ഇന്ത്യയിൽ രാജ്യം സ്ഥാപിച്ച ഐറിഷ് കൂലിപ്പടയാളി! ജോർജ് തോമസിന്റെ കഥ

Mail This Article
അനേകം സംഭവങ്ങൾ നിറഞ്ഞ ചരിത്രകാലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യപൂർവ കാലം. ഇക്കൂട്ടത്തിലെ ഒരു കൗതുകകരമായ സംഭവമാണ് ജോർജ് തോമസിന്റേത്. അയർലൻഡിൽ നിന്നുള്ള ഒരു കൂലിപ്പട്ടാളക്കാരനായിരുന്നു ജോർജ് തോമസ്. അദ്ദേഹം ഇന്ത്യയിലെത്തി ഒരു രാജ്യം സ്ഥാപിച്ചു. ഇന്ത്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാത്ത ഒരു സംഭവമാണ് ഇത്. അയർലൻഡിലെ ടിപ്പെറാറി എന്ന സ്ഥലത്ത് 1756ൽ ആണ് ജോർജ് ജനിച്ചത്. പിന്നീട് യുവാവായ ജോർജിനെ ബ്രിട്ടിഷ് നേവി നിർബന്ധിത ജോലിക്കു തങ്ങളുടെ കൂട്ടത്തിൽ കൂട്ടി. ഇങ്ങനെയാണ് ജോർജ് ഇന്ത്യയിലെത്തിയത്. 1781ൽ ജോർജ് കപ്പലിൽ നിന്നു രക്ഷപ്പെട്ട് തീരത്തേക്കു നീങ്ങി. അന്നത്തെ മദ്രാസ് മേഖലയിലേക്കായിരുന്നു ആ നീന്തൽ.
പിന്നീട് ജോർജ് ഹൈദരാബാദിലെത്തി. അവിടത്തെ ഭരണാധികാരിയായ നൈസാമിന്റെ സൈന്യത്തിൽ ചേർന്നു. എന്നാൽ കുറച്ചുകാലത്തിനു ശേഷം ഈ സൈന്യം വിട്ടു ജോർജ് യാത്ര തുടർന്നു. പിന്നീട് 6 വർഷം ജോർജ് എന്താണു ചെയ്തതെന്ന് രേഖകളില്ല. ഡൽഹിക്കു വടക്കായിട്ടായിരുന്നു ജോർജിന്റെ അടുത്ത രംഗപ്രവേശം. ഇന്നത്തെ യുപിയിലുള്ള സർധാന ഭരിച്ചിരുന്ന ബീഗം സമ്രു എന്ന റാണിയുടെ പടയിലാണു ജോർജ് പിന്നീട് ചേർന്നത്. 1787ൽ ആയിരുന്നു ഇത്. താമസിയാതെ പടയുടെ നേതൃത്വം സമ്രുവിനായി. ആയിരക്കണക്കിന് പടയാളികളുണ്ടായിരുന്ന ആ സേനയെ ജോർജ് യൂറോപ്യൻ രീതിയിൽ അടിമുടി നവീകരിച്ചു.

വലിയൊരു തുക ശമ്പളം അധികാരവും ഇതു വഴി ജോർജിനു ലഭിച്ചു. ഈയൊരു കാലഘട്ടം ജോർജിനെ സംബന്ധിച്ച് വിജയങ്ങളുടേതായിരുന്നു. ഉത്തരേന്ത്യയിൽ വലിയ പേരും പെരുമയുമൊക്കെ പടുത്തുയർത്താൻ ഇതുവഴി ജോർജിനു സാധിച്ചു. എന്നാൽ ആയിടയ്ക്കു സമ്രു രാജ്ഞി ജോർജിനു പകരം ഒരു ഫ്രഞ്ചുകാരനെ പടയുടെ അധിപനാക്കി. ഇതു ജോർജിനെ ചൊടിപ്പിച്ചു. അദ്ദേഹം സമ്രുവിന്റെ സൈന്യം വിട്ട് അപ്പാ റാവു എന്ന പ്രഭുവിന്റെ സൈന്യത്തെ നയിക്കലായി ജോർജിന്റെ ജോലി. അക്കാലത്തൊക്കെ സംഭവിച്ച വിജയങ്ങൾ ബഹുമാനവും ഭീതിയും നിറഞ്ഞ ഒരു പരിവേഷം ജോർജിനുണ്ടാക്കിക്കൊടുത്തു.
ഇതിനിടെ സൈന്യാധിപനായുള്ള ജീവിതം ജോർജിനു മടുത്തു. ഒരു രാജ്യം തന്നെ ഭരിക്കണമെന്ന മോഹം അദ്ദേഹത്തിനുണ്ടായി. അങ്ങനെയാണു ജോർജിന്റെ ശ്രദ്ധ ഹരിയാനയിലേക്കു പോകുന്നത്. ഏകദേശം രണ്ടായിരത്തോളം പടയാളികൾ ജോർജിനെ പിന്തുണയ്ക്കാനുണ്ടായിരുന്നു. 1797ൽ ഹരിയാനയിലെ ഹൻസായി തലസ്ഥാനമാക്കിക്കൊണ്ട് ജോർജ് തന്റെ രാജ്യം സ്ഥാപിച്ചു. ചെറിയൊരു രാജ്യമായിരുന്നു ഇത്. കെട്ടിടനിർമാണത്തൊഴിലാളികൾക്കും ശിൽപികൾക്കുമൊക്കെ വലിയ തുക വാഗ്ദാനം ചെയ്തുകൊണ്ട് ജോർജ് അവരെ തന്റെ രാജ്യത്തേക്കു ക്ഷണിച്ചു. അവരിൽ പലരും എത്തുകയും രാജ്യത്തു നിർമാണപ്രവർത്തനങ്ങൾ തകൃതിയാകുകയും ചെയ്തു. സ്വന്തം പേരിൽ നാണയവും ജോർജ് പുറത്തിറക്കി.
എന്നാൽ ജോർജ് തോമസിന്റെ ഭരണവും അദ്ദേഹം സ്ഥാപിച്ച രാജ്യവുമൊക്കെ കുറച്ചുകാലമേ നിലനിന്നുള്ളൂ. തുടരെത്തുടരെയുള്ള യുദ്ധങ്ങൾ ജോർജിനെ തളർത്തിയിരുന്നു. പഞ്ചാബിൽ നടന്ന ഒരു യുദ്ധത്തിൽ ഫ്രഞ്ചുകാർ ജോർജിനെ പിടികൂടി. എന്നാൽ അവർ അദ്ദേഹത്തിനെ വധിച്ചില്ല, അയർലൻഡിലേക്കു തിരികെപ്പോകാൻ അനുമതിയും കൊടുത്തു. ഇതിനായി അന്നത്തെ കൽക്കത്തയിലേക്കുപോകുന്ന വഴി ബെർഹാംപുരിൽ വച്ച് 1802ൽ ജോർജ് തോമസ് പനിമൂലം അന്തരിച്ചു.