പ്രഭാവതിയുടെ വിവാഹേതരബന്ധം തടഞ്ഞ തത്ത

Mail This Article
എത്രയെത്ര കഥകൾ ജനിച്ച നാടാണ് ഇന്ത്യ. ഇക്കൂട്ടത്തിൽ അധികം അറിയപ്പെടാത്ത ഒരു ക്ലാസിക് കൃതിയാണു ശുകസപ്തതി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചിന്താമണിയെന്നയാളാണ് ഈ കൃതി രചിച്ചത്. ആയിരത്തൊന്നു രാവുകളിലേതുപോലെ കഥകളിൽ നിന്നു കഥകളിലേക്കു പോകുന്ന ശൈലിയാണ് ശുകസപ്തതിക്കും.ചന്ദ്രപുരം എന്ന ഗ്രാമത്തിലെ പ്രഭുവായ ഹരിദത്തന്റെ മകനാണു മദനൻ. മദനന്റെ ഭാര്യ അതീവ സുന്ദരിയായ പ്രഭാവതി. മദനനും പ്രഭാവതിയും തങ്ങളുടെ വിവാഹജീവിതം മുന്നോട്ടു നയിച്ചുപോന്നു. ആയിടെ കച്ചവടത്തിന്റെ ആവശ്യത്തിനായി മദനന് വളരെ ദൂരെയൊരു ദേശത്തേക്കു പോകേണ്ടി വന്നു.
70 ദിവസം കഴിഞ്ഞേ അദ്ദേഹം തിരികെവരൂ. മദനന്റെ അസാന്നിധ്യത്തിൽ പ്രഭാവതി തന്റെ കൂട്ടുകാരികളുമായി ഏറെ സമയം ചെലവഴിക്കാൻ തുടങ്ങി. കൂട്ടുകാരികൾ അവളെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഉപദേശിച്ചു. യുവത്വം ആഘോഷിക്കാനുള്ളതാണെന്നും ദൂരദേശത്തു പോയ ഭർത്താവിനു വേണ്ടി കാത്തിരുന്നു കളയാനുള്ളതെന്നും അവർ അവളോട് പറഞ്ഞു. ആ നാട്ടിൽ ഒരാൾ പ്രഭാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് അവൾക്കു പിന്നാലെ നടക്കുന്നുണ്ടായിരുന്നു. അയാൾക്കൊപ്പം പ്രണയത്തിലാകാൻ കൂട്ടുകാരികൾ അവളെ ഉപദേശിച്ചു. അങ്ങനെ പ്രഭാവതിയുടെ മനസ്സുമാറി. കാമുകനൊപ്പം പോകാനായി ഒരിക്കൽ വൈകുന്നേരം അവൾ ഒരുങ്ങിയിറങ്ങി. എന്നാൽ ആ വീട്ടിലൊരു തത്തയുണ്ടായിരുന്നു. വളരെ ബുദ്ധിമാനായ തത്ത. ആ തത്ത ഓരോ ദിവസവും അവൾ ഇറങ്ങുന്ന നേരത്ത് ഒരു കഥ പറയും. തത്തയുടെ കഥപറച്ചിൽ തീരുമ്പോഴേക്കും പ്രഭാവതി പോകാതെ വീട്ടിനകത്തേക്കു തന്നെ തിരികെക്കയറും. തത്ത അവൾക്കു പറഞ്ഞുകൊടുത്ത കഥകളിലൊന്ന് ഇതാണ്.

ദേവലഖ്യമെന്നൊരു ഗ്രാമത്തിൽ രാജസിംഹനെന്നൊരു നാട്ടുരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അതിസുന്ദരിയായ ഒരു യുവതിയായിരുന്നു. എന്നാൽ ഒരു കുഴപ്പം ആ റാണിക്ക് ദേഷ്യം അൽപം കൂടുതലാണ്. അൽപമല്ല, നിസ്സാരകാര്യങ്ങൾക്കുപോലും റാണി വളരെയേറെ ദേഷ്യപ്പെടും. ഒരിക്കൽ രാജസിംഹനുമായി വഴക്കുണ്ടാക്കിയ റാണി വീടുവിട്ടിറങ്ങി. വളരെദൂരം അകലെയുള്ള തന്റെ പിതാവിന്റെ വീട്ടിലേക്കായിരുന്നു ആ യാത്ര. ഭർത്താവിന്റെ വീട്ടിൽ നിന്നു ചെറുപ്പക്കാരായ 2 യുവജോലിക്കാരെ രാജസിംഹൻ റാണിയുടെ കൂട്ടിനായി അയച്ചു. റാണിയും ജോലിക്കാരും കുറേയേറെ ദൂരം നടന്നു. ഒരു കൊടുങ്കാട്ടിലേക്കാണ് അവരെത്തിയത്. അപകടകാരിയായ ഒരു കടുവ ജീവിക്കുന്ന കാടായിരുന്നു അത്. കാട്ടിനുള്ളിൽ മനുഷ്യർ കയറിയത് കടുവ അറിഞ്ഞു. അവൻ പാത്തും പതുങ്ങിയും അവർക്കരികിലെത്തി. എന്നാൽ കടുവ വരുന്നത് വാല്യക്കാർ കണ്ടു. അവർ വിവരം റാണിയെ അറിയിച്ചു.

ഇനിയെന്തു ചെയ്യും യജമാനത്തീ?...കടുവ നമ്മളെ പിടിക്കുമെന്നാണു തോന്നുന്നത്–അവർ റാണിയോടു പറഞ്ഞു. മിണ്ടാതിരിക്കിനെടാ...ഞാനൊരു ബുദ്ധി പ്രയോഗിച്ചുനോക്കാം.കൗശലക്കാരിയായ റാണി പറഞ്ഞു. അനാവശ്യവഴക്കുണ്ടാക്കി അപകടകരമായ യാത്രയ്ക്കിറങ്ങിയതിനെ അവർ മനസ്സാൽ പഴിച്ചു. കടുവ നോക്കി നിൽക്കേ രണ്ടു ജോലിക്കാരുടെയും തലയ്ക്കു റാണി കിഴുക്കി. ‘കഴിക്കാൻ കടുവയുടെ മാംസം വേണമെന്ന് വഴക്കുണ്ടാക്കരുതെന്ന് നിങ്ങളോട് തുടക്കത്തിലേ പറഞ്ഞതാണ്. കാട്ടിൽവച്ച് ഏതെങ്കിലും കടുവയെ കിട്ടിയാൽ ഞാൻ കൊന്നു കറിവയ്ക്കാം. അതുവരെ മിണ്ടാതിരിക്ക്’–റാണി പറഞ്ഞു. ഇതുകേട്ട് കടുവ കിടുങ്ങിപ്പോയി.

കടുവയെ കൊല്ലുന്ന ഒരു മനുഷ്യസ്ത്രീയോ. ഇനിയിവിടെ നിന്നാൽ അപകടമാണെന്നു കണ്ട് കടുവ പേടിച്ചു പിന്തിരിഞ്ഞോടി.കടുവ ഓടിയോടി കുറേദൂരമെത്തിയപ്പോൾ ഒരു കുറുക്കനെ കണ്ടു. എങ്ങോട്ടാണ് ഇത്ര ധൃതിയിൽ– കുറുക്കൻ ചോദിച്ചു. കടുവ കാര്യങ്ങളെല്ലാം വിവരിച്ചുപറഞ്ഞു. ഇതുകേട്ട് കുറുക്കൻ പൊട്ടിച്ചിരിച്ചു. എടോ കടുവച്ചാരേ കാട്ടിലെ മഹാശക്തനായ നിന്നെ കൊല്ലാൻ പോയിട്ട് തൊടാൻ പോലും ആയുധമില്ലാത്ത മനുഷ്യർക്കു കഴിയില്ല. ഇതവർ നിന്നെ പറ്റിച്ചതാ. വാ, ഞാൻ കൂടി വരാം. നീ പോയി അവരുടെ കഥ കഴിക്ക്–കുറുക്കൻ കടുവയോടു പറഞ്ഞു.

ഒരു വിശ്വാസത്തിനായി കുറുക്കൻ കടുവയുടെ മുകളിൽ കയറിയിരുന്നു. ഇരുവരുടെയും വാലുകൾ തമ്മിൽ കൂട്ടിക്കെട്ടുകയും ചെയ്തു. കടുവയും കുറുക്കനും വീണ്ടും റാണിയുടെയും വാല്യക്കാരുടെയും അടുത്തെത്തി. വീണ്ടും പണിയായെന്നു റാണിക്കു മനസ്സിലായി. അവർ വീണ്ടും ഒരുപായം പ്രയോഗിച്ചു. എടാ മണ്ടൻ കുറുക്കാ, നീയെല്ലാ ദിവസവും 3 കടുവകളെയല്ലേ ഞങ്ങൾക്കു കറിവയ്ക്കാൻ കൊണ്ടുത്തരുന്നത്. ഇന്നെന്താ ഒരെണ്ണം മാത്രം...റാണി വിളിച്ചുപറഞ്ഞു. ഇതു കേട്ട കടുവ വീണ്ടും കിടുങ്ങി. അപ്പോൾ കുറുക്കനും ഇവരുടെ ആളാണ്. അവൻ ശരംവിട്ടപോലെ തിരിഞ്ഞോടി. വേഗത്തിലുള്ള ഓട്ടത്തിൽ കുറുക്കന്റെ ശരീരം ഇളകിയിളകി അവനു വേദനിച്ചു.

കാട്ടുകമ്പുകളും മുള്ളുകളുമൊക്കെ കുത്തിക്കയറി.വാലുകൾ ബന്ധിക്കപ്പെട്ടതിനാൽ രക്ഷപ്പെടാനും വയ്യ. എത്ര ശക്തിയുണ്ടായിട്ടും ശരിയായി ചിന്തിക്കാത്തവരുടെ കൂടെ ഒന്നിനും ഇറങ്ങിത്തിരിക്കരുതെന്ന് കുറുക്കന് മനസ്സിലായി. തത്ത ഇത്തരം എഴുപതുകഥകളാണ് പ്രഭാവതിക്കു പറഞ്ഞുകൊടുത്തത്. ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങൾ, ശരിയായ തീരുമാനങ്ങളുടെ പ്രസക്തി, സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും മേന്മ തുടങ്ങിയവയാണു തത്ത വിവരിച്ചത്. ഇതോടെ പ്രഭാവതിയുടെ ചാഞ്ചാട്ടം മാറി. താൻ ചെയ്യാമായിരുന്ന വിശ്വാസവഞ്ചനയിൽ നിന്ന് രക്ഷിച്ചതിന് അവൾ തത്തയ്ക്ക് നന്ദി പറഞ്ഞു. ശിഷ്ടകാലം വിശ്വസ്തതയോടെ അവൾ വിവാഹജീവിതം നയിച്ചു. തത്ത പറഞ്ഞത് 70 കഥകളായതിനാലാണ് ശുകസപ്തതി എന്ന പേര് കൃതിക്കു ലഭിച്ചത്.