ദൃഢ ബന്ധത്തിനു തുടക്കം
Mail This Article
എത്ര സുന്ദരമായാണ് ഹനുമാൻ സംസാരിക്കുന്നത്! വ്യാകരണശുദ്ധവും മോഹനവുമായ ഭാഷയാണല്ലോ ഈ അപരിചിതന്റേതെന്ന് ആശ്ചര്യത്തോടെയാണ് ശ്രീരാമചന്ദ്രൻ അനുജനോടു പറയുന്നത്. പരസ്പരം പരിചയപ്പെടുത്തിയുള്ള സംഭാഷണം ഹനുമാൻ ഉപസംഹരിക്കുന്നു:
‘‘നാമധേയം ഹനുമാനഞ്ജനാത്മജനാമയം തീർത്തു രക്ഷിച്ചുകൊള്ളേണമേ!
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ നിഗ്രഹിക്കാമിരുവർക്കുമരികളെ.’’
ജ്യേഷ്ഠൻ ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവന്റെ നാലു മന്ത്രിമാരിലൊരാളാണ് ഹനുമാൻ. താപസവേഷംപൂണ്ടു നടന്നടുക്കുന്ന അപരിചിതർ ആരെന്നറിഞ്ഞുവരാൻ സുഗ്രീവൻ നിയോഗിക്കുന്നത് ഹനുമാനെയാണ്. സ്വന്തം രൂപം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ തോളിലേറ്റി എത്തിക്കുമ്പോൾ ഹനുമാൻ സുഗ്രീവനെ ഏറ്റവുമാദ്യം അറിയിക്കുന്നത് പരിഭ്രമം വേണ്ടെന്നാണ്. ഉത്തമദൂതനാണു വായൂതനയൻ എന്നതിന് ഇതേപോലെ എത്രയോ സന്ദർഭങ്ങൾ ഉദാഹരിക്കാനുണ്ട്. സഖ്യമുണ്ടായാൽ സുഗ്രീവനു ബാലിയെയും ശ്രീരാമനു രാവണനെയും നിഗ്രഹിക്കാൻ എളുപ്പമാകുമെന്നാണ് ഹനുമാന്റെ പക്ഷം. രാവണനെ കുലത്തോടെ ഇല്ലാതാക്കി ദേവിയെ വീണ്ടെടുക്കാമെന്ന് സുഗ്രീവന്റെ പ്രതിജ്ഞ.അഗ്നിസാക്ഷിയായി സഖ്യം. സീതയെ അപഹരിച്ചുകൊണ്ടുപോകുന്നത് താൻ നേരിൽ കണ്ട വിവരം സുഗ്രീവൻ ധരിപ്പിക്കുന്നു. ദേവി ഉത്തരീയത്തിൽ പൊതിഞ്ഞ് താഴേക്കിട്ട ആഭരണങ്ങൾ സുഗ്രീവൻ കാട്ടിക്കൊടുക്കുമ്പോൾ പ്രാകൃതന്മാരെപ്പോലെയാണ് ശ്രീരാമദേവൻ വിലപിക്കുന്നത്.
മയന്റെ പുത്രനായ മായാവി എന്ന അസുരൻ വെല്ലുവിളിയുമായി കിഷ്കിന്ധയിലെത്തിയതാണ് സുഗ്രീവന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.തന്റെ ജ്യേഷ്ഠനായ ബാലി മായാവിയോടേറ്റുമുട്ടുന്ന ഗുഹാമുഖത്ത് സുഗ്രീവനാണ് കാവൽ.ഗുഹാമുഖത്തേക്കു ചോരവന്നാൽ താൻ മരിച്ചെന്നു കരുതിക്കൊള്ളണമെന്നാണ് ജ്യേഷ്ഠൻ പറഞ്ഞിരിക്കുന്നത്. ഒരു മാസം നീണ്ടു ആ ഏറ്റുമുട്ടലും സുഗ്രീവന്റെ കാത്തുനിൽപ്പും. മായാവിയുടെ മായാവിദ്യയാൽ ഗുഹാമുഖത്തു ചോര കാണപ്പെട്ടു. ജ്യേഷ്ഠൻ മരിച്ചെന്നു കരുതി സുഗ്രീവൻ വലിയ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടയ്ക്കുകയും ചെയ്തു. എന്നാൽ, തന്നെ കൊല്ലാനായിരുന്നു അനുജന്റെ ശ്രമമെന്നു തെറ്റിദ്ധരിക്കുകയാണ് ബാലി.
ആ കോപത്തിൽനിന്നു രക്ഷപ്പെടാനാണ് ഋശ്യമൂകാചലത്തിൽ വന്നു വസിക്കുന്നത്. ബാലിക്ക് ഇവിടെ എത്താനാകില്ല. ഒരിക്കൽ ദുന്ദുഭി എന്ന രാക്ഷസനെ മല്ലയുദ്ധത്തിൽ തോൽപിച്ച് ബാലി അയാളുടെ തല പറിച്ചെറിഞ്ഞത് മതംഗാശ്രമത്തിലാണു ചെന്നുപതിച്ചത്. ആശ്രമദോഷം വരുത്തിയ ബാലി ഋശ്യമൂകാചലത്തിലെത്തിയാൽ തല പൊട്ടിത്തെറിക്കുമെന്നാണ് മുനിശാപം. ഇപ്പോഴും ഇവിടെ കിടക്കുന്ന പർവതാകാരമായ ദുന്ദുഭീശിരസ്സ് എടുത്തെറിയാൻ കരുത്തുള്ള ഒരാളിനേ ബാലിയെ തോൽപ്പിക്കാനാവൂ എന്ന് സുഗ്രീവൻ.ചെറുചിരിയോടെ ശ്രീരാമചന്ദ്രൻ തന്റെ കാലിന്റെ പെരുവിരൽകൊണ്ട് പത്തുയോജന അപ്പുറത്തേക്കാണ് അതു പായിക്കുന്നത്. വിസ്മയപ്പെട്ടു നിൽക്കുകയാണ് സുഗ്രീവനും മന്ത്രിമാരും.