പുതിയ പദ്ധതികളില്ല;കഞ്ചിക്കോട് ഐടിഐ പ്രതിസന്ധിയിൽ : സ്വകാര്യ മേഖലയ്ക്ക് നടത്തിപ്പിന് നൽകുമോ?

Mail This Article
പാലക്കാട് ∙ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ ഉൾപ്പെടെ പങ്കാളിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഐടിഐ) പുതിയ പദ്ധതികളില്ലാതെ പ്രതിസന്ധിയിൽ. ഐഎസ്ആർഒയുടേത് ഉൾപ്പെടെയുള്ള നിലവിലെ പദ്ധതികൾ അവസാനിച്ചാൽ പുതിയ കരാറുകളില്ല. 3 മാസമായി ജീവനക്കാർക്കു ശമ്പളവും മുടങ്ങി. സ്ഥാപനത്തെ രക്ഷിക്കാനുള്ള നീക്കങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നില്ല.
ടെലികമ്യൂണിക്കേഷൻ രംഗത്തെ മാറ്റങ്ങളെ വൈവിധ്യവൽകരണം കൊണ്ട് അതിജീവിച്ച സ്ഥാപനത്തിനു പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ഒട്ടേറെ പദ്ധതികൾ ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ വൈദ്യുതി ബോർഡ്, ജല അതോറിറ്റി എന്നിവയ്ക്കായി ഡിജിറ്റൽ മീറ്ററുകൾ നിർമിച്ചു നൽകിയ സ്ഥാപനത്തിന് ഇപ്പോൾ ഓർഡറുകൾ ലഭിക്കുന്നില്ല. ഓൺലൈൻ പണമിടപാടു സജീവമായതോടെ, ബാങ്കുകളുടെ എടിഎം കാർഡുകളുടെ ഓർഡറുകളും ഇല്ല.
കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവ നിർമിച്ചിരുന്നെങ്കിലും ഈ മേഖലയിലെ വൻകിട സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ കഴിയാത്തതിനാൽ ടെൻഡറുകളിൽ നിന്നു പുറത്തായി. പ്രതിരോധ മന്ത്രാലയം, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കായി എച്ച്ഡിപിഇ പൈപ്പുകൾ നിർമിക്കാനുള്ള കരാർ അവസാനിച്ചതോടെ പ്ലാന്റ് സ്വകാര്യമേഖലയ്ക്കു നടത്തിപ്പിനു കൊടുക്കാനുള്ള നീക്കം നടക്കുകയാണ്.
ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യങ്ങളിലെ റോക്കറ്റുകളിലെ ഇലക്ട്രോണിക് സർക്യൂട്ടുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിർമാണവും പരിശോധനയുമാണ് ഇപ്പോൾ പ്രധാനമായി നടക്കുന്നത്. ഇത്തരം പദ്ധതികൾ കൊണ്ടു മാത്രം മുന്നോട്ടു പോകാൻ കഴിയില്ല. ആയിരത്തോളം സ്ഥിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ നൂറിൽ താഴെ മാത്രമാണ് സ്ഥിരം ജീവനക്കാർ.