ലൈബ്രറിയിലെ പുസ്തകം തിരിച്ചുകൊടുക്കാത്ത യുഎസ് പ്രസിഡന്റ്! ഒടുവിൽ ഫൈൻ ഒന്നരക്കോടി രൂപ

Mail This Article
യുഎസിൽ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. അനേകകാലങ്ങളുടെ ചരിത്രമുള്ളതാണു യുഎസ് പ്രസിഡന്റ് പദവി. യുഎസ് പ്രസിഡന്റുമാരെക്കുറിച്ച് രസകരമായ പല കഥകളുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു കഥ കേട്ടാലോ? കഥയല്ല ചരിത്രസംഭവമാണ്.

യുഎസിന്റെ ആദ്യ പ്രസിഡന്റും സ്ഥാപക പിതാക്കൻമാരിൽ ഒരാളുമായ ജോർജ് വാഷിങ്ടനുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സംഭവം. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം 5 മാസം പിന്നിട്ടപ്പോൾ ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പഴയ ലൈബ്രറിയായ ന്യൂയോർക് സൊസൈറ്റി ലൈബ്രറിയിൽ നിന്ന് വാഷിങ്ടൻ 2 ബുക്കുകൾ എടുത്തു. എമ്മറിഷ് വാറ്റെൽ എഴുതിയ ദ് ലോ ഓഫ് നേഷൻസ്, കോമൺ ഡിബേറ്റ്സ്– വോള്യം 12 എന്നിവയായിരുന്നു ഈ പുസ്തകങ്ങൾ. 1789ൽ ആണ് ഇതു നടക്കുന്നത്.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും വാഷിങ്ടൻ പുസ്തകം തിരികെക്കൊടുത്തില്ല. പുസ്തകങ്ങൾ ഡ്യൂ പട്ടികയിലായി. ഫൈൻ കയറിത്തുടങ്ങി. 3 വർഷങ്ങൾക്കുശേഷം അതുവരെ ബുക്ക് എടുത്തവരുടെ പേര് അടയാളപ്പെടുത്തിയ റജിസ്റ്റർ മാറ്റി പുതിയൊരു റജിസ്റ്റർ ലൈബ്രറി സ്ഥാപിച്ചു. പഴയ റജിസ്റ്റർ എങ്ങനെയോ കാണാതെയായി.
പിന്നീട് ഈ റജിസ്റ്റർ കണ്ടെത്തുന്നത് ഒന്നരനൂറ്റാണ്ടോളം കാലത്തിനിപ്പുറം 1934ൽ ആണ്. എങ്കിലും വാഷിങ്ടൻ പുസ്തകം തിരികെക്കൊടുക്കാത്തത് അന്നു ശ്രദ്ധയിൽപെട്ടില്ല. പിന്നീട് 2010ൽ മാത്യു ഹോഗൻ എന്ന ലൈബ്രറി ഗവേഷകനാണ് ഇതു കണ്ടെത്തുന്നത്. അന്നത്തെ കാലത്തെ കണക്കുകൂട്ടൽ അനുസരിച്ച് 3 ലക്ഷം ഡോളർ (അന്നത്തെ ഒന്നരക്കോടി രൂപ) ഫൈൻ ഇനത്തിൽ അടയ്ക്കേണ്ടതായുണ്ടായിരുന്നു.
ആദ്യ പ്രസിഡന്റും യുഎസിന് നിർണായക സംഭാവനകൾ നൽകിയ ആളുമായതിനാൽ വാഷിങ്ടനെ ലൈബ്രറി വെറുതെവിട്ടു. ഫൈൻ അടയ്ക്കേണ്ടെന്നും പുസ്തകം തിരിച്ചുതന്നാൽ സന്തോഷമെന്നും അവർ വാഷിങ്ടനിന്റെ പേരിലുള്ള ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അന്നെടുത്ത പുസ്തകം അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ ട്രസ്റ്റിനു കഴിഞ്ഞില്ല. പകരം അതേ പുസ്തകങ്ങളിൽ ഒന്നിന്റെ കോപ്പി അവർ ലൈബ്രറിക്കു നൽകി. പ്രശ്നം അവസാനിച്ചു.