ADVERTISEMENT

മഹർഷി കാട്ടിയ ശിലാരൂപത്തിലേക്ക് പാദാംബുജം മെല്ലെ സ്പർശിച്ച് ‘‘ഞാൻ രാമനാണ്’’ എന്നു സ്വയം പരിചയപ്പെടുത്തി മുനിപത്നിയെ ആഹ്ലാദപൂർവം വണങ്ങിനിൽക്കുന്ന ആ തേജോമയരൂപം ഹൃദയത്തെ കുളിരണിയിക്കുന്നു. അഹല്യാഹൃദയത്തിലെ ആഹ്ലാദാതിരേകം അവർണനീയമാണ്. പീതവസ്ത്രധാരിയായി, ശ്രീവത്സവക്ഷസ്സോടുകൂടി, ഇന്ദ്രനീലസമാനഗാത്രനായി, താമരയിതൾനേത്രനായി ഭഗവദ്‌രൂപത്തെ ദർശിക്കുന്ന ആ കണ്ണുകൾക്ക് ആനന്ദാശ്രുക്കൾ തടയാനാകുന്നില്ല.ആഹ്ലാദവാരിധിയിൽ മുങ്ങിയ ആ മനസ്സിൽനിന്ന് ഗദ്ഗദം കലർന്ന അക്ഷരങ്ങളിൽ ഭഗവൽസ്തുതീപ്രവാഹം. പവിത്രയായ അഹല്യ, ഭഗവാന്റെ അനുജ്ഞയോടെ പതീസാമീപ്യത്തിലേക്ക്. 

വിശ്വാമിത്രൻ കുമാരന്മാരെ മിഥുലാപുരിയിലേക്ക് ആനയിക്കാനുള്ള തിടുക്കത്തിലാണ്. ചന്ദ്രസൂര്യന്മാരുടെ ശോഭയോടെ വിളങ്ങുന്ന ഈ കുമാരന്മാർ ആരെന്നറിയാൻ ഉദ്വേഗമാണ് അവരെത്തുമ്പോൾ ജനകമഹാരാജാവിന്. രാജസൽക്കാരാനന്തരം വിശ്വാമിത്രന്റെ ആഗ്രഹപ്രകാരം കുമാരന്മാർക്കു കാണുന്നതിനായി ശൈവചാപം രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു. ചാപവാഹകരും അയ്യായിരം കിങ്കരന്മാരും ചേർന്ന് കൊണ്ടുവരുന്ന ആ ത്രൈയംബകത്തിന്റെ മഹത്വഗാംഭീര്യങ്ങൾ വിവരിക്കേണ്ടതുണ്ടോ? വില്ലെടുത്തു കുലച്ചുവലിക്കാമോ എന്ന് മന്ത്രീന്ദ്രൻ ചോദിക്കുമ്പോൾ ‘‘ആവതു ചെയ്താലും’’ എന്നാണ് വിശ്വാമിത്രൻ ശ്രീരാമചന്ദ്രന് നൽകുന്ന അനുജ്ഞ.

ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരൻ അനായാസം ചാപഭഞ്ജനം നടത്തുമ്പോൾ അതിന്റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും. ഇടിവെട്ടുംപോലെയുള്ള ആ ഒച്ചയിൽ മറ്റു രാജാക്കന്മാരെല്ലാം ഉരഗങ്ങളെപ്പോലെ നടുങ്ങുന്നു. പ്രപഞ്ചം നിറയുന്ന ആഹ്ലാദഘോഷമാണ് മിഥിലാപുരിയിലെങ്ങും. മിഥിലയുടെ രാജകുമാരിയാകട്ടെ മാരന്റെ വരവറിഞ്ഞിട്ടാകാം, സന്തോഷത്താൽ മയിൽപ്പേടയെപ്പോലെ.
ആ താമരനയനന്റെ മുന്നിലേക്ക് ആനയിക്കപ്പെടുന്ന ദേവി, നീലോൽപലകാന്തിയെഴുന്ന ദേവനെ വരണാർഥമാല അണിയിക്കുംമുൻപേ കടാക്ഷമാല അണിയിക്കുന്ന രംഗം ഹർഷപുളകം സമ്മാനിക്കുന്നതുതന്നെ.
 

English Summary:

Lord Rama and the Legendary Bow of Saivachapam: An Epic Tale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com