ആഗോള വേദികളിൽ തിളങ്ങി 2 മലയാളി ടെക്നോളജി കമ്പനികൾ

Mail This Article
കൊച്ചി ∙ വ്യത്യസ്ത ആഗോള വേദികളിൽ തിളങ്ങി 2 മലയാളി ടെക്നോളജി കമ്പനികൾ. ലോകത്തെ ഏറ്റവും മികച്ച 100 പരിസ്ഥിതി സൗഹൃദ – കാലാവസ്ഥാ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത സ്റ്റാർട്ടപ് എനർജി ട്രാൻസിഷൻ (എസ്ഇടി) പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സ്റ്റാർട്ടപ് എന്ന ബഹുമതി നേടിയതു പെരുമ്പാവൂർ ആസ്ഥാനമായ എനർജി24ബൈ7. കൊച്ചിയിലെ റിയാഫൈ ടെക്നോളജീസ് സഹസ്ഥാപകനും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ ജോസഫ് ബാബു നേടിയതു വിഖ്യാതമായ ഗൂഗിൾ ക്ലൗഡ് പാർട്നർ ഓൾ സ്റ്റാർ ഇൻ മാർക്കറ്റിങ് പുരസ്കാരം.
ജനറേറ്റീവ് എഐ മാർക്കറ്റിങ്ങിലും ക്ലൗഡ് അധിഷ്ഠിത വളർച്ച തന്ത്രങ്ങളിലും പ്രകടിപ്പിച്ച മികവിനാണു റിയാഫൈ സിഎംഒ ജോസഫ് ബാബുവിനു ഗൂഗിൾ ബഹുമതി. വേൾഡ് എനർജി കൗൺസിലുമായി ചേർന്നു ജർമൻ എനർജി ഏജൻസി രൂപീകരിച്ച പ്ലാറ്റ്ഫോമാണ് എസ്ഇടി. എനർജി24ബൈ7 വികസിപ്പിച്ച ‘ഐകോൺ’ എന്ന ഉൽപന്നമാണ് എസ്ഇടിയുടെ ശ്രദ്ധ നേടിയത്. സ്റ്റുഡന്റ് സ്റ്റാർട്ടപ്പായി സി.പി.നിഷാന്ത്, ഹർഷ് മോഹൻ, എസ്.കിരൺ, ലക്ഷ്മി നമ്പ്യാർ, ഡോ.വിനോദ് കുമാർ ഗോപാൽ എന്നിവർ ചേർന്നാണ് കമ്പനി ആരംഭിച്ചത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business