ADVERTISEMENT

തന്നെത്തേടി വന്ന ലക്ഷ്മണനോടൊപ്പം സുഗ്രീവൻ ശ്രീരാമസന്നിധിയിലേക്കു പുറപ്പെടുന്നത് ഒരു രാജകീയഘോഷയാത്രയായി പരിണമിക്കുന്നു. അന്തരീക്ഷത്തിനു മാറ്റുകൂട്ടി ഭേരി, മൃദംഗം, ശംഖ്, ചാമരം, വെൺകൊറ്റക്കുട, വിശറി മുതലായവ.ഹനുമാൻ, നീലൻ, അംഗദൻ മുതലായവരുടെ സാന്നിധ്യം സൈന്യത്തിന്റെ പ്രൗഢിയേറ്റുന്നു. ദേവസേനയെ നയിക്കുന്ന ദേവേന്ദ്രനെപ്പോലെ കാണപ്പെടുന്നു തന്റെ സേനയെ നയിക്കുന്ന വാനരരാജാവ്.മരവുരിയും തോലും ധരിച്ച് വിഹ്വലമാനസനായി കഴിയുന്ന ദേവനെ ഗുഹാമുഖത്തു കണ്ട് ദൂരെനിന്നേ തേരിൽനിന്നിറങ്ങുന്നു സുഗ്രീവൻ. 

പാദനമസ്കാരം ചെയ്യുന്ന വാനരരാജനെ ഗാഢമായി ആശ്ലേഷിച്ചാണ് ശ്രീരാമൻ വരവേൽക്കുന്നത്. രാക്ഷസകുലനാശത്തിനു മതിയാകുന്ന സേനാബലം തനിക്കുണ്ടെന്ന് സുഗ്രീവൻ. ഇഷ്ടംപോലെ രൂപം മാറാൻ കഴിവുള്ളവരും പർവതശരീരീകളുമായ എത്രയോ പേർ. സിംഹസമാനർ, ഇന്ദ്രനീല ശോഭയുള്ളവർ, ശുദ്ധസ്ഫടിക ശരീരികൾ, അങ്ങനെയങ്ങനെ സേനയിലെ വൈവിധ്യം. ഭക്തിയോടെ നമസ്കരിക്കുന്നു സുഗ്രീവൻ. കാരുണ്യത്തോടെ കടാക്ഷിക്കുന്നു ഭഗവാൻ.

നാലുദിക്കിലും സീതാദേവിയെ അന്വേഷിക്കാൻ വാനരേന്ദ്രന്മാരെ നേരിട്ടു നിയോഗിക്കുകയാണ് സുഗ്രീവൻ. മുപ്പതു ദിവസമാണ് സമയം. കണ്ടെത്താനാകാഞ്ഞാൽ മരണശിക്ഷ. വാനരർ പുറപ്പെടുമ്പോൾ ശ്രീരാമൻ ഹനുമാനെ അരികിൽ വിളിച്ച് അംഗുലീയം ഏൽപിക്കുന്നു. സീതയ്ക്കു വിശ്വാസം വരാൻ അടയാളമായി ഈ മോതിരം ഏൽപിക്കണം.പർവതങ്ങളിലും നഗരഗ്രാമങ്ങളിലും അന്വേഷണയാത്ര നടത്തുന്ന വാനരസംഘം വഴിയിൽ കാണായ ഒരു രാക്ഷസനെ രാവണനെന്നു കരുതി കൂട്ടംകൂടി തച്ചുകൊല്ലുന്നു.

കാട്ടിൽ, പൈദാഹത്താൽ വലഞ്ഞ് അലയുമ്പോൾ കാണപ്പെടുന്ന ഗഹ്വരത്തിലേക്ക് ആദ്യമിറങ്ങുന്നത് ഹനുമാനാണ്. പിന്നാലെ മറ്റു കപിവരരും. കണ്ണുകാണാത്ത ഇരുട്ടിലൂടെ കൈപിടിച്ച് ഏറെനേരം, ഏറെ ദൂരം. ചെന്നെത്തുന്നത് ശുദ്ധജലം നിറഞ്ഞ കുളങ്ങളും ഫലവൃക്ഷങ്ങളും സുന്ദരമന്ദിരങ്ങളും അമൃതിനു തുല്യമായ തേൻ ചേർന്ന പാനീയവും വസ്ത്രരത്നങ്ങളും ഒക്കെയുള്ള ഒരു ദിവ്യസ്ഥലത്ത്. മനുഷ്യർ ഉപേക്ഷിച്ചതെന്നു തോന്നിപ്പിക്കുന്നിടത്ത് ധ്യാനനിമഗ്നയായി തേജോമയിയായ ഒരു യോഗിനിയെ കാണാകുന്നു.

സഞ്ചാരലക്ഷ്യം ഹനുമാനിൽനിന്നറിയുന്ന അവർ ഭക്ഷണപാനീയങ്ങൾ നൽകി സൽക്കരിച്ച ശേഷമാണ് തന്റെ കഥയിലേക്കു കടക്കുന്നത്. വിശ്വകർമാവിന്റെ പുത്രി ഹേമയുടെ തോഴിയായ സ്വയംപ്രഭയാണു താൻ. ശിവപ്രീതിയാൽ ദിവ്യരൂപം സിദ്ധിച്ച് ഇവിടെ ഏറെക്കാലം കഴിഞ്ഞ ഹേമ ബ്രഹ്മലോകം പ്രവേശിച്ചു. ത്രേതായുഗത്തിൽ സീതാന്വേഷികളായെത്തുന്ന വാനരരെ സഹായിച്ച് ശ്രീരാമപാദം പൂകി മോക്ഷം നേടണമെന്നാണ് തനിക്കുള്ള നിയോഗം. ആ സമയം വന്നിരിക്കുന്നു. ദേവി പോയ ദിക്ക് വാനരർക്കു പറഞ്ഞുകൊടുക്കുന്നു. ജാലവിദ്യയാലെന്നപോലെ വാനരന്മാർ മുൻപുനിന്ന കാട്ടിൽതന്നെ! ശ്രീരാമനിർദേശപ്രകാരം ബദര്യാശ്രമത്തിൽ എത്തി ധ്യാനത്തിലിരുന്ന് സ്വയംപ്രഭ നാരായണപദം പ്രാപിക്കുന്നു.

English Summary:

From Procession to Battle: Exploring the Glory of Sugriva’s Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com