ADVERTISEMENT

പലവിധ വിഷവസ്തുക്കളും ശരീരത്തിലെത്താൻ സാധ്യതയുള്ള കാലമാണ് കർക്കടകം. ചെടികളിലും മറ്റും അഴുക്കുകളും വിഷവസ്തുക്കളും പറ്റിയിരിക്കും. ചെടികൾക്കിടയിൽ ധാരാളം കീടങ്ങളും കണ്ടേക്കാം. അതുകൊണ്ട് ഇലക്കറികളും മറ്റു പച്ചക്കറികളും ശ്രദ്ധിച്ചു കഴുകി ഉപയോഗിക്കണം. 

വർഷക്കാലത്തു വിഷജന്യമായ പല അലർജിയും  കാണപ്പെടും. ഇതിൽ നിന്നു ശരീരത്തെ രക്ഷിക്കാനായി ആയുർവേദം ചില ഭക്ഷണരീതികൾ നിർദേശിക്കുന്നുണ്ട്. മരുന്നുകഞ്ഞിയും പത്തിലക്കറിയും ഉപയോഗിക്കേണ്ട സമയമാണ് ഇത്. താള്, തകര, തഴുതാമ, ചേന, കുമ്പളം, ചീര, പയർ, മത്തൻ, കൊടിത്തൂവ എന്നിവയാണു പത്തിലകളിൽ പെടുന്നത്. ചിലയിടങ്ങളിൽ ലഭ്യതയ്ക്ക് അനുസരിച്ചു മറ്റു ചില ഇലകൾ ഉപയോഗിക്കാം. വേലിച്ചീര, മണിത്തക്കാളി ഇല എന്നിവ ഉദാഹണം. ഇവ ലഭിക്കുന്ന മുറയ്ക്ക് ഉപയോഗിക്കുക എന്നതാണു പ്രായോഗികം.

∙കർക്കടകത്തിൽ തൊടിയിൽ നിന്നു പറിച്ചെടുക്കാവുന്ന മരുന്നുചെടികൾ ഉപയോഗിക്കാം എന്നാണ് ആയുർവേദം പറയുന്നത്. ദശപുഷ്പത്തിന്റെ പ്രാധാന്യം ഇപ്രകാരമാണ്. പറമ്പുകളിൽ ധാരാളമായി കാണുന്ന 10 ഔഷധങ്ങളുടെ കൂട്ടാണ് ദശപുഷ്പങ്ങൾ.

പൂവാൻകുരുന്നില : പനിയുളളപ്പോൾ പൂവാൻകുരുന്നില സമൂലം എടുത്തു കഷായം വച്ചു കൊടുക്കാറുണ്ട്. ഇതിന്റെ ഇലയും ചന്ദനവും ചതച്ച് പാലിലിട്ട് ആ പാൽ കണ്ണിൽ ഒഴിക്കുന്നതു ചെങ്കണ്ണിനു നല്ലതാണ്. തേൾ വിഷത്തിനും മൂത്രതടസ്സത്തിനും നല്ല ഔഷധം. 

മുയൽചെവി: ഇലയുടെ നീര് കണ്ണിൽ ഉണ്ടാകുന്ന അസുഖങ്ങൾ മാറ്റുകയും കണ്ണിന് കുളിർമ നൽകുകയും ചെയ്യും. സമൂലം അരച്ച് മോരിൽ കലക്കി കുടിച്ചാൽ രക്താർശ്ശസ്സ്‌ ശമിക്കും.

വിഷ്ണുക്രാന്തി : തലച്ചോറിന്റെ ബലഹീനതകൾ ഇല്ലാതാകാൻ ഇത്  ഉപകരിക്കും. സമൂലം എടുത്ത് ഇടിച്ചു പിഴിഞ്ഞ് നീര് നെയ്യും ചേർത്തു കഴിക്കുന്നത് ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നിവയ്ക്കു ഫലപ്രദം.

കറുക: ഉന്മാദം, അപസ്മാരം എന്നിവയ്ക്കു കറുകനീര്‌ പതിവായി ഉപയോഗിക്കുന്നതു നല്ലത്.

കയ്യോന്നി: എള്ളെണ്ണയിൽ കാച്ചി തലയിൽ തേയ്ക്കുന്നത് തലവേദന, മുടികൊഴിച്ചിൽ, കാഴ്ചക്കുറവ് എന്നിവയ്ക്കു നല്ലതാണ്.

ഉഴിഞ്ഞ: സുഖപ്രസവത്തിന് നല്ലതാണ്. ഉഴിഞ്ഞയിലയിട്ട് എണ്ണ കാച്ചി തേച്ചാൽ മുടി വളരും. ഇല വെള്ളത്തിലിട്ടു ഞവിടി പിഴിഞ്ഞ് ആ വെള്ളം കൊണ്ട് തല കഴുകിയാൽ മുടി ശുദ്ധമാകും.

തിരുതാളി: സ്ത്രീകളിലെ വന്ധ്യതയ്ക്കു തിരുതാളി അരച്ച് പാലിൽ കലക്കി കുടിക്കുന്നതു നല്ലതാണ്.

നിലപ്പന: ഇതിന്റെ വേര് ഉണക്കിപ്പൊടിച്ചു തേനിലോ പാലിലോ ചേർത്തു കഴിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ, പുരുഷൻമാരിലെ ലൈംഗികദൗർബല്യം എന്നിവ ശമിക്കും.

മുക്കുറ്റി: ഗുഹ്യരോഗങ്ങൾക്ക് നല്ല ഔഷധമാണ്. പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാക്കുന്നതിനും വയറിളക്കത്തിനും ഈ ഔഷധസേവ നല്ലതാണ്.

ചെറൂള: സുഖപ്രസവത്തിന് ഉപയോഗിക്കുന്നു. മൂത്രക്കല്ല് ശമിപ്പിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

ശരീരത്തിൽ അനുകൂല ഊർജങ്ങൾ പ്രസരിപ്പിക്കും എന്നതിനാലാണു ദശപുഷ്പങ്ങൾ ധരിക്കുന്നതു നല്ലതാണെന്നു പറയുന്നത്. അലർജി, മൈഗ്രേൻ, മാനസിക സംഘർഷം എന്നിവയ്ക്കു ദശപുഷ്‌പാദി ഗുളിക നല്ലതാണ്. മത്സ്യം കുത്തിയാൽ ഉണ്ടാകുന്ന വേദനയ്ക്കും വിഷത്തിനും ദശപുഷ്പ്പാദി തൈലം പുരട്ടാം. എലി കടിച്ചാൽ ദശപുഷ്പം പാലിൽ വേവിച്ചു പുറമേ തേച്ചാൽ മതി.

വീട്ടുമുറ്റത്ത് ഇവ നട്ടുനനയ്ക്കുന്നതാണു നല്ലത്. രോഗങ്ങൾ ശമിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യത്തെ സംരക്ഷിക്കുന്നതിലാണ് ആയുർവേദത്തിന്റെ പ്രാധാന്യം. കർക്കടകം അതിന് ഏറ്റവും അനുയോജ്യമായ കാലമാണ്.‍

English Summary:

The Healing Power of Dashapushpam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com