ADVERTISEMENT

ഓൾ ഇന്ത്യ റേഡിയോയിലൂടെയുള്ള പ്രക്ഷേപണം കേട്ട് ഉറക്കമുണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മുതിർന്ന തലമുറയ്ക്ക്. ശബ്ദങ്ങളിലൂടെ ലോകത്തെ അറിഞ്ഞ കാലം. ഗൃഹാതുരതയുള്ള കൂടുതൽ റേഡിയോ വിശേഷങ്ങൾ ഇതാ

 

യുദ്ധക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലും ലോകം വലയുമ്പോൾ റേഡിയോ എന്ന കണ്ടുപിടിത്തം മനുഷ്യരാശിയെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ഓർത്തുനോക്കൂ. ഒരു പക്ഷേ മനുഷ്യരെ ഇത്രയേറെ സ്വാധീനിച്ച ഒരു ഇലക്ട്രോണിക് ഉപകരണം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം. 2012 മുതൽ ഫെബ്രുവരി 13 യുഎൻ ലോക റേഡിയോ ദിനമായി ആചരിച്ചു വരുന്നു. 1946ൽ ഇതേ ദിവസമാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 

 

ഈ വർഷത്തെ റേഡിയോ ദിനത്തിന്റെ ആശയം ‘റേഡിയോയും സമാധാനവും’ എന്നതാണ്. റഷ്യയും യുക്രെയ്നും തമ്മിൽ യുദ്ധം തുടരുകയും രാഷ്ട്രങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും പ്രകൃതി ദുരന്തങ്ങളും മഹാമാരികളും തുടർക്കഥ ആവുകയും ചെയ്യുന്ന വർത്തമാനകാലത്ത് സമാധാനവും സന്തോഷവും വിളിച്ചറിയിക്കാൻ റേഡിയോ മുൻപിൽ തന്നെയുണ്ട്. ഇറ്റാലിയൻ ഇലക്ട്രിക്കൽ എൻജിനീയർ മാർക്കോണി ആണ് റേഡിയോയുടെ ആദ്യ പ്രവർത്തന മാതൃക അവതരിപ്പിച്ചത്. 1909ലെ ഫിസിക്സ് നൊബേൽ സമ്മാനം കാൾ ഫെർഡിനന്റ് ബ്രോനുമായി അദ്ദേഹം പങ്കിടുകയും ചെയ്തു. മാർക്കോണി റേഡിയോ കണ്ടുപിടിക്കും മുൻപുതന്നെ റേഡിയോ സിഗ്‌നൽ ഉപയോഗിച്ചുള്ള ആശയവിനിമയം ഇന്ത്യൻ ശാസ്ത്ര പ്രതിഭയായ ജെ.സി.ബോസ് വിശദീകരിച്ചിരുന്നു. എന്നാൽ തന്റെ കണ്ടെത്തൽ വേണ്ടവിധം ലോകശ്രദ്ധയിൽ കൊണ്ടുവന്നു പേരെടുക്കുന്നതിൽ ബോസ് അത്ര താൽപര്യം കാണിച്ചില്ല.

 

ഹാം റേഡിയോ

ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്ന വിനോദം ലോകം മുഴുവൻ പ്രശസ്തമാണ്. ലൈസൻസ് വേണ്ട ഒരു ഹോബിയാണ് ഇത്. പ്രത്യേകം നേടിയെടുത്ത പരിശീലനവും പരീക്ഷയും വഴി ഒരാൾക്ക് ഹാം റേഡിയോ ഉപയോഗിച്ച് സന്ദേശം കൈമാറാനും ആശയാവിഷ്കാരത്തിനും ഉള്ള അനുമതി ലഭിക്കുന്നു. രാഷ്ട്രീയം, മതം, രാജ്യ സുരക്ഷാ തുടങ്ങിയ വിലക്കുള്ള വിഷയങ്ങളല്ലാതെ എന്ത് സന്ദേശവും ഇതുവഴി കൈമാറാം. രാജകീയ വിനോദമായി അറിയപ്പെടുന്ന ഹാം റേഡിയോ ലൈസൻസ് 12 വയസ്സ് കഴിഞ്ഞവർക്ക് നേടാവുന്നതാണ്.

 

ഇന്ത്യയിലെ റേഡിയോ

 

ഇന്ത്യൻ റേഡിയോ പ്രക്ഷേപണ ചരിത്രത്തിനു 95 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. 1927 ജൂലൈ 23ന് ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം തുടങ്ങി. 1923ൽ തന്നെ പ്രക്ഷേപണം ആരംഭിച്ച റേഡിയോ ക്ലബുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. 1936 ജൂൺ 8ന്  ഓൾ ഇന്ത്യ റേഡിയോ (AIR) പ്രവർത്തനം ആരംഭിച്ചു. 1956 മുതൽ AIR ആകാശവാണി എന്നറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ നെറ്റ്‌വർക് ആണ് ആകാശവാണിയുടേത്. ടെലിവിഷൻ വന്നതോടെ റേഡിയോ ശ്രോതാക്കളുടെ എണ്ണത്തിൽ വലിയ കുറവ് വന്നു. അതിന് ഒരു മാറ്റം വന്നത് FM സ്റ്റേഷനുകളും സ്വകാര്യ FM ചാനലുകളും വന്നതോടെയാണ്. AM, SW എന്നീ പ്രക്ഷേപണ രീതിയെക്കാൾ വളരെ മികച്ച ശബ്ദ പുനരാവിഷ്കാരം FMന്റെ പ്രത്യേകതയാണ്. വാൽവ് ഉപയോഗിച്ച് പ്രവർത്തിച്ച വലിയ റേഡിയോകൾ ട്രാൻസിസ്റ്ററിന്റെ വരവോടെ ചെറുതായി. IC വന്നതോടെ വീണ്ടും ചെറുതായി. ഇന്ന് മൊബൈലിലും ബ്ലൂടൂത്ത് സ്‌പീക്കറിലും ലഭ്യമായതോടെ, ഇടക്കാലത്ത് മങ്ങിയ റേഡിയോ കൂടുതൽ സജീവമായി.

 

Content Summary : World Radio Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com