ജലദേവതയ്ക്ക് നന്ദി, ലോയ് ക്രതോങ് ആഘോഷത്തിൽ വിസ്മയ മോഹൻലാൽ
Mail This Article
ഓരോ രാജ്യത്തിനും അവരുടേതായ സംസ്കാരവും ആഘോഷവും ഒക്കെയുണ്ടായിരിക്കും. അതിൽ പങ്കാളികളാൻ നിരവധി ആളുകളാണ് ആ സമയത്ത് അവിടേക്ക് എത്തിച്ചേരുക. ഇത്തരത്തിൽ തായ്ലൻഡിലെ ലോയ് ക്രതോങ് ആഘോഷങ്ങളിൽ പങ്കാളി ആയിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ഇൻസ്റ്റഗ്രാമിലാണ് വിസ്മയ ലോയ് ക്രതോങ്ങിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ പങ്കുവച്ചത്.
തായ്ലൻഡിലെ ഏറ്റവും ആകർഷകമായ ആഘോഷങ്ങളിൽ ഒന്നാണ് ലോയ് ക്രതോങ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമാണ് ഈ ഉത്സവ ആഘോഷത്തിന് ഉള്ളത്. പുരാതന സുഖോതായി കാലഘട്ടത്തിൽ ഉത്ഭവിച്ചതാണ് ഈ ഉത്സവം എന്നാണ് കണക്കാക്കുന്നത്. അതായത്, 1238 - 1438 കാലഘട്ടത്തിൽ. ഹിന്ദു - ബുദ്ധ പാരമ്പര്യങ്ങൾ മനോഹരമായി ഈ ഉത്സവത്തിൽ ഇഴുകി ചേർന്നിരിക്കുന്നു.
സുഖോതായി കാലഘട്ടത്തിൽ ജലദേവതയായ മേ കോങ്കയെ ആരാധിക്കുന്ന ഒരു ബ്രാഹ്മണ ആചാരമായാണ് ഈ ഉത്സവം ആരംഭിച്ചത്. ക്രതോങ്ങുകൾ ഉണ്ടാക്കുന്നത് തന്നെ വളരെ ഭംഗിയായാണ്. വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന വിധത്തിലാണ് ക്രതോങ്ങുകൾ ഉണ്ടാക്കുന്നത്. വാഴയില, പൂക്കൾ, മെഴുകുതിരികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ക്രതോങ്ങുകൾ ഉണ്ടാക്കുന്നത്.
ജലദേവതയോടുള്ള നന്ദിയുടെ പ്രതീകമായും ഒരു വർഷമുടനീളം എന്തെങ്കിലും മലിനീകരണം പുഴയിൽ നടന്നിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് ചോദിക്കാനുമായിരുന്നു ക്രതോങ് ഒഴുക്കിയുള്ള ഈ ആഘോഷം. കാലം ഒരുപാട് കഴിഞ്ഞതോടെ ലോയ് ക്രതോങ് പ്രാദേശിക വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി. തായ്ലൻഡിന്റെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി ഇത് മാറി. ഭാഗ്യം, സമൃദ്ധി, പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരം എന്നിവയ്ക്കു വേണ്ടിയുള്ള പ്രാർഥനയായും ഈ ആചാരം മാറി. ഇത് മതപരമായ ഒരു ആചാരം എന്നതിനേക്കാൾ ആളുകൾക്ക് ഒത്തുകൂടാനും വെള്ളത്തോടും പ്രകൃതിയോടുമുള്ള അവരുടെ ബന്ധം ആഘോഷിക്കാനുമുള്ള ഒരു അവസരമാണ്. തായ്ലൻഡിൽ ഉടനീളം വളരെ ആഘോഷത്തോടെ ആണ് ഇപ്പോൾ ലോയ് ക്രതോങ് ആചരിക്കുന്നത്.