിമാലിയില്‍ നിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കിടിലനൊരു ടൂറിസ്റ്റ് സ്പോട്ടാണ് പെട്ടിമുടി ഹിൽ ടോപ്. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്ക് ഒരു ദിവസത്തെ പിക്നിക്കിനു പറ്റിയ സ്ഥലമാണ് ഇവിടം.
ആള്‍പ്പൊക്കമുള്ള പുല്ലുകള്‍ക്കും കാടിനുമിടയിലൂടെ കുത്തനെ ഉള്ള 2 മലകൾ കയറി ഇറങ്ങിയാൽ പെട്ടിമുടിയുടെ ഏറ്റവും മുകളില്‍ എത്താം. ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ അടിമാലി ടൗണും ചുറ്റും കോട മഞ്ഞു പൊതിഞ്ഞ മനോഹരമായ മലകളും പച്ചപ്പുമെല്ലാം കാണാം.
2. പുന്നയാർ വെള്ളച്ചാട്ടം
തൂവെള്ളനിറത്തില്‍ പാല്‍നുര പോലെ പതഞ്ഞൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയുടെയും മനം കവരും എന്നതില്‍ സംശയമില്ല. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ കഞ്ഞിക്കുഴിയില്‍, വണ്ണപ്പുറം ചേലച്ചുവട് സംസ്ഥാനപാതയിലാണ് ഈ വെള്ളച്ചാട്ടം. മഴക്കാലത്ത് ഇടുക്കി അണക്കെട്ട് കാണാനെത്തുന്ന സഞ്ചാരികളിലേറെയും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ എടുക്കുന്നതും പതിവാണ്.
3. കൊളുക്കുമലൈ
സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായാണ് കൊളുക്കു മല സ്ഥിതി ചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് കേരളത്തിൽ നിന്നും റോഡ് മാര്‍ഗം എത്താം. പ്രശസ്തമായ മീശപുലിമല, തിപ്പാടമല എന്നീ മലകളും കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാക്ടറി ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങളും കൊളുക്കുമലയിലാണ് ഉള്ളത്
4. മാമലകണ്ടം
എറണാകുളം ജില്ല, ഇടുക്കിയുമായി അതിർത്തി പങ്കിടുന്ന കുട്ടൻപുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. എറണാകുളത്ത് നിന്നും ഏകദേശം 80 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.മോഹന്‍ലാല്‍ അഭിനയിച്ച 'പുലിമുരുകൻ'എന്ന ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. കോതമംഗലത്തുനിന്നും തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി വഴി മാമലക്കണ്ടത്തെത്താം. കൊടും കാടിന് നടുവിലുള്ള ഗ്രാമമായതിനാല്‍ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് മാമലകണ്ടം. പോകുന്ന വഴിയിൽ ആദിവാസികളുടെ ഊരുകള്‍ കാണാം. മുനിയറ, കോയിനിപ്പറ ഹിൽസ്, കല്ലടി വെള്ളച്ചാട്ടം, ഞണ്ടുകുളം ഹിൽസ്, ആവാറുകുട്ടി എന്നിവയും ഇതിനടുത്ത് സന്ദര്‍ശിക്കാം.
5. തൂവാനം വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി, ജൈവസമൃദ്ധമായ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവനും ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കാം. വെള്ളച്ചാട്ടത്തിനടുത്തായി സഞ്ചാരികള്‍ക്ക് നടക്കാന്‍ പറ്റുന്ന ട്രക്കിങ് ട്രെയിലുകളുണ്ട്. കരിമുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ് വെള്ളച്ചാട്ടത്തിനടുത്ത് അവസാനിക്കുന്നു.
വന്യജീവികളെയും മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുകളുമുണ്ട്. ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്തുന്നത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങാനും കുളിക്കുവാനുമൊക്കെ സൗകര്യമുണ്ട്. മൂന്നാറിൽ നിന്നും മറയൂർ-ചിന്നാർ വഴി വന്യജീവി സങ്കേതത്തിലെത്താം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
English Summary: Idukki Tourist Places