ഭൂപടത്തിൽ ഇല്ലാത്ത ഒരു രാജ്യം! സ്ഥിതി ചെയ്യുന്നത് മൊൾഡോവയിൽ

Mail This Article
ചില ദേശങ്ങൾക്ക് രാജ്യങ്ങളുടെ എല്ലാ സ്വഭാവവും ഉണ്ടായിരിക്കും. സ്വന്തമായി ഭരണവും സൈന്യവും മറ്റു സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും രാജ്യാന്തര സമൂഹം അംഗീകരിക്കാത്തതിനാൽ അവ രാജ്യമെന്ന നിലയിൽ മാപ്പിൽ കാണില്ല. അത്തരം രാജ്യങ്ങളെ ഫാന്റം കൺട്രി എന്നു വിളിക്കുന്നു. ഇത്തരമൊരു രാജ്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണു ട്രാൻസ്നിസ്ട്രിയ. യുക്രെയ്നിലെ റഷ്യയുടെ പശ്ചാത്തലത്തിൽ ഈ പേര് പലപ്പോഴും വാർത്തകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
റഷ്യയിലോ യുക്രെയ്നിലോ അല്ല ഈ മേഖല സ്ഥിതി ചെയ്യുന്നത്, യുക്രെയ്ന്റെ അയൽരാജ്യമായ മൊൾഡോവയിലാണു ട്രാൻസ്നിസ്ട്രിയ. റഷ്യയ്ക്ക് വളരെയേറിയ പ്രാധാന്യമുള്ള മേഖലയാണു ട്രാൻസ്നിസ്ട്രിയ.ട്രാൻസ്നിസ്ട്രിയ മോൾഡോവ– യുക്രെയ്‌ൻ അതിർത്തി, ഡ്നീസ്റ്റർ നദി എന്നിവയ്ക്ക് ഇടയിലായാണു സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ മേഖല. നാലരലക്ഷത്തിലധികം പേർ ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ പരമ്പരാഗത മൊൾഡോവക്കാരേക്കാൾ റഷ്യൻ, യുക്രെയ്‌നിയൻ വംശജരാണ് ഇവിടെ കൂടുതൽ.
മൊൾഡോവയുടെ കൈവശമെന്ന് രാജ്യാന്തര സമൂഹം കണക്കാക്കുന്ന ഈ മേഖല 1992 മുതൽ വിമതരുടെ നിയന്ത്രണത്തിലാണ്. വിമതർക്ക് ശക്തമായ റഷ്യൻ പിന്തുണയുമുണ്ട്. മൊൾഡോവൻ ഭരണകൂടത്തിന് ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അർഥം. 26 ലക്ഷം ആളുകളാണ് മൊൾഡോവയിൽ താമസിക്കുന്നത്. ഇതുവരെ നാറ്റോയിലോ യൂറോപ്യൻ യൂണിയനിലോ മൊൾഡോവ അംഗമായിട്ടില്ല. കാലങ്ങളോളം റഷ്യൻ സാമ്രാജ്യവും പിൽക്കാല സോവിയറ്റ് യൂണിയനും മൊൾഡോവയെ തങ്ങളുടെ അധീനതയിലാക്കിയിരുന്നു. എന്നാൽ 1990 മുതൽ ഈ രാജ്യം റഷ്യയിൽ നിന്നു പരമാവധി അകന്ന് യൂറോപ്പുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതാണു ദൃശ്യമായിട്ടുള്ളത്. യൂറോപ്യൻ യൂണിയനിൽ ചേരാനായി അംഗത്വത്തിനു മൊൾഡോവ അപേക്ഷ നൽകുകയും ചെയ്തിരുന്നു.