ഇസ്‌ലാം പഠിപ്പിക്കുന്ന അയൽ മര്യാദ

Mail This Article
നിസ്കാരം, നോമ്പ് തുടങ്ങിയ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു മനുഷ്യന്റെ മതം പൂർണമാകുന്നത് സാമൂഹികജീവി എന്ന നിലയിലുള്ള അവന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോളാണ്. മാതാപിതാക്കൾ, മക്കൾ, ബന്ധു മിത്രാദികൾ, അയൽവാസികൾ തുടങ്ങി പലരോടും വിശ്വാസിക്ക് കടപ്പാടുകളുണ്ട്. ഖുർആൻ പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും അവനോട് ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥർ, അഗതികൾ, ബന്ധുവായവനും അല്ലാത്തവനുമായ അയൽവാസി, നിങ്ങളുടെ കൂടെ ജീവിക്കുന്നവർ, വഴിയാത്രക്കാർ, നിങ്ങളുടെ സേവകർ എന്നിവർക്കെല്ലാം നന്മ ചെയ്യുക’. വിശ്വാസത്തിന്റെ അടിസ്ഥാനമായ തൗഹീദിനെ സംബന്ധിച്ചു പറഞ്ഞു തുടങ്ങുന്ന ഈ വചനം പൂർണമാകുന്നത് സർവരോടുമുള്ള സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് ഓർമപ്പെടുത്തിയാണ്.
അയൽവാസികളോടുള്ള ബാധ്യതകളെ സംബന്ധിച്ച് പ്രവാചകൻ മുഹമ്മദ് നബി എപ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കൽ അവിടുന്ന് പറഞ്ഞു: ‘അയൽവാസിയെ സംബന്ധിച്ചു ജിബ്‌രീൽ എന്നോട് വസ്വിയ്യത് ചെയ്തുകൊണ്ടിരുന്നു. അയൽവാസിയെ അനന്തരാവകാശിയാക്കുമോ എന്നുപോലും ഞാൻ ധരിച്ചുപോയി’. മുആദ്ബ്നു ജബൽ പറയുന്നു: ‘അയൽവാസിയോടുള്ള കടമകൾ എന്താണെന്ന് ഞാൻ റസൂലിനോട് ചോദിച്ചു. അവിടുന്ന് ഇങ്ങനെ പറഞ്ഞു– അവൻ രോഗിയാൽ സന്ദർശിക്കുക, മരിച്ചാൽ മയ്യിത്ത് പരിപാലനത്തിൽ പങ്കെടുക്കുക, കടമായി വല്ലതും ആവശ്യപ്പെട്ടാൽ നൽകുക, അവന്റെ സുഖ ദുഃഖങ്ങളിൽ പങ്കുചേരുക, നിന്റെ വീട് അവന്റേതിനേക്കാൾ ഉയർത്തി അവന്റെ വീട്ടിലേക്ക് കാറ്റ് കടക്കുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കുക, നിന്റെ അടുപ്പിൽ വേവിക്കുന്നത് നീ അവന് നൽകുന്നില്ലെങ്കിൽ അതിന്റെ വാസന അവന് എത്തിക്കാതിരിക്കുക (ത്വബറാനി ).’
മറ്റൊരിക്കൽ അബൂദർറിനോട് പ്രവാചകൻ പറഞ്ഞു: ‘അബൂ ദർറേ, നീ കറി പാകം ചെയ്യുമ്പോൾ അയൽവാസിയെ കൂടി പരിഗണിച്ച് അതിന്റെ ചാറു വർധിപ്പിക്കുക’. തന്റെ ഉപദ്രവത്തിൽനിന്ന് അയൽവാസി സുരക്ഷിതനല്ലെങ്കിൽ ഒരാൾ വിശ്വാസിയാവില്ലെന്ന് തിരുനബി ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ മുഴുവൻ നോമ്പനുഷ്ഠിക്കുകയും രാത്രി മുഴുവൻ നിസ്കരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് അവൾ അവളുടെ അയൽവാസികളെ ശല്യം ചെയ്യുന്നവളാണെന്ന് തിരുനബിയോട് പറയപ്പെട്ടപ്പോൾ അവൾ നരകാവകാശിയാണെന്ന് അവിടുന്ന് വിധിയെഴുതി.
അയൽവാസിയോടുള്ള ബാധ്യതയുടെ കാര്യത്തിൽ ജാതിയുടെയോ മതത്തിന്റെയോ ആദർശത്തിന്റെയോ ഒന്നും അതിർവരമ്പുകൾ ഇസ്‌ലാം ഏർപ്പെടുത്തിയിട്ടില്ല. അബ്ദുല്ലാഹിഹിബ്നു ഉമറിന്റെ സേവകൻ, പാചകം ചെയ്യാനായി ആടിന്റെ തൊലി പൊളിക്കുന്ന സമയത്ത് തന്റെ അയൽവാസിയായ യഹൂദനുകൂടി അത് നൽകാനായി അബ്ദുല്ലാഹിബ്നു ഉമർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇതു കേട്ട സേവകൻ ചോദിച്ചു: ‘അങ്ങ് എത്ര തവണയായി ഇത് പറഞ്ഞു കൊണ്ടിരിക്കുന്നു’. അപ്പോൾ അബ്ദുല്ലാഹിബ്നു ഉമർ പറഞ്ഞു: ‘അയൽവാസിക്ക് അനന്തരാവകാശം ഉണ്ടോ എന്ന് ഞങ്ങൾ ആശങ്കപ്പെടുന്ന വിധം അയൽവാസിയോടുള്ള ബാധ്യതയെ സംബന്ധിച്ച് പ്രവാചകർ ഞങ്ങളോട് പറഞ്ഞു കൊണ്ടിരിക്കാറുണ്ടായിരുന്നു’.
മനുഷ്യൻ അവനവനിലേക്ക് ഒതുങ്ങാൻ ആഗ്രഹിക്കുന്ന പുതിയ കാലത്ത് ബന്ധങ്ങൾക്ക് വേണ്ടത്ര വില കൽപിക്കപ്പെടാറില്ല. മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ കണിശത പുലർത്തുന്നവർ പോലും മതം പരിചയപ്പെടുത്തുന്ന ഇത്തരം മൂല്യങ്ങളെ സംബന്ധിച്ച് അജ്ഞരാണ്. സ്വർഗ പ്രവേശത്തിന് കാരണമാകുന്ന സാമൂഹികമായ ഉത്തരവാദിത്തങ്ങൾ കൂടി നിർവ്വഹിക്കുമ്പോൾ മാത്രമേ ഒരാൾ പൂർണ വിശ്വാസിയാവൂ.