വജ്രായുധമാകുന്ന വാക്കുകൾ
Mail This Article
രാജ്യപരിപാലനം രാമനെയേൽപിക്കാൻ സമയമായെന്ന ചിന്ത, ദശരഥൻ പങ്കുവയ്ക്കുന്നത് വസിഷ്ഠഗുരുവിനോടാണ്. മാതുലനെ കാണാൻ പോയ ഭരതശത്രുഘ്നന്മാർ മടങ്ങിയെത്തിയിട്ടില്ലെന്നതു നേരാണ്; എങ്കിലും അടുത്തൊരു ദിവസം പുഷ്യനക്ഷത്രത്തിലെ പുണ്യമുഹൂർത്തമാകയാൽ അഭിഷേകം നടത്തുകതന്നെ. ആഘോഷവും ആവശ്യമായ ഒരുക്കങ്ങളും ഗുരുവിന്റെ ചുമതലയിലാകണം. അദ്ദേഹം പറയുന്നതെല്ലാം എത്തിച്ചുകൊടുക്കാൻ തന്റെ സാരഥിയായ സുമന്ത്രരെ ചട്ടംകെട്ടുകയും ചെയ്യുന്നു മഹാരാജാവ്. രാജകീയമായ ഒരുക്കങ്ങളുടെ സൂക്ഷ്മാംശങ്ങൾ പോലും സുമന്ത്രരോടു വിശദീകരിച്ച് വസിഷ്ഠൻ ഗുരുസ്ഥാനത്തിന്റെ മഹത്വമേറ്റുന്നു.
അഭിഷേകവൃത്താന്തം അറിയിക്കുക എന്ന നിയോഗവുമായി ശ്രീരാമചന്ദ്രന്നരികിലെത്തുമ്പോഴാകട്ടെ രാമൻ ഗുരുവും താൻ ശിഷ്യനും എന്ന മട്ടിലാണ് വസിഷ്ഠന്റെ സംഭാഷണം. മനുഷ്യാവതാരം ജഗദീശ്വരന്റേതാണെന്ന സത്യം ഓർമപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട് അദ്ദേഹത്തിന്. വാസ്തവത്തിൽ ഭഗവൽബാന്ധവം കാംക്ഷിച്ചാണ് താൻ പുരോഹിതവേഷം ധരിച്ചതുപോലും.
ശ്രീരാമാഭിഷേകവൃത്താന്തം മന്ഥരയിൽനിന്നു ശ്രവിക്കുന്ന കൈകേയി ആകട്ടെ അസൂയയുടെ കണിക പോലുമില്ലാതെയാണ് പ്രതികരിക്കുന്നത്: ‘‘എന്നുടെ രാമകുമാരനോളം പ്രിയമെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ’’. ഭരതനു സിംഹാസനവും രാമനു കാനനവും എന്നതിലേക്കു മാറുകയാണ് അതിവേഗം ഈ നിലപാട്. അത്ര ശക്തമായി ആവേശിക്കുന്നു മന്ഥരയുടെ വാക്ചാതുരി കൈകേയിയെ.
അഭിഷേകകാര്യങ്ങൾ നിർദേശിച്ച ശേഷം അന്തഃപുരത്തിലെത്തുന്ന മഹാരാജാവ് അവിടെ കൈകേയിയുടെ അസാന്നിധ്യത്താൽത്തന്നെ വിഹ്വലനായിത്തീരുന്നത് എന്തോ ദുർനിമിത്തങ്ങളുടെ നിഴലാട്ടം ചൂഴ്ന്നുനിൽക്കുന്നതിനാലോ? പണ്ടു ലഭ്യമായതും ഇപ്പോൾ തനിക്ക് ആവശ്യം വന്നിരിക്കുന്നതുമായ വരങ്ങൾ സങ്കോചമേതുമില്ലാതെയാണ് കൈകേയി തന്റെ പതിയോടാവശ്യപ്പെടുന്നത്.
വജ്രായുധമേറ്റു പർവതം പതിക്കുംപോലെയാണ് മഹാരാജാവിന്റെ വീഴ്ച. ജ്വരബാധിതമായ ചേതസ്സോടെ അദ്ദേഹം ചിന്തിക്കുന്നത് ദുഃസ്വപ്നം കാണുകയാണോ അതോ തനിക്കു ചിത്തഭ്രമം ബാധിച്ചതാണോ എന്നാണ്. രാമനെ കാട്ടിലയയ്ക്കണമെന്ന ശാഠ്യമെങ്കിലും ഉപേക്ഷിക്കണമെന്ന മഹാരാജാവിന്റെ യാചനപോലും ബധിരകർണങ്ങളിലാണു പതിക്കുന്നത്. അന്തഃപുര നാടകങ്ങളൊന്നുമറിയാതെ പ്രഭാതത്തിലാരംഭിച്ച ചടങ്ങുകൾ കൈകേയി തടയുന്നത് അവിടെയുള്ളവരെയെല്ലാം വിഭ്രമിപ്പിക്കുന്നു.