ADVERTISEMENT

പാടിയാലും പറഞ്ഞാലും തീരാത്ത ശ്രീരാമകഥകൾ ഭരതനാട്യ രൂപത്തിൽ അരങ്ങിലെത്തിക്കുകയാണു തൃപ്രയാർ നടന സാത്വിക നൃത്തസംഘം. സേതുബന്ധനത്തെ ആസ്പദമാക്കി ഈ നൃത്തസംഘം ഒരുക്കിയ നൃത്താവതരണം രാമായണ മാസാരംഭത്തിൽ തൃപ്രയാർ ക്ഷേത്രത്തിൽ അവതരിപ്പിക്കും. നൃത്താധ്യാപികയായ ഉഷ ഫ്രെഡിയുടെ ചിട്ടപ്പെടുത്തലിൽ ഇരുപതോളം ശിഷ്യർ ചേർന്ന് ഇത്തവണ അരങ്ങിലെത്തിക്കുന്ന നൃത്താവതരണത്തിനു തൃപ്രയാർ ചെമ്മാപ്പിള്ളിയിൽ സേതുബന്ധനത്തെ ആധാരമാക്കി നടക്കുന്ന ചിറകെട്ടോണം എന്ന ചടങ്ങിനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഗുരുകുല മാതൃകയിൽ കുട്ടികളെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിച്ചാണ് ഉഷ ഫ്രെഡി നൃത്തരൂപം തയാറാക്കിയത്. 

കൊച്ചിയിലായിരുന്ന ഉഷ 25 വർഷം മുൻപാണു ഭാരതീയ വിദ്യാമന്ദിർ സ്കൂളിലേക്കു സ്ഥലം മാറി വരുന്നത്. അങ്ങനെ ശ്രീരാമസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള പ്രാധാന്യം മനസ്സിലാക്കി, ഏകാദശിക്കു കുട്ടികളെ ഉൾപ്പെടുത്തി നൃത്ത പരിപാടി ചെയ്തു. അവിടുന്ന് ഇങ്ങോട്ട് എല്ലാ വർഷവും ഏകാദശി തലേന്നു നടക്കുന്ന ദശമി വിളക്കിനു ക്ഷേത്രത്തിൽ പരിപാടികൾ അവതരിപ്പിച്ചു. നൃത്തം അഭ്യസിക്കാൻ കൂടുതൽ കുട്ടികളും എത്തി.

Thriprayar Natana Satvika: A Dance Group Keeping the Spirit of Ramayana Alive
ചിത്രം: ഉണ്ണി കോട്ടയ്ക്കൽ∙ മനോരമ

ക്ലാസിക്കൽ നൃത്താവതരണത്തിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചനയാണു തുടർച്ചയായി ഒന്നു മുതൽ 2 മണിക്കൂർ വരെ കഥാപാത്രങ്ങളും സംഭാഷണങ്ങളും കഥയും ഉൾപ്പെടുത്തിയുള്ള നൃത്താവിഷ്കാരം പരിചയപ്പെടുത്തിയതിനു പിന്നിൽ. 2012ൽ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീചക്ര പൂജയോട് അനുബന്ധിച്ച് ആദ്യമായി ശ്രീരാമസഹസ്രനാമം മോഹിനിയാട്ട രൂപത്തിൽ 17 കുട്ടികളെ വച്ച് അവതരിപ്പിച്ചിരുന്നു. അതിനു സംഗീതം നൽകിയതു സംഗീത സംവിധായകൻ ബിജിപാൽ ആയിരുന്നു. പിന്നീടു കർക്കടക മാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, പുതുതായി നൃത്തം കംപോസ് ചെയ്ത് വിഡിയോ ഇറക്കിത്തുടങ്ങി. അതു കൂടുതലായും ആളുകളിലേക്ക് എത്തി.

Thriprayar Natana Satvika: A Dance Group Keeping the Spirit of Ramayana Alive
ചിത്രം: ഉണ്ണി കോട്ടയ്ക്കൽ∙ മനോരമ

കോവിഡ് കാലത്തു 30 ദിവസവും 5, 6 മിനിറ്റിന്റെ നൃത്ത വിഡിയോ ഇറക്കിയിരുന്നു. രാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെ അതിൽ അവതരിപ്പിച്ചു. 2019ൽ 150 കുട്ടികളെ വച്ച് സുന്ദരകാണ്ഡത്തിന്റെ പ്രമോ വിലങ്ങൻക്കുന്നിൽ വച്ചു ചെയ്തിരുന്നു. 2017 മുതൽ അതിന്റെ ജോലി ആരംഭിച്ചതാണ്. പിന്നീട് കോവിഡ് കാരണം നിന്നുപോയി. ആ നൃത്തരൂപം പൂർത്തിയാക്കി വേദിയിൽ അവതരിപ്പിക്കണം എന്നതു തന്നെയാണു നൃത്ത സംഘത്തിന്റെ ലക്ഷ്യമെന്നും ഉഷ പറയുന്നു.

Thriprayar Natana Satvika: A Dance Group Keeping the Spirit of Ramayana Alive
ചിത്രം: ഉണ്ണി കോട്ടയ്ക്കൽ∙ മനോരമ
English Summary:

Thriprayar Natana Satvika: A Dance Group Keeping the Spirit of Ramayana Alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com