തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് 'നോൺ സ്റ്റോപ്പ് ട്രെയിൻ' റെക്കോർഡ് നഷ്ടമാകുന്നു

Mail This Article
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരത്തില്‍ നിര്‍ത്താതെ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന പദവി തിരുവനന്തപുരം ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിന് നഷ്ടമാവുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ രത്ലം ജംങ്ഷനില്‍ തിരുവനന്തപുരം ന്യൂഡല്‍ഹി രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതോടെയാണ് രാജധാനിക്ക് പദവി നഷ്ടമായത്. ഇതോടെ മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനിക്കു നിര്‍ത്താതെ കൂടുതല്‍ ദൂരം പോവുന്ന ഇന്ത്യയിലെ ട്രെയിന്‍ എന്ന റെക്കോഡ് സ്വന്തമായി.
ആഴ്ച്ചയില്‍ മൂന്നു തവണ ഓടുന്ന തിരുവനന്തപുരം രാജധാനിക്ക്(ട്രെയിന്‍ നമ്പര്‍: 12431/12432) വഡോദര- കോട്ടക്കും ഇടയില്‍ സ്റ്റോപ്പില്ല. ആറ് മണിക്കൂര്‍ 45 മിനിറ്റെടുത്താണ് വഡോദരക്കും കോട്ടക്കും ഇടയിലെ 528 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത്. ഇതിനിടയിലാണ് രത്ലം ജംങ്ഷനില്‍ രാജധാനിക്ക് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
ഏകദേശം വഡോദരക്കും കോട്ടക്കും(528 കി.മീ) ഇടയിലെ ദൂരമാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്(587 കി.മീ) വരെയുള്ളത്. തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിന്‍ ഈ ദൂരം ഏഴു മണിക്കൂര്‍ 12 മിനിറ്റു കൊണ്ടാണു മറികടക്കുന്നത്. എന്നാല്‍ ഇതിനിടെ വന്ദേഭാരതിന് 7 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്.
കോവിഡിനു ശേഷം ട്രെയിന്‍ ടൈംടേബിളില്‍ പ്രായോഗിക രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തുന്നതെന്നും സ്റ്റോപ്പുകള്‍ അനുവദിക്കുന്നതെന്നും തിരുവനന്തപുരം ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് മാല്‍വ മേഖലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്.
ഇന്ത്യയില്‍ നിര്‍ത്താതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനെന്ന പേര് ഇതോടെ മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനിക്കായിട്ടുണ്ട്. ന്യൂഡല്‍ഹി മുതല്‍ കോട്ട വരെയുള്ള 465 കിലോമീറ്റര്‍ ദൂരം അഞ്ചു മണിക്കൂര്‍ പത്തു മിനിറ്റു കൊണ്ടാണ് മുംബൈ രാജധാനി ഒറ്റയടിക്ക് ഓടിയെത്തുന്നത്. കൂടുതല്‍ യാത്രികര്‍ ഉപയോഗിക്കുന്നുവെന്നു കണ്ടാല്‍ രത്ലം ജംങ്ഷനിലെ രാജധാനിയുടെ സ്റ്റോപ് റെയില്‍വേ സ്ഥിരമാക്കും. അങ്ങനെ സംഭവിച്ചാല്‍ മധ്യപ്രദേശിലെ മാത്രമല്ല കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേയും യാത്രികര്‍ക്കും പുതിയ സ്റ്റോപ് അനുഗ്രഹമാവുമെന്നാണ് കരുതപ്പെടുന്നത്.
Content Summary : Thiruvananthapuram Rajdhani Express set to lose its longest 'non-stop train' record.