ADVERTISEMENT

പത്തു ലക്ഷം രൂപ ലോണിനായി ബാങ്കിൽ കയറിയിറങ്ങിയ ചെറുപ്പക്കാരൻ വിരലിലെണ്ണാവുന്ന വ‌ർഷങ്ങൾ കൊണ്ട് തന്റെ സ്വപ്നത്തെ ലക്ഷ്യത്തിലെത്തിച്ച കഥയാണിത്. കുഞ്ഞുങ്ങൾക്കായി ഒരുങ്ങിയ പോപ്പീസ് എന്ന വിശ്വസനീയ ബ്രാൻഡിന്റെ കഥ, ഒപ്പം അതിന്റെ അമരക്കാരൻ ഷാജു തോമസിന്റെയും. വീട്ടുകാ‌ർ മുഴുവൻ എതിർത്തിട്ടും ജേർണലിസം അല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് തന്റെ സ്വപ്നത്തിന് പുറകെ സഞ്ചരിക്കാൻ ഷാജു തോമസിനെ പ്രേരിപ്പിച്ചതിന് പിന്നിൽ ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ, ലക്ഷ്യബോധം. പടി പടിയായി വള‌ർച്ചയുടെ പടവുകൾ കയറി രണ്ട് പതിറ്റാണ്ടു കൊണ്ട് വർഷിക വരുമാനം 120 കോടി എന്നതിലേക്ക് എത്താൻ ഷാജു പിന്നിട്ട വഴികൾ ചെറുതല്ല.

സ്വപ്നം തേടിയുള്ള യാത്ര

ഒരു സംരംഭകൻ ആകണമെന്നായിരുന്നു കുട്ടിക്കാലം മുതൽ ഷാജുവിന്റെ ആഗ്രഹം. എം.ആർ.എഫ് പോലുള്ള ടയർ കമ്പനികൾക്ക് റബർ വിതരണം ചെയ്യുന്ന തിരുവാലി തുരുത്തേത്ത് വീട്ടിലെ കുട്ടി  അങ്ങനെ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഫോട്ടോഗ്രഫിയോട് അതിയായ ഇഷ്ടമുണ്ടായതിനാൽ ബി.എ ഇക്കണോമിക്സ് പഠിച്ചുകൊണ്ടിരിക്കെ തന്റെ ജന്മനാടായ നിലമ്പൂരിൽ ഒരു സ്റ്റുഡിയോ ഇട്ടുകൊണ്ടാണ് ഷാജു സ്വന്തമായ ബിസിനസ് എന്ന ആഗ്രഹത്തിന് തുടക്കമിട്ടത്. പിന്നാലെ ജേർണലിസവും പൂ‌ർത്തിയാക്കി. പഠനത്തിന് ശേഷം മലയാളത്തിലെ ദിനപത്രത്തിൽ പത്രപ്രവർത്തകനായി ജോലി നേടി വയനാട്ടിലേക്ക് പോയി.

Popees-2

എന്നാൽ, ഉള്ളിലെ സംരംഭകനെ പൂർണമായും മറക്കാനാകുമായിരുന്നില്ല. കുഞ്ഞുങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾക്ക് മാ‌ർക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ് മഞ്ചേരിയിൽ സുഹൃത്തിന്റെ ബേബി കെയർ ഷോപ്പിൽ പണം നിക്ഷേപിച്ചു. ഓഫീസിൽ അവധിയുള്ള ദിവസങ്ങളിൽ സുഹൃത്തിന്റെ കടയിൽ പോയിരിക്കാനും തുടങ്ങി.

കുഞ്ഞുങ്ങൾക്ക് വേണ്ടി സുരക്ഷിതമായും വൃത്തിയിലും കേരളത്തിൽ വസ്ത്രങ്ങളെത്തുന്നില്ലെന്ന സത്യം ഷാജു തിരിച്ചറിഞ്ഞത് അപ്പോഴാണ്. പലപ്പോഴും വലിയ കാ‌ർട്ടണുകളിൽ കെട്ടുകെട്ടായി എത്തിക്കുന്ന വസ്ത്രങ്ങൾക്ക് നൂലിഴകൾ ഡൈ ചെയ്യാനുപയോഗിക്കുന്ന സൾഫറിന്റെ മണമായിരുന്നു. എന്നിട്ടും അവ ചൂടപ്പം പോലെ വിറ്റു പോകുന്നതും പലപ്പോഴും ആശുപത്രികളിൽ നിന്ന് ആളുകൾ നേരിട്ടെത്തി വസ്ത്രം വാങ്ങി നവജാത ശിശുക്കളെ അവ ഉടുപ്പിക്കുന്നതും ഷാജു കണ്ടു!

Poppes-02

കുഞ്ഞിളം പൈതലിന്റെ മേനിയിൽ ധരിപ്പിക്കുന്ന വസ്ത്രം എത്രത്തോളം വൃത്തിഹീനമായാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് ഷാജുവിനെ ചിന്തിപ്പിച്ചു. കുഞ്ഞുങ്ങൾക്കൊഴികെ എല്ലാ വിഭാഗം ആളുകൾക്കും ബ്രാൻഡഡ് വസ്ത്രമുണ്ട്. മികച്ച ക്വാളിറ്റിയിൽ കുഞ്ഞുങ്ങൾക്ക് വസ്ത്രമെത്തിച്ചു നൽകുന്നതിന് അവസരമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഷാജുവിന്റെ ഉള്ളിലെ സംരംഭകൻ ഉണർന്നു. അവിടെയായിരുന്നു പോപ്പീസ് എന്ന ആശയത്തിന്റെ തുടക്കം.

popees2

കുഞ്ഞുങ്ങൾക്ക് മികച്ച ക്വാളിറ്റിയിൽ കുഞ്ഞുടുപ്പുകൾ എത്തിക്കുക എന്ന തീരുമാനവുമായി വസ്ത്ര മാനുഫാക്ചറിങ് യൂണിറ്റുകളുടെ കേന്ദ്രമായ തിരുപ്പൂരിലേക്ക് വണ്ടി കയറി. മലയാള മനോരമയിലായിരുന്നു ജോലി അക്കാലത്ത്. ജോലിയുടെ ഭാഗമായി ചോദിച്ചുവാങ്ങിയ അസൈൻമെന്റുകളായാണ് യാത്ര ചെയ്തിരുന്നത്. വിദേശത്ത് നിന്ന് കൂട്ടുകാർ എത്തിച്ചു നൽകിയ കുഞ്ഞുടുപ്പുകളുമുണ്ടായിരുന്നു കൈയിൽ. അതേ ഗുണനിലവാരം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, തിരുപ്പൂ‌ർ റെയിൽവേസ്റ്റേഷനടുത്തുള്ള മാർക്കറ്റിന്റെ മുന്നിലെത്തിയതും ഒന്നു പകച്ചു. നാട്ടിൽ വിൽക്കാനുള്ള തുണികൾ വാങ്ങാൻ മാ‌ർക്കറ്റിന്റെ ഒരു വശത്തും വിദേശത്ത് അയക്കാനുള്ളത് മറ്റൊരു വശത്തും. രണ്ടിനും രണ്ട് ഗുണനിലവാരം.

ഷാജുവിന് ആവശ്യമായിരുന്നതാകട്ടെ വിദേശത്ത് കയറ്റി അയയ്ക്കുന്ന നിലവാരമുള്ള വസ്ത്രം നാട്ടിൽ വിൽക്കുക എന്നതായിരുന്നു. പലരോടും സംസാരിച്ചു. ഇന്ത്യക്ക് അകത്താണെങ്കിൽ ആ കടമുറികളിൽ നിന്ന് എടുക്കാമെന്നും പുറത്തേയ്ക്ക് അയക്കണമെങ്കിൽ നിശ്ചിത എണ്ണം ഒന്നിച്ചെടുക്കണമെന്നുമുള്ള നിർദ്ദേശമാണ് എല്ലാവരും വച്ചത്. ഉടനടി ലാഭം വേണമെങ്കിൽ ആദ്യത്തേതായിരുന്നു തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, ലാഭത്തേക്കാളുപരി തന്റെ ഉള്ളിലെ സ്വപ്നത്തിനാണ് ഷാജു വില കൽപ്പിച്ചത്, സത്യത്തിനും.

ഏറെ അലച്ചിലിനൊടുവിൽ തന്റെ ഉള്ളിലെ ആശയവുമായി ഒത്തുപോകുന്ന ഒരു സപ്ലൈയറെ ഷാജു കണ്ടെത്തി. സംരംഭത്തിലേക്കുള്ള ആദ്യ കടമ്പ കടന്നുവെന്ന് ആശ്വസിച്ച അതേ നേരത്താണ് കേരളത്തിൽ അന്ന് നമ്പർ വണ്ണായിരുന്ന ന്യൂസ് ചാനലിൽ നിന്നുള്ള ജോലി ഷാജുവിനെ തേടിയെത്തിയതും. തന്നെ ജേർണലിസ്റ്റ് ആയി കാണാൻ കൊതിച്ച വീട്ടുകാരുടെ നി‌ർബന്ധം കണ്ടില്ലെന്ന് നടിച്ച് ആ ജോലി നിരസിച്ചു. തന്റെ സ്വപ്നവുമായി മുന്നോട്ടു പോകാൻ തന്നെയായിരുന്നു ഷാജുവിന്റെ തീരുമാനം. എന്നാൽ, താണ്ടേണ്ടത് പ്രതിസന്ധികളുടെ ചെറുനദിയല്ല, ഒരു മഹാസമുദ്രമാണെന്ന് മുന്നോട്ടുള്ള യാത്രയിൽ തിരിച്ചറിയുകയായിരുന്നു.

പ്രതിസന്ധികളിൽ തളരാതെ

തിരുപ്പൂരിൽ നിന്ന് തുണി നാട്ടിലെത്തിച്ച് കച്ചവടം ചെയ്യുകയല്ല, കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ബ്രാൻഡ് ആണ് താൻ നിർമ്മിക്കാൻ പോകുന്നത് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു ഷാജു. അതുകൊണ്ടു തന്നെ ബ്രാൻഡിന്റെ പേരായിരുന്നു ആദ്യം നോക്കിയത്. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഫാഷനുമായി ബന്ധപ്പെട്ട പോപ്പീസ് എന്ന ഫ്രഞ്ച് പേരിൽ മനസ്സുടക്കിയത്.

Popees-1

കുഞ്ഞുങ്ങൾക്ക് ബ്രാൻഡഡ് വസ്ത്രം എന്ന് ചിന്തിച്ചിട്ടു പോലുമില്ലാത്ത ഒരു ജനതയ്ക്ക് വേണ്ടിയാണ് ഷാജു തന്റെ സംരംഭം ആരംഭിച്ചത്.  എന്തുകൊണ്ട് കുഞ്ഞുങ്ങൾക്ക് ക്വാളിറ്റി വസ്ത്രങ്ങൾ എന്ന് രക്ഷിതാക്കൾ പോലും ചിന്തിക്കാതിരുന്ന കാലം. എക്സ്പോർട്ട് ക്വാളിറ്റിയിൽ നിർമ്മിക്കുന്നതിനാൽ വില അൽപം കൂടുതലായിരുന്നു ഷാജുവിന്റെ വസ്ത്രങ്ങൾക്ക്. ആറു രൂപയ്ക്ക് കിട്ടുന്ന ഉടുപ്പ് 60 രൂപയ്ക്ക് വാങ്ങേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവർക്കിടയിൽ സഹായമനസ്കരായ മലബാറിലെ കടയുടമകളാണ് അദ്ദേഹത്തിന് ആത്മവിശ്വാസമേകിയത്.


കോളേജ് യൂണിയൻ നേതാവായും മാധ്യമപ്രവർത്തകനായുമൊക്കെ പരിചിതനായിരുന്ന ഷാജുവിന്റെ വസ്ത്രങ്ങൾ തങ്ങളുടെ കടകളിൽ വയ്ക്കാൻ പല ഉടമകളും സമ്മതിച്ചു. കച്ചവടം മെല്ലെ മുന്നോട്ടുപോകെ വസ്ത്രത്തിന്റെ ഗുണനിലവാരം മനസ്സിലാക്കി പലരും അതു ചോദിച്ചെത്തി തുടങ്ങി. ആവശ്യക്കാർ കൂടി. തിരുപ്പൂരിൽ നിന്ന് വസ്ത്രങ്ങളെത്തുന്നതിൽ കാലതാമസം നേരിട്ടു. വസ്ത്രം തിരുപ്പൂരിൽ തയ്ച്ചെടുക്കുന്നതാണ് കാലതാമസമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കി. കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങിയാൽ ആ പ്രശ്നം പരിഹരിക്കപ്പെടും. എന്നാൽ, കേരളത്തിൽ സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങാൻ ലക്ഷങ്ങൾ ആവശ്യമായിരുന്നു. ബാങ്കിൽ നിന്ന് ലോണെടുക്കുക അല്ലാതെ വേറെ വഴിയില്ല.
10 ലക്ഷം രൂപ ലോണിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ബാങ്കിൽ പോയി.

എന്നാൽ, കുഞ്ഞുടുപ്പുകൾക്ക് ലോൺ തേടിയെത്തിയ ചെറുപ്പക്കാരനോട് മസാലപ്പൊടി പോലെ ലാഭം കിട്ടുന്ന ബിസിനസ് ചെയ്തൂടെ എന്നായിരുന്നു ബാങ്ക് മാനേജറുടെ ചോദ്യം. കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള വസ്ത്രം നൽകേണ്ടതുണ്ട് എന്നായിരുന്നു ഷാജുവിന്റെ മറുപടി. 10 ലക്ഷത്തിന് പകരം അനുവദിക്കപ്പെട്ടത് വെറും ഒരു ലക്ഷംരൂപ!. തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല ഷാജു. എന്തിന് വേണ്ടിയാണോ ഒരുങ്ങിയിറങ്ങിയത് അത് തീർക്കണമെന്നത് വാശിയായി. പഠിച്ച ഇക്കണോമിക്സ് ഉപകാരപ്പെട്ട കാലമായിരുന്നു അത്. കൈയിൽ സമ്പാദ്യമായിണ്ടായിരുന്ന നാലുലക്ഷവും കൂട്ടിച്ചേർത്ത് ചെന്നൈയിൽ നിന്ന് മെഷീനുകളെത്തിച്ചു. ജന്മനാടായ നിലമ്പൂർ തിരുവാലിയിൽ കുറെ കടമുറികൾ ചേർത്ത് 20 അംഗങ്ങളുമായി ഒരു ചെറിയ സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങി. തിരുപ്പൂരിൽ നിന്ന് തുണി ഇവിടെയെത്തിച്ച് തയ്ച്ചെടുത്തു തുടങ്ങി. മലബാറിലെ കൂടുതൽ കടകളിൽ പോപ്പീസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എങ്കിലും സംരംഭം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കൂടുതൽ പണം ആവശ്യമായിരുന്നു. അതുകൊണ്ട് വീണ്ടും ബാങ്കിനെ തന്നെ സമീപിച്ചു. ബാങ്കിൽ പഴയ മാനേജർ മാറി പുതിയ ആൾ വന്നതാണ് തന്റെ ജീവിതത്തിൽ ദൈവം നടത്തിയ ഇടപെടൽ എന്ന് ഷാജു വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് ലോണിന് വേണ്ടി അപേക്ഷിക്കുന്നതെന്ന് അറിയാൻ ഫാക്ടറി സന്ദർശിക്കണമെന്ന് അദ്ദേഹം ബാങ്ക് മാനേജരോട് പറഞ്ഞു. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി പുതിയ മാനേജ‌ർ ഫാക്ടറി സന്ദർശിച്ചു. ഫാക്ടറി കണ്ടതും ആ ചെറുപ്പക്കാരന്റെ നിശ്ചയദാർഢ്യം മാനേജർക്ക് ബോധ്യമായി. രണ്ടേരണ്ടുനാളിനകം ബാക്കിയുള്ള 9 ലക്ഷം ലോൺ കൂടി അനുവദിച്ചുകിട്ടി. മൂന്നുവർഷത്തിനുള്ളിൽ ആ ബാങ്ക് മാനേജർ പോപ്പീസിന് ഒരു കോടി രൂപയാണ് വായ്പയായി അനുവദിച്ചു നൽകിയത്. പോപ്പീസ് എന്ന ബ്രാൻഡിന്റെ ജൈത്യയാത്ര അവിടെ തുടങ്ങുകയായിരുന്നു. ഇതേസമയത്ത് വിവാഹവും കഴിഞ്ഞിരുന്നു. ഭാര്യ ലിന്റ ജോസും ഭർത്താവിനൊപ്പം നിന്നു. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിലും മറ്റും സഹായിച്ചു.  2008ൽ 100അംഗങ്ങളുമായി പോപ്പീസ് രണ്ടാമത്തെ ഫാക്ടറി തുടങ്ങി. കേരളത്തിന്റെ മറ്റു മേഖലകളിലേക്കും പോപ്പീസിന്റെ സാന്നിധ്യമെത്തിച്ചു. തൊട്ടടുത്ത വർഷം കേരളത്തിന് പുറത്തേക്കും.

പോപ്പീസ് സ്റ്റോർ, ഫോട്ടോ: മനോരമ സമ്പാദ്യം
പോപ്പീസ് സ്റ്റോർ, ഫോട്ടോ: മനോരമ സമ്പാദ്യം

2010ൽ പോപ്പീസ് തങ്ങളുടെ ലോഗോ മാറ്റി. ഒരു പൂമ്പാറ്റ അതിന്റെ പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന ലോഗോയും പോപ്പീസും ആളുകളുടെ മനസ്സിൽ പതിയേണ്ടതുണ്ടെന്ന് ഷാജു മനസിലാക്കി. മാധ്യമ പ്രവർത്തനത്തിലെ തന്റെ അനുഭവ പരിചയം ഷാജുവിന് തുണയായത് അപ്പോഴാണ്. കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള വസ്ത്രം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിവിധ മാദ്ധ്യമങ്ങളിലൂടെ അഡ്വറ്റോറിൽ മാതൃകയിൽ ഷാജു ജനമധ്യത്തിലെത്തിച്ചു. ആളുകൾക്ക് പോപ്പീസ് പരിചിതമായിത്തുടങ്ങി. കടകളിൽ എത്തുന്നവർ പോപ്പീസ് എന്ന ബ്രാൻഡ് ആവശ്യപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട് പോപ്പീസിന്റെ നാളുകളായിരുന്നു. 2011ൽ 400ലേറെ ജീവനക്കാരായി പോപ്പീസിന്. 2019 ആകുമ്പോഴേക്കും പഞ്ചാബ്, ന്യൂഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ വിപണികളിലേക്കും പോപ്പീസ് എത്തിത്തുടങ്ങിയിരുന്നു.
പോപ്പീസിന് സ്വന്തമായി റീട്ടെയിൽ സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന ചിന്ത വന്നത് ആ കാലത്താണ്. അപ്പോഴേക്കും പോപ്പീസിന് വേണ്ടി മാത്രം അഹമ്മദാബാദിൽ നിന്ന് ഏറ്റവും മികച്ച നിലവാരമുള്ള പരുത്തി തിരുപ്പൂരിലെത്തിച്ച് അവിടെ മാനുഫാക്ച‌ർ ചെയ്ത തുണി കേരളത്തിലെത്തിച്ച് ഇഷ്ടപ്പെട്ട ഡിസൈനുകളിൽ തയ്ക്കുക എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, കേരളത്തിൽ നിപ്പയും പ്രളയവും എല്ലാംകൊണ്ട് വ്യാപാരങ്ങളെല്ലാം നഷ്ടത്തിൽ കലാശിച്ചിരുന്ന ആ കാലത്ത് സ്വന്തമായി ഔട്ട്ലെറ്റ് തുടങ്ങുക എന്ന തീരുമാനം തെറ്റായിപ്പോകുമോ എന്ന ആശങ്ക ബാക്കിയായി. മനസിലിട്ട് ഏറെ കൂട്ടിയും കുറച്ചും അവസാനം കമ്പനിയുടെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ ചെറിയ ഔട്ട്ലെറ്റ് ഇടാൻ തീരുമാനിച്ചു.അത് വൻ വിജയമായി. ആളുകൾ കെട്ടുകണക്കിന് തുണി എടുത്തുകൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായതോടെ സ്വന്തം ഷോറൂം തുടങ്ങാമെന്ന് ഉറപ്പിച്ചു. അങ്ങനെ 2019ൽ കൊച്ചിയിൽ 1500 സ്ക്വയർഫീറ്റിൽ പോപ്പീസിന്റെ ആദ്യ ഷോറൂം തുറന്നു. കൊച്ചിയിലെ ഷോറൂം ആരംഭിച്ചപ്പോഴാണ് പോപ്പീസിനെ ആളുകൾ എത്രത്തോളം വിശ്വസിക്കുന്നുണ്ടെന്നും പോപ്പീസിന്റെ എല്ലാ ഉത്പന്നങ്ങൾക്കും ആവശ്യക്കാരുണ്ടെന്നും ഷാജു തിരിച്ചറിഞ്ഞത്. വസ്ത്രങ്ങളിൽ നിന്ന് കുഞ്ഞുങ്ങൾക്കുള്ള മറ്റു ഉത്പന്നങ്ങളും നിർമ്മിക്കാനും വിൽക്കാനും തീരുമാനിച്ചത് അങ്ങനെയാണ്. കുഞ്ഞുങ്ങൾക്കുള്ള സോപ്പ്,ഡയപ്പ‌ർ, വെറ്റ് വൈപ്പ്സ്, ബേബി ഓയിൽ, ക്രീം, അങ്ങനെ ടോയ്‍ലറ്ററീസിൽ തുടങ്ങി ചെരുപ്പ്, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ പോപ്പീസ് ഒരു നീണ്ട നിര തന്നെ ഒരുക്കി. ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഷെയർഹോൾഡേഴ്സ് ആയി തങ്ങളുടെ വാക്കുകൾക്ക് വിലയുണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് കുഞ്ഞുങ്ങളുടെ മറ്റു പോപ്പീസ് ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയത് തന്നെ. കൊച്ചിയിലെ ഷോപ്പും പോപ്പീസിലെ മറ്റ് ഉത്പന്നങ്ങളും ഹിറ്റായതോടെ തിരുവനന്തപുരത്തും പിന്നാലെ ബാംഗ്ലൂരിലും എക്സ്ക്ലൂസീവ് ഷോറൂമുകൾ ആരംഭിച്ചു.  

കൊവിഡിനെയും തോൽപ്പിച്ച് മുന്നോട്ട്

shajufamily

എല്ലാംകൊണ്ടും പോപ്പീസ് ഉയർച്ചയുടെ പടവുകൾ താണ്ടുന്ന സമയം. ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി പോപ്പീസിനെ മാറ്റണമെന്ന ഷാജുവിന്റെ അടുത്ത നാഴികക്കല്ല് നേടാനുള്ള എല്ലാം അണിയറയിൽ ഒരുങ്ങി. ഓഹരിവിപണിയിൽ സ്ഥാനം പിടിക്കാൻ സ്വകാര്യ നിക്ഷേപകരുമായി പങ്കാളിത്തം ഉറപ്പിച്ചു. നടി ഐശ്വര്യറായിയെ ബ്രാൻഡ് അംബാസിഡറാക്കാൻ തീരുമാനിച്ചു.

അപ്പോഴാണ് എല്ലാം തകിടം മറിച്ച് കോവിഡ് എത്തിയത്. ഐശ്വര്യയുമായി കരാർ ഒപ്പിടാൻ തീരുമാനിച്ച ദിവസത്തിന് രണ്ട് ദിവസം മുമ്പ് രാജ്യം ലോക്ക് ഡൗണിലായി. വിപണിയിലെ അനിശ്ചിതത്വം കാരണം നിക്ഷേപകർ പിന്മാറി. എന്നാൽ, തോറ്റു പിന്മാറാൻ ഷാജു തയ്യാറല്ലായിരുന്നു. എല്ലാരും അടച്ചുപൂട്ടിയ കാലത്തും കുഞ്ഞുങ്ങൾക്കായി തുണികൾക്കൊപ്പും മാസ്കുകളും തയ്ച്ച് സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്തു.

കോവിഡ് അടങ്ങാനെടുത്ത രണ്ട് വർഷക്കാലത്തിനുള്ളിൽ പോപ്പീസ് തങ്ങളുടെ വള‌ർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് ചുവടു വച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ 30 സ്റ്റോറുകൾ ആരംഭിച്ചു. ഇപ്പോൾ ഇന്ത്യക്ക് അകത്തും പുറത്തുമായി ഫ്രാഞ്ചൈസികൾ ഉൾപ്പെടെ പോപ്പീസിന്റേതായി 70 സ്റ്റോറുകളാണുള്ളത്. യു.കെയിലെ മാഞ്ചസ്റ്റർ, ഓസ്ട്രേലിയയിലെ പെർത്ത് തുടങ്ങി 30 രാജ്യങ്ങളിൽ 8000 ലേറെ ഷോറൂമുകളിൽ പോപ്പീസിന്റെ സാന്നിധ്യമുണ്ട്. പോപ്പീസ് എന്ന ബ്രാൻഡ് അടുത്ത പടവുകൾ കയറാനുള്ള സമയമായെന്നാണ് ഷാജുവിന്റെ കണക്കുകൂട്ടൽ. അതുകൊണ്ടു തന്നെ മറ്റു ഷോറൂമുകളിൽ പോപ്പീസ് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് പകരം പോപ്പീസിന്റെ തന്നെ ഷോറൂമുകൾ ആരംഭിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ബിസിനസിൽ താത്പര്യമുള്ളവർക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തങ്ങളുടെ മൊബൈൽ ഫോണിലൂടെ കാര്യങ്ങൾ നിയന്ത്രിക്കാൻ സൗകര്യമൊരുക്കുന്ന വിധമുള്ള ഫ്രാഞ്ചൈസി ഇൻവസ്റ്റർ ആകുന്നത് മുതൽ ഫ്രാഞ്ചൈസി പാർട്ണ‌ർ, ബിസിനസ് പങ്കാളി, വിദേശങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി എന്നിങ്ങനെ പല വിധത്തിൽ പോപ്പീസിന്റെ വളർച്ചയുടെ ഭാഗമാകാൻ ആളുകൾക്ക് അവസരമൊരുക്കുകയാണ് ഇപ്പോൾ. വൈകിയാണെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂം തങ്ങളുടെ വരവ് അറിയിച്ചിരിക്കുകയാണ് പോപ്പീസ്. കുറച്ചുമാസങ്ങൾ കൊണ്ടുതന്നെ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ പോപ്പീസ് സ്വന്തമാക്കുന്നത്.

Shajufamily2

കോവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചെങ്കിലും ഓഹരിവിപണിയിൽ എത്തുക എന്ന തന്റെ ലക്ഷ്യവും നേടുക തന്നെ ചെയ്തു ഷാജു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത അ‌ർച്ചന സോഫ്ട്‍വെയറിന്റെ ഓഹരികൾ സ്വന്തമാക്കി പ്രൊമോട്ടർമാരായി മാറി ഷാജുവും പത്നി ലിന്റയും. കമ്പനിയുടെ പേര് പോപ്പീസ് കെയേഴ്സ് എന്നുമാക്കി.
നിലവിൽ മാസം അഞ്ച് ലക്ഷത്തോളം തുണിത്തരം ഉൽപ്പ ദിപ്പിക്കാനുള്ള ശേഷിയുണ്ട് പോപ്പീസിന്റെ കേരളത്തിലെയും കർണ്ണാടകയിലെയും തുണി ഫാക്ടറികൾക്ക്. 18,000 കിലോഗ്രാമിനും 22,000 കിലോഗ്രാമിനും ഇടയിൽ തുണിത്തരങ്ങൾ വിൽക്കുന്നുണ്ട്. 20 ൽ നിന്ന് തുടങ്ങിയ പോപ്പീസിൽ ഇപ്പോൾ രണ്ടായിരത്തിലേറെ തൊഴിലാളികളുമുണ്ട്!
കഴിഞ്ഞ വർഷം 122 കോടിയായിരുന്നു പോപ്പീസിന്റെ വാർഷിക വരുമാനം. 2025ൽ 250 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. 2027ൽ ആയിരം കോടിയെന്ന മാജിക്കൽ നമ്പ‌ർ നേടുമെന്നും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും കോടികളുടെ വലിപ്പമല്ല തന്റെ വിജയത്തിന്റെ തിളക്കം കൂട്ടുന്നതെന്ന് പറയുന്നു ഷാജു. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളല്ല വാങ്ങുന്നത്, അവരുടെ അമ്മമാരാണ്. കുഞ്ഞുങ്ങളുടെ സന്തോഷമാണ് അമ്മമാരുടെ മനം നിറയ്ക്കുന്നത്. ഉപയോഗിച്ചിട്ട് ഒരാളു പോലും മോശം അഭിപ്രായം പറയുന്നില്ല എന്നതാണ് പോപ്പീസിനും അതിന്റെ ഉടമയെന്ന നിലയ്ക്ക് തനിക്കും സന്തോഷം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കുഞ്ഞുങ്ങൾക്കുള്ള ഉൽപ്പന്നം വാങ്ങാനെത്തിയ അമ്മമാരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞപ്പോഴാണ് അവർക്കായും മികച്ച ഗുണനിലവാരത്തിൽ വസ്ത്രങ്ങൾ ഒരുങ്ങേണ്ടതുണ്ടെന്ന അറിവുണ്ടായത്. അത് പോമീസ് എന്ന ബ്രാൻഡിന്റെ പിറവിയിലെത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പോമീസ് സംസ്ഥാനത്ത് മൂന്ന് ഷോറൂമുകളും തുറന്നു. ലോകത്തിലെ ഏറ്റവും മികച്ച ഉൽപ്പന്നം താങ്ങാനാവുന്ന വിലയിൽ രക്ഷിതാക്കൾക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് കുട്ടികൾക്കുള്ള സ്ട്രോളറുകൾ കഴിഞ്ഞ വർഷം പുറത്തിറക്കിയതും ഗുണമേന്മയിൽ ഉറച്ചുവിശ്വസിക്കുന്നതു കൊണ്ടാണ്.
തിരുവാലിയിൽ നിന്ന് ലോകോത്തര ഗുണമേന്മയുള്ള വസ്ത്രം ഇറങ്ങില്ലെന്നും വേണമെങ്കിൽ ഫാക്ടറി വിലാസം മാറ്റിക്കൊള്ളാനും ഉപദേശിച്ചവർ നിരവധിയായിരുന്നു. ഇന്ന് അതേ തിരുവാലിയിൽ പോപ്പീസിന്റെ ചുവടുപിടിച്ച് നിരവധി തുണിഫാക്ടറികളാണുള്ളത്. കൂടാതെ സർക്കാരിന്റെ ഒരു ഫാഷൻ ടെക്നോളജി സ്ഥാപനവും വരാനൊരുങ്ങുന്നു.

ഒരു കൊച്ചുഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ പോപ്പീസിനായി. ലോക ഭൂപടത്തിൽ കേരളത്തിന്റെ യശസ് ഉയർത്താൻ വരും വർഷങ്ങളിൽ ലോകോത്തര നിലവാരമുള്ള പോപ്പീസിന്റെ ഉൽപ്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും കുഞ്ഞുങ്ങളിലേക്കും അമ്മമാരിലേക്കും എത്തുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ അന്ന് ബാങ്കുമാനേജ‌ർക്ക് തന്റെ സംരംഭസ്വപ്നത്തെ വിശദീകരിച്ചു നൽകിയ 26 വയസുകാരന്റെ അതേ ചുറുചുറുക്കും ആത്മവിശ്വാസവും ഷാജു തോമസിൽ കാണാം.  

ഫ്രാഞ്ചൈസി എടുക്കാനും പോപ്പീസിന്റെ വളർച്ചയിൽ പങ്കാളിയാവാനും താത്പര്യപ്പെടുന്നവർക്ക് ഫോൺ: 9745944544,
ഇ-മെയിൽ: mmdo@popees.com

English Summary:

Learn how Popees grew from a small factory to a 120 Crore brand. Discover franchise opportunities and be a part of their expanding global network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com