ADVERTISEMENT

സകലചരാചരങ്ങൾക്കും ഗുരുവായ ഭഗവാന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന വസിഷ്ഠന്റെ മഹാഭാഗ്യത്തെപ്പറ്റി എന്തു പറയാൻ! മനോരഞ്ജകരായ കുമാരന്മാർക്കൊപ്പം അയോധ്യയുടെ ആഹ്ലാദവും വളർന്നുവരുമ്പോഴാണ് വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം. ലക്ഷ്യം പലതാണ്; തന്റെ യാഗങ്ങൾ മുടക്കുന്ന ദുഷ്ടാസുരരെ നേരിടാൻ രാമലക്ഷ്മണന്മാരെ ഒപ്പം കൂട്ടണം. രാമനായി ഭൂമിയൽ ജനിച്ച ഈശ്വരനെ ദർശിക്കുകയെന്ന ആഹ്ലാദമാണ് അതിലുപരി ഉള്ളിൽ അലതല്ലുന്നത്. വിശേഷേണ ഗ്രഹിക്കാൻ സിദ്ധിയുള്ളവരാണല്ലോ തപസ്വികൾ. ക്ഷിപ്രകോപിയായ വിശ്വാമിത്രന്റെ ആഗമനോദ്ദേശ്യം അറിയുമ്പോൾ അളവറ്റ ധർമസങ്കടമാണ് രാജാവിന്; പുത്രന്മാരെ വനത്തിലേക്കയയ്ക്കാൻ ഭയം, വിശ്വാമിത്രന്റെ കോപാഗ്നിയെ അതിലേറെ ഭയം.  

രാമൻ വിഷ്ണുതന്നെയെന്നും ലക്ഷ്മണൻ ശേഷനും ഭരതശത്രുഘ്നന്മാർ ശംഖചക്രങ്ങളെന്നും വ്യക്തമാക്കി മഹാരാജാവിന്റെ മനസ്താപം അകറ്റുന്നതും മഹാജ്ഞാനിയായ ഗുരുതന്നെ. വസിഷ്ഠവചനങ്ങൾ തണുത്തകാറ്റായി രാജഹൃദയതാപം കെടുത്തുന്നു. യോഗമായേദേവി മിഥിലയിൽ അവതരിച്ചിട്ടുണ്ടെന്നും ശ്രീരാമസീതാസംഗമവും വിശ്വാമിത്രന്റെ ദൗത്യത്തിലുണ്ടെന്നും ഗുരുവിൽനിന്നു കേൾക്കാനാകുന്നു. കൊട്ടാരത്തിൽ വളരുന്ന കുമാരന്മാരെ കാത്തിരിക്കുന്ന കാനനനവാസം ജ്ഞാനദൃഷ്ടിയാൽ കണ്ടിട്ടുണ്ടാകണം വിശ്വാമിത്രൻ.കാനനത്തിലേക്ക് ഒപ്പംപോരുന്ന കുമാരന്മാർക്ക് വിശപ്പും ദാഹവും അതിജീവിക്കാൻ സഹായകമായ ബല,അതിബല മന്ത്രങ്ങളാണല്ലോ യാത്രാരംഭത്തിൽതന്നെ അദ്ദേഹം പകർന്നുനൽകുന്നത്.

താടകാവധം, അഹല്യാമോക്ഷം തുടങ്ങി അവതാരലക്ഷ്യങ്ങളോരോന്നിലേക്ക് ശ്രീരാമചന്ദ്രനെ വഴിനടത്തേണ്ടതുണ്ട് വിശ്വാമിത്രന്. ഗംഗാനദി കടന്ന് താടകാവനത്തിലേക്കാണ് ആദ്യപ്രവേശം. യഥേഷ്ടം രൂപം മാറ്റാൻ കഴിയുന്ന ഘോരരാക്ഷസി, മല ചിറകറ്റുവീഴുംപോലെയാണ് രാമബാണമേറ്റു പതിക്കുന്നത്. സ്വർണരത്നാഭരണഭൂഷിതയായി സുന്ദരിയായ ആ യക്ഷി ശാപമുക്തയായി രാമാനുജ്ഞയാ സ്വർലോകത്തേക്ക്.കുമാരന്മാർക്ക് ദിവ്യാസ്ത്രങ്ങൾ ഉപദേശിച്ച് വിശ്വാമിത്ര മഹർഷി അവർക്കൊപ്പം അന്നു തങ്ങുന്നത് ശിവൻ തപസ്സനുഷ്ഠിച്ച് കാമദഹനം നടത്തിയ കാമാശ്രമത്തിലാണ്. പുലരുമ്പോൾ യാത്ര തുടരുന്നത് വിശ്വാമിത്രന്റെ സ്വന്തം ആശ്രമമായ സിദ്ധാശ്രമത്തിലേക്കും.

English Summary:

Sage Vishwamitra's Visit to Ayodhya: Guiding Rama and Lakshman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com