ആ ഫോട്ടോയിലുള്ള യുവാവ് ശരിക്കും ആര്? ഭാവിയിൽ നിന്നു വന്നയാളാണോ?

Mail This Article
നമുക്ക് കഴിഞ്ഞ കാലത്തേക്കോ അല്ലെങ്കിൽ ഭാവി കാലത്തേക്കോ പോകാൻ സാധിക്കുമോ? ടൈം ട്രാവൽ എന്നറിയപ്പെടുന്ന ആശയം ഉയർത്തുന്ന ചോദ്യമിതാണ്. ടൈം ട്രാവൽ യാഥാർഥ്യമാകുകയാണെങ്കിൽ നൂറ്റാണ്ടുകൾക്ക് അപ്പുറമോ ഇപ്പുറമോ ഒരു വ്യക്തിക്കു പോകാം. എന്നാൽ ടൈം ട്രാവൽ സിദ്ധാന്തത്തിൽ മാത്രമൊതുങ്ങിയ, യാഥാർഥ്യമാകാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സാങ്കേതികവിദ്യയാണ്.
പല കാലത്തും ടൈം ട്രാവലിനെക്കുറിച്ച് അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. പല ദുരൂഹതാസിദ്ധാന്തങ്ങളും ചിത്രങ്ങളുമൊക്കെ ഇതിന്റെ ഭാഗമായുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് 1941ലെ ഒരു ചിത്രം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഒരു പാലം ഉദ്ഘാടനത്തിനെത്തിയ ആൾക്കൂട്ടമാണു ചിത്രത്തിൽ.
എന്നാൽ ചിത്രത്തിൽ ഒരു യുവാവുണ്ട്. ചുറ്റും നിൽക്കുന്ന ആളുകളുടെ വേഷങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രിന്റഡ് പോലെയുള്ള ടീഷർട്ടും ഇന്നത്തെ കാലത്തേതുപോലുള്ള സൺഗ്ലാസുകളും ചെറിയ ക്യാമറയുമൊക്കെ പിടിച്ചു നിൽക്കുകയാണ് അയാൾ. ഇതോടെ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി നിഗൂഢ സിദ്ധാന്തങ്ങളിറങ്ങി. ആധുനിക കാലത്തു നിന്നു ടൈം ട്രാവൽ ചെയ്തു ഭൂതകാലത്തു പോയ ഏതോ യുവാവ് ആണിതെന്നായിരുന്നു സിദ്ധാന്തം.
എന്നാൽ താമസിയാതെ വിദഗ്ധർ ഫോട്ടോ കൂലംകഷമായി പരിശോധിച്ചു. യുവാവ് ധരിച്ചിരിക്കുന്നത് പ്രിന്റഡ് ടീഷർട്ട് അല്ലെന്നും അക്കാലത്തുണ്ടായിരുന്ന ഒരു സ്വെറ്റർ ആണെന്നും അവർ കണ്ടെത്തി. പ്രിന്റ് ചെയ്തപോലെ തോന്നിച്ച ഭാഗം യഥാർഥത്തിൽ തുന്നിപ്പിടിപ്പിച്ചിരിക്കുകയാണത്രേ. അതുപോലെ തന്നെ ആ മോഡൽ സൺഗ്ലാസും ക്യാമറയുമൊക്കെ അക്കാലത്തുണ്ടായിരുന്നെന്നും വിദഗ്ധർ കണ്ടെത്തി. എങ്കിലും പലരുമിന്നും അതു ഭാവിയിൽ നിന്നു വന്നയാളാണെന്നുതന്നെ വിശ്വസിക്കുന്നു.