രാമായണസംഗീതാമൃതം പതിനാറാം ദിനം – അഗസ്ത്യസ്‌തുതി
Mail This Article
അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്‌തുതി ഒരു സുപ്രധാന ഏടാണ്. കാനനവാസത്തിലാണ് ശ്രീരാമദേവൻ. ഒപ്പം സീതാദേവിയും ലക്ഷ്മണനും. നാനാമൃഗസഞ്ചയത്തെ കണ്ടുകൊണ്ട് നാനാവിധപക്ഷികളുടെ കൂജനം കേട്ടുകൊണ്ട് മന്ദം മന്ദം നടന്നുനീങ്ങുകയാണ് അവർ. നടന്നു നടന്ന് അഗസ്ത്യമുനിയുടെ ആശ്രമപരിസരത്തെത്തുന്നു. അഗസ്ത്യമുനിയെ കണ്ട മാത്രയിൽ ശ്രീരാമദേവനും സീതാദേവിയും ലക്ഷ്മണനും മഹർഷിയെ ഭക്തിപൂർവ്വം ദണ്ഡന നമസ്‌കാരം ചെയ്യുന്നു.
അഗസ്ത്യമുനി ശ്രീരാമദേവനെ ഗാഢ ആശ്ലേഷം ചെയ്ത് പരമാനന്ദത്തോടെ രോമാഞ്ചമണിഞ്ഞു വന്യഭോജ്യങ്ങൾ സാദരം സമർപ്പണം ചെയ്യുന്നു. ''ഘോരരാവണനെ വധിച്ചു ഞാൻ ഭൂമണ്ഡല ഭാരാപഹരണം ചെയ്യുമെന്ന് ഭവാൻ പാൽക്കടലിൽ വസിച്ചുകൊണ്ട് അരുൾ ചെയ്തിരുന്നല്ലോ. അന്നുമുതൽതന്നെ ഞാൻ ഇവിടെ വന്ന് ശ്രീപാദാംബുജം നിത്യേന ധ്യാനിച്ചുകൊണ്ട് വസിക്കയാണ്'' ഇപ്രകാരം പറഞ്ഞുകൊണ്ട് അഗസ്ത്യമഹർഷി ശ്രീരാമദേവനെ വാഴ്ത്തി സ്തുതിക്കുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം സുദീപ്‌കുമാർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ