സർവവും സമർപ്പിച്ച ബദർ ശുഹദാക്കൾ

Mail This Article
ബദർ യുദ്ധത്തിന്റെ ത്യാഗ സ്മരണയിലാണ് ലോകമാകെയുള്ള മുസ്‌ലിംകൾ. കുറഞ്ഞ ആയുധങ്ങളും 313 മാത്രം ആൾബലവും ആയി ആയിരത്തോളം വരുന്ന ഖുറൈശി യോദ്ധാക്കളോട് ഏറ്റുമുട്ടി ജയിച്ച, ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ബദർ. മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ (പ്രവാസം) ചെയ്തതിന് ശേഷം, ഇസ്‌ലാമിക സമൂഹം മദീനയിൽ ശക്തിപ്പെടുകയായിരുന്നു. ഖുറൈഷ് ഗോത്രം ഈ വളർച്ചയെ ഭീഷണിയായി കണക്കാക്കി, അവരുടെ വാണിജ്യ പാതകൾ ഇടുങ്ങിവരുന്ത് തടയാൻ ശ്രമിച്ചു.
തുടർന്ന് വിവിധ ആക്രമണങ്ങൾക്ക് ശേഷം ബദർ സംഭവിക്കുകയായിരുന്നു. ഇസ്‌ലാമിന് അടിത്തറ പാകിയ ബദർ പോരാളികളെ ലോക മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു. എന്നാൽ ബദർ കേവലം അനുസ്മരണങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ ബദറിൽ നമുക്കും സാന്നിധ്യമുണ്ടെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. ആയുധങ്ങൾ തമ്മിലുള്ള യുദ്ധങ്ങളേക്കാൾ വലിയ യുദ്ധമാണ് ഒരോ വിശ്വാസിയും തന്റെ ശരീര ഇച്ഛകൾക്കെതിരെ നടത്തേണ്ട യുദ്ധം. ജിഹാദെന്ന വാക്ക് ഒരുപാട് വികല അർത്ഥങ്ങളിലൂടെ വായിക്കുന്ന കാലത്തിലാണ് നാം. എന്നാൽ ജിഹാദ് ആദ്യം സ്വന്തം ശരീരത്തിലെ ദുസ്വഭാവങ്ങൾക്കെതിരേയാണ് വേണ്ടതെന്നു മനസ്സിലാക്കണം.
ഒരു ഗോത്രത്തിന്റെ തോട്ടത്തിൽ മറ്റൊരു ഗോത്രത്തിന്റ ഒട്ടകം കയറിയതിന്റെ പേരിൽ വർഷങ്ങളോളം യുദ്ധം ചെയ്ത ഒരു സമൂഹത്തെ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) പതിമൂന്ന് വർഷക്കാലം ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ചതിന് ശേഷമായിരുന്നു ബദറിലേക്ക് നയിച്ചത്. ബദർ യുദ്ധത്തിൽ മുസ്‌ലിംകളുടെ സൈന്യം സംഖ്യയിൽ വളരെ ചെറുതായിരുന്നു, എന്നിട്ടും അവർ വിജയം നേടി. ഇത് അല്ലാഹുവിന്റെ സഹായത്തിന്റെയും മാർഗദർശനത്തിന്റെയും ഒരു അടയാളമായി കണക്കാക്കപ്പെടുന്നു. ഖുർആനിൽ (8:9) പറയുന്നത് പോലെ, 'നിങ്ങൾ അല്ലാഹുവിനോട് സഹായം തേടുകയായിരുന്നു, അല്ലാഹു നിങ്ങൾക്ക് സഹായം നൽകി.'
ബദർ യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലിംകൾ അവരുടെ വിശ്വാസത്തിലും ആത്മീയ ശുദ്ധിയിലും ഉറച്ചുനിന്നു. അവർ അല്ലാഹുവിനോടുള്ള ആശ്രയവും ഭക്തിയും കാണിച്ചു. അല്ലാഹുവിലേക്കുള്ള യാത്രക്കിടയിൽ അവന്റെതായ ദുർബോധങ്ങളിൽ കുടുങ്ങുമ്പോൾ അവിടെ അതിനോട് ജയിച്ച് അല്ലാഹു മാത്രം മതിയെന്ന അവസ്ഥയിലേക്ക് വരണം. അങ്ങനെ അല്ലാഹു മാത്രം മതി എന്ന അവസ്ഥയിൽ ജയിച്ചവരാണ് ബദ്‌രീങ്ങൾ.