ADVERTISEMENT

ഇന്ത്യയുമായി സാംസ്‌കാരികമായും സാമൂഹികപരമായും ഭാഷാപരമായും അടുത്ത ബന്ധം പുലർത്തുന്നതാണു നമ്മുടെ അയൽരാജ്യവും ദ്വീപുമായ ശ്രീലങ്ക. ഒരു കടലിടുക്കിന്റെ വ്യത്യാസമേ ഉള്ളുവെന്നതിനാൽ ശ്രീലങ്കയെക്കുറിച്ചുള്ള പരാമർശങ്ങൾ നമ്മുടെ സാഹിത്യത്തിലും കഥകളിലുമൊക്കെ ഏറെയുണ്ട്. ശ്രീലങ്കയിലും ഐതിഹ്യങ്ങളും നാടോടിക്കഥകളുമൊക്കെയുണ്ട്. ശ്രീലങ്കയിലെ പ്രബല സമൂഹമാണു സിംഹളർ. അവരുടെ ഉദ്ഭവം സംബന്ധിച്ച് സിംഹളർക്കിടയിൽ പ്രചാരത്തിലുള്ള ഒരു ഐതിഹ്യകഥ ഇത്തവണത്തെ കഥയ മമയിൽ.

ഇന്നത്തെ ബംഗാൾ പണ്ട് വംഗദേശമെന്നാണ് അറിയപ്പെട്ടത്. അവിടത്തെ രാജാവ് മായാവതിയെന്ന, കലിംഗദേശത്തുനിന്നുള്ള ഒരു രാജകുമാരിയെ വിവാഹം കഴിച്ച് തന്റെ റാണിയാക്കി. ആ വിവാഹത്തിൽ അദ്ദേഹത്തിന് സുപ്പാദേവിയെന്ന മകൾ ജനിച്ചു. രാജകൊട്ടാരത്തിലെ കർശന അച്ചടക്കവും നിഷ്ഠകളുമൊക്കെ സുപ്പാദേവിക്ക് ഇഷ്ടമല്ലായിരുന്നു. കൂടുതൽ സ്വതന്ത്രമായ ഒരു ജീവിതം തേടി അവൾ ആരുമറിയാതെ ഒരിക്കൽ മഗധയ്ക്കു യാത്രയായി. ഒരു കച്ചവടസംഘത്തിനൊപ്പമായിരുന്നു ആ യാത്ര.

vijayas-conquest-sri-lanka1

ഈ യാത്ര റാർഹ് മേഖലയിലെ ഒരു കാട്ടിലെത്തിയപ്പോൾ ഒരു ഭീമാകാരനായ സിംഹം കച്ചവടസംഘത്തെ ആക്രമിച്ചു. രക്ഷ തേടി സുപ്പാദേവി അവിടെ നിന്നു രക്ഷപ്പെട്ടു. എന്നാൽ വീണ്ടും അവൾ സിംഹത്തിന്റെ മുന്നിൽ ചെന്നു പെട്ടു. സിംഹം അവളെ ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച് അവളെ സിംഹം തട്ടിക്കൊണ്ടുപോയി ഒരു ഗുഹയിൽ പാർപ്പിച്ചു. സുപ്പാദേവിയിൽ സിംഹത്തിന് ഒരു മകനും മകളും ജനിച്ചു. മകന്റെ പേരായിരുന്നു സിംഹബാഹു. കരുത്തനും സുന്ദരനുമായ ഒരു യുവാവായി സിംഹബാഹു വളർന്നുവന്നു. എന്തുകൊണ്ടാണു തങ്ങൾ ഗുഹയിൽ കഴിയുന്നതെന്ന് സിംഹബാഹു സുപ്പാദേവിയോട് എന്നും ചോദിച്ചിരുന്നു. സിംഹം തട്ടിക്കൊണ്ടുപോയ കഥ സുപ്പാദേവി അവനോടു പറഞ്ഞു.

vijayas-conquest-sri-lanka2

പിൽക്കാലത്ത് സിംഹം ഒരിക്കൽ വനത്തിലേക്കു പോയ സമയത്ത് സഹോദരിയെയും അമ്മയെയും കൂട്ടി സിംഹബാഹു അവിടെനിന്നു രക്ഷപ്പെട്ടു. തന്റെ അമ്മയുടെ ജന്മദേശമായ വംഗദേശത്തേക്ക് സിംഹബാഹു പോയി. സുപ്പാദേവിയുടെ അച്ഛൻ അപ്പോഴേക്കും ഓർമയായിരുന്നു. സിംഹബാഹു വംഗദേശത്തെ പുതിയ രാജാവായി അവരോധിക്കപ്പെട്ടു. എന്നാൽ കുറെക്കാലത്തിനു ശേഷം വംഗദേശത്തെ രാജസ്ഥാനമൊഴിഞ്ഞ് താൻ ജനിച്ച റാർഹ് മേഖലയിലേക്കു സിംഹബാഹു യാത്രയായി. അവിടെയെത്തിയ അദ്ദേഹം സിംഹപുരമെന്ന നഗരം സ്ഥാപിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹത്തിനു 32 മക്കൾ ജനിച്ചു. അതിൽ ഏറ്റവും മൂത്ത പുത്രനായിരുന്നു വിജയ സിംഹനെന്ന വിജയ. ബംഗാളിലെ സിംഗൂർ, ഒഡീഷയിലെ സിങ്പൂർ, ആന്ധ്രയിലെ സിംഘുപുരം തുടങ്ങിയ സ്ഥലങ്ങൾ ആദിമകാലത്തെ സിംഹപുരമാണെന്നു സംശയിക്കപ്പെടുന്നവയാണ്. എന്നാൽ ഇന്നും ഇക്കാര്യത്തിൽ തീർച്ചയില്ല.

vijayas-conquest-sri-lanka3

വിജയ വളർന്നുവന്നു. സിംഹപുരത്തിന്റെ കിരീടാവകാശിയായി അദ്ദേഹം അഭിഷിക്തനാക്കപ്പെട്ടു. എന്നാൽ മോശം സ്വഭാവങ്ങൾ വിജയയ്ക്കുണ്ടാടിരുന്നു. രാജ്യത്തെ പ്രജകളെ അദ്ദേഹം ഉപദ്രവിച്ചു. അദ്ദേഹത്തിനു വിപുലമായ ഒരു സുഹൃദ്‌സംഘമുണ്ടായിരുന്നു. അവരും ഇത്തരം ദുഷ്‌ചെയ്തികൾ തുടർന്നുപോന്നു. പുരവാസികൾ സിംഹബാഹുവിനോടു പരാതി പറഞ്ഞു തുടങ്ങി. ഇത്തരം പരാതികളുടെ എണ്ണം നാൾക്കുനാൾ കൂടി വന്നു. സഹികെട്ട സിംഹബാഹു വിജയയെയും അദ്ദേഹത്തിന്റെ 700 കൂട്ടുകാരെയും നാടുകടത്താൻ തീരുമാനിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ തല പകുതി മൊട്ടയടിച്ച് കപ്പലിൽ കയറ്റി വിട്ടു.ആ കപ്പൽ സമുദ്രത്തിലൂടെ യാത്ര ചെയ്തു. കാറും കോളും തിരകളും താണ്ടി ആ കപ്പൽ ഒടുവിൽ ഒരു തീരത്തടുത്തു. ഇന്നത്തെ ശ്രീലങ്കയായിരുന്നു അവർ എത്തിച്ചേർന്ന ആ സ്ഥലം.

vijayas-conquest-sri-lanka4

ചുവന്ന മണ്ണുള്ള ഒരിടത്താണു കപ്പൽ അടുത്തത്. കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രികർ ഇത്രനാളും മണ്ണുമായി ഒരു ബന്ധവുമില്ലാതിരുന്നതിനാൽ ആവേശത്തോടെ മണ്ണുവാരിയെടുത്തു. അവരുടെ കൈകൾ ചുവപ്പുനിറമായി മാറി. താമ്രപർണിയെന്നു ആ സ്ഥലത്തിനു വിജയ പേരിട്ടു. താമ്രം എന്നാൽ ചെമ്പ്. ചെമ്പിന്റെ നിറമുള്ള മണ്ണുള്ളയിടം എന്നുള്ളതിനാലാണു താമ്രപർണിയെന്നു പേരിടാൻ കാരണം. അവരെത്തിയ ലങ്കയിൽ യക്ഷരായിരുന്നു താമസം. അക്കൂട്ടത്തിൽപെട്ട ഒരു യക്ഷിണിയായ കുവേണി വിജയയ്‌ക്കൊപ്പം വന്ന 700 യുവാക്കളെയും തട്ടിക്കൊണ്ടുപോയി. ഇതറിഞ്ഞെത്തിയ വിജയ കുവേണിയുടെ സ്ഥലത്തെത്തി അവളുമായി യുദ്ധം തുടങ്ങി. ഒടുവിൽ കുവേണി തോറ്റു.

vijayas-conquest-sri-lanka7

തന്നെ കൊല്ലരുതെന്നു കുവേണി വിജയയോട് പറഞ്ഞു. ആ അപേക്ഷ മാനിച്ച വിജയ അവളെ വെറുതെവിട്ടു. വിജയയ്ക്കും കൂട്ടുകാർക്കും ഭക്ഷണവും ജീവിക്കാനാവശ്യമായ മറ്റു സാമഗ്രികളും കുവേണി കൊണ്ടുചെന്നു കൊടുത്തു. തന്റെ ജീവിതപങ്കാളിയായി വിജയ കുവേണിയെ സ്വീകരിച്ചു. ഇതിനിടെ വിജയയും കൂട്ടുകാരും ശ്രീലങ്കയിൽ പലയിടത്തും നഗരങ്ങളും ഗ്രാമങ്ങളും സ്ഥാപിച്ചു. അവർക്കു ഭാര്യമാരായി രാജകുമാരിമാരും ഉന്നതകുല ജാതരായ വനിതകളും കടൽ കടന്നെത്തി. അളവറ്റ ധനവും ഈ വനിതകൾ കൊണ്ടുവന്നു. മഹാതിഥ എന്ന കടൽത്തീരത്താണ് ഇവർ വന്ന കപ്പലുകളെത്തിയത്.വിജയയുടെയും സംഘത്തിനും ഇവരിൽ ജനിച്ച കുട്ടികൾ സിംഹളരെന്ന് അറിയപ്പെട്ടു. എന്നാൽ ഇതിനിടെ വിജയയ്ക്കു കുവേണിയോടുള്ള ഇഷ്ടം കുറഞ്ഞു തുടങ്ങി. യക്ഷിണിയായ കുവേണിയെ തന്റെ പ്രജകൾക്കു പേടിയാണെന്നും ഇവിടം വിട്ട് യക്ഷസമൂഹത്തിലേക്കു തിരിച്ചുപോകണമെന്നും വിജയ കുവേണിയോട് ആവശ്യപ്പെട്ടു. പരിഹാരമായി വലിയ അളവിൽ പണവും വിജയ വാഗ്ദാനം ചെയ്തു.

vijayas-conquest-sri-lanka6

ഇതിനിടെ കുവേണിയിൽ വിജയയ്ക്കു രണ്ട് മക്കൾ ജനിച്ചിരുന്നു. ആ മക്കളെ തന്നോടൊപ്പം നിർത്തണമെന്നും വിജയ ആവശ്യപ്പെട്ടു. എന്നാൽ ആ ആവശ്യം കുവേണി നിരാകരിച്ചു. മക്കളുമായി അവൾ തന്റെ ജന്മദേശവും യക്ഷരുടെ നഗരവുമായ ലങ്കാപുരത്തേക്കു യാത്രയായി. എന്നാൽ തങ്ങളെ വിട്ടു പരദേശികൾക്കൊപ്പം ചേർന്ന കുവേണിയോട് കടുത്ത ദേഷ്യമായിരുന്നു ജന്മനാട്ടിൽ. വിജയയുടെ ചാരയാണ് കുവേണിയെന്ന് ആരോപിച്ച് യക്ഷർ കുവേണിയെ കൊന്നു കളഞ്ഞു. അവളുടെ കുട്ടികൾ അവിടെനിന്ന് ഓടിപ്പോയി. അവർ ലങ്കയിലെ സുമനകൂടമെന്ന സ്ഥലത്തെത്തി വാസമുറപ്പിച്ചു. ഇവരുടെ പിന്മുറക്കാർ പുളിന്ദർ എന്ന ഗോത്രസമൂഹമായി. കടൽകടന്നെത്തിയ ഭാര്യയെ വിജയ പട്ടമഹിഷിയാക്കി. എന്നാൽ ആ ബന്ധത്തിൽ കുട്ടികളുണ്ടായില്ല. ഇതോടെ വിജയയ്ക്കു ശേഷം പുതിയ രാജാവുണ്ടാകില്ലെന്ന അവസ്ഥയായി. കാര്യങ്ങൾ വിവരിച്ച് അദ്ദേഹം സിംഹപുരത്തേക്ക് തന്റെ സഹോദരനായ സുമിത്തനു കത്തയച്ചു. കാര്യങ്ങൾ ഗ്രഹിച്ച സുമിത്തൻ തന്റെ മകനായ പാണ്ഡുവസ് ദേവനോടു ലങ്കയിലേക്കു പോകാൻ ആവശ്യപ്പെട്ടു. 32 പേരെക്കൂടിക്കൂട്ടി ഒരു ചെറിയ സംഘമായി പാണ്ഡുവസ് ദേവൻ ലങ്കയിലെത്തി. വിജയയ്ക്കുശേഷം അദ്ദേഹം സിംഹളരുടെ രാജാവായി.

English Summary:

Discover the legend of Vijaya, the founder of the Sinhalese dynasty in Sri Lanka. This epic tale recounts his exile, voyage, and conquest, weaving a captivating story of origins and power.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com