കുഞ്ഞു ഹോപ്പിന് രണ്ടാം പിറന്നാൾ; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

Mail This Article
ബേസിൽ ജോസഫ് - എലിസബത്ത് ദമ്പതികൾക്ക് ഒരു മകളാണുള്ളത്. രണ്ടു വർഷം മുമ്പ് ആയിരുന്നു മകൾ ഹോപ് പിറന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഹോപ്പിന്റെ രണ്ടാം പിറന്നാൾ ആഘോഷം. സോഷ്യൽ മീഡിയയിലൂടെ മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ബേസിൽ പങ്കുവെച്ചു. "ഹോപ്പിന് രണ്ടു വയസ് തികയുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ബേസിൽ പങ്കുവെച്ചത്.
പിറന്നാൾ ആഘോഷത്തിന്റെ നാലു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ ഹോപ്പിനൊപ്പം ബേസിലും എലിസബത്തും നിൽക്കുന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രത്തിൽ അമ്മയും കുഞ്ഞും ആണെങ്കിൽ മൂന്നാമത്തെ ചിത്രത്തിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഹോപ്പിനെയാണ് നമുക്ക് കാണാൻ കഴിയുക. നാലാമത്തെ ചിത്രം ഹോപ് എന്ന് എഴുതിയ പിറന്നാൾ കേക്ക് ആണ്.
2017ൽ ആയിരുന്നു ബേസിൽ ജോസഫും എലിസബത്തും വിവാഹിതരായത്. എഞ്ചിനിയറിംഗ് കോളേജിലെ പഠന കാലയളവിൽ പരസ്പരം കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2023ൽ ആയിരുന്നു ഇരുവർക്കും മകൾ ഹോപ് പിറന്നത്.
സംവിധായകനായും നടനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ബേസിൽ ഇപ്പോൾ നിരവധി ചിത്രങ്ങളിൽ നടനായി, ജനപ്രിയ നായകനായി മാറിയിരിക്കുകയാണ്. ബേസിൽ നായകനായി എത്തിയ ചിത്രം പൊൻമാൻ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.