ADVERTISEMENT

രാക്ഷസരുടെ ദുഷ്ചെയ്തികളുടെ ഭാരം താങ്ങാനാകാതെ വിവശയായ ഭൂമീദേവി ഗോരൂപം പൂണ്ട് ദേവതാപസസമേതയായി സമീപിക്കുന്നത് ബ്രഹ്മാവിനെയാണ്. എന്നാൽ, ദേവനായകൻ മഹാവിഷ്ണുവിനാണ് മാർഗോപദേശം നൽകാനാകുക എന്നാണ് ബ്രഹ്മാവിന്റെ പക്ഷം. ആഗതരെയും കൂട്ടി വിഷ്ണുദേവനെ പ്രത്യക്ഷപ്പെടുത്താനാണ് പുറപ്പാട്. ‘‘പതിനായിരം ആദിത്യന്മാരൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ’’ പുരുഷസൂക്തമന്ത്രത്താൽ വിഷ്ണുഭഗവാൻ പ്രത്യക്ഷനാകുന്നു. രാക്ഷസരാജാവായ രാവണന്റെ ദുഷ്ചെയ്തികളിലേക്കാണ് ബ്രഹ്മാദികൾ മഹാവിഷ്ണുവിന്റെ ശ്രദ്ധയെ പ്രാർഥിക്കുന്നത്. 

പണ്ട് തന്നോടു വരം നേടിയ കശ്യപപ്രജാപതി, ദശരഥൻ എന്ന പേരിൽ ഭൂമിയിലുണ്ടെന്നും ഭൂമീദേവിക്കു ഭാരമാകുന്ന ദുഷ്ടരെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹത്തിന്റെ പുത്രനായി താൻതന്നെ നരജന്മം സ്വീകരിച്ചെത്താമെന്നുമാണ് വിഷ്ണുദേവൻ നിർദേശിക്കുന്ന ഉപായം. അവതാരത്തെപ്പറ്റി വിശദമായിപ്പറയുന്ന ദേവൻ, മിഥിലയിൽ ജനകാലയത്തിൽ ദേവി ആവിർഭവിക്കുമെന്നും അറിയിക്കുന്നു. ഭൂമിയിൽ അയോധ്യാധിപതിയുടെ രാജധാനിയിലേക്കാണ് കഥയുടെ പശ്ചാത്തലം മാറുന്നത്. ശ്രേഷ്ഠഗുണസമ്പന്നനായ ദശരഥമഹാരാജാവാണ് അവിടം വാഴുന്നത്.

കൗസല്യ, കൈകേയി,സുമിത്ര എന്നീ മൂന്നു ഭാര്യമാരിലും അനന്തരാവകാശികൾ പിറക്കാതെ അനപത്യതാദുഃഖത്തിലാണ് മഹാരാജാവ്. രാജ്യധനാദികളിൽ താൽപര്യം നഷ്ടപ്പെട്ട അദ്ദേഹത്തിന് പുത്രകാമേഷ്ടീയാഗത്തിനുള്ള ഉപദേശം നൽകുന്നു രാജഗുരു വസിഷ്ഠൻ. വിഭാണ്ഡകമഹർഷിയുടെ പുത്രൻ ഋശ്യശൃംഗനെയാണ് ഇതിനായി വരുത്തേണ്ടത്. യാഗാനന്തരം ദശരഥരാജധാനിയെ ആഹ്ലാദത്തിലാറാടിച്ചു പിറക്കുന്നത് നാലുപുത്രന്മാരാണ്; കൗസല്യയ്ക്കു രാമൻ, കൈകേയിക്കു ഭരതൻ, സുമിത്രയ്ക്കു ലക്ഷ്മണനും ശത്രുഘ്നനും.

‘‘ ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക–
ലച്യുതനയോധ്യയിൽ കൗസല്യാത്മജനായാൻ.’’
പിറന്നത് അവതാരപുരുഷനാണെന്നറിയുന്ന കൗസല്യയ്ക്ക് ഭഗവാന്റെ അലൗകികരൂപം ദർശിക്കാനുമാകുന്നു. കുട്ടികൾ വളരുമ്പോൾ രാമനും ലക്ഷ്മണനും തമ്മിലും ഭരതനും ശത്രുഘ്നനും തമ്മിലും ആണ് ഗാഢബന്ധം രൂപപ്പെടുന്നത്. നാൽവരുടെയും നാമകരണം നിർവഹിക്കുന്നത് കുലഗുരുവായ വസിഷ്ഠമഹർഷിയാണ്.

English Summary:

Divine Intervention: The Birth of Lord Rama in Ayodhya

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com