തുളസിമാല, പവിഴമാല, രുദ്രാക്ഷമാല, സ്ഫടികമാല എന്നിവ ധരിക്കുന്നതിന്റെ ഗുണങ്ങൾ
Mail This Article
വിഷ്ണു ഭക്തർ ആണ് തുളസിമാല ധരിക്കുന്നത്. മൂത്ത തുളസിയുടെ കമ്പുകൾ ചെത്തി മിനുക്കി ഉരുണ്ട മുത്തുകൾ പോലെ ആക്കി പാലിലിട്ട് ശുദ്ധി ചെയ്താണ് തുളസിമാലകൾ ധരിക്കുന്നത്. പ്രായം ചെന്നവരാണ് ഇത് അധികവും ധരിക്കുക. ശുദ്ധമായി വേണം ഇത് അണിയാൻ. അല്ലാത്ത സമയങ്ങളിൽ ഇത് ധരിക്കാൻ പാടില്ല എന്നാണ് വിശ്വാസം.
രുദ്രാക്ഷമാല ശിവഭക്തരാണ് അധികവും ധരിക്കുക. രുദ്രാക്ഷ മരത്തിന്റെ കായാണ് ഇത്. ഒന്നു മുതൽ 14 വരെ മുഖങ്ങളിൽ ഇത് ലഭ്യമാണെങ്കിലും സാധാരണ മാലയായി ലഭിക്കുന്നത് 5 മുഖ രുദ്രാക്ഷമാണ്. രുദ്രാക്ഷം ധരിച്ചാൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും മരണാനന്തരം ശിവലോകത്ത് എത്തുമെന്നുമാണ് വിശ്വാസം. ഹിമാലയത്തിലും മറ്റും തപസ്സ് ചെയ്യുന്ന സന്യാസിമാർ രുദ്രാക്ഷം ധരിക്കുന്നത് തണുപ്പിൽ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ്.സ്ഫടിക മാല ധരിക്കുന്നത് അധികവും ദേവി ഭക്തരാണ്. രുദ്രാക്ഷം ശിവനും സ്ഫടികം പാർവതിയുമായി സങ്കൽപ്പിക്കുന്നു. രുദ്രാക്ഷം ചൂടും സ്ഫടികം തണുപ്പുമാണ്. സ്ഫടികവും രു ദ്രാക്ഷവും ഇടകലർത്തിയും ധരിക്കാറുണ്ട്.
പവിഴം ചൊവ്വായുടെ രത്നമാണ്. ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും ഭക്തരാണ് ഇത് അധികവും ധരിക്കുന്നത്. ശരീര ശക്തി ലഭിക്കാനും ഉന്മേഷം ഉണ്ടാവാനുമാണ് ഇത് അധികവും ധരിക്കുക. ജാതകത്തിലെ ദോഷങ്ങൾക്ക് പരിഹാരമായും ഇത് അണിയാറുണ്ട്. സാധാരണ ഈ മലകളൊക്കെ 108 മുത്ത് വരുന്ന രീതിയിലാണ് ധരിക്കുന്നത്. അല്ലെങ്കിൽ 54 മുഖം എന്നുള്ള രീതിയിലും ധരിക്കും. ക്ഷേത്രങ്ങളിൽ പൂജിച്ച് വേണമെങ്കിലും ഇവ ധരിക്കാം.