യുഎസിലെ ദുരൂഹകേന്ദ്രം: ഏരിയ 51ൽ നിന്ന് പറന്ന് രഹസ്യ ജെറ്റ് വിമാനങ്ങൾ

Mail This Article
യുഎസിലെ നെവാഡയിലുള്ള മരുപ്രദേശത്ത് ഗ്രൂം തടാകക്കരയിലാണ് ഏരിയ 51. അമേരിക്കൻ അന്യഗ്രഹ അഭ്യൂഹകഥകളിലെ ഏറ്റവും രഹസ്യകേന്ദ്രം. ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികളെ അമേരിക്ക രഹസ്യമായി പാർപ്പിക്കുന്ന സ്ഥലമാണിതെന്ന് ഗൂഢസിദ്ധാന്തക്കാർ വാദിക്കുന്നു. ഏരിയ 51ന്റെ രഹസ്യം കണ്ടെത്താനായി ഈ മേഖലയിൽ നിർബന്ധിതമായി പ്രവേശിക്കുമെന്ന് പറഞ്ഞ് ‘സ്റ്റോം ഏരിയ 51’ എന്ന ക്യാംപെയ്നും യുഎസിൽ നടക്കാറുണ്ട്.
ഏരിയ 51ൽ നിന്ന് ഇപ്പോൾ ഒരു വാർത്ത വന്നിരിക്കുകയാണ്. ഇവിടെ നിന്ന് 3 ദുരൂഹ യുഎസ് വ്യോമസേനാ ജെറ്റുകൾ പറന്നിരിക്കുന്നെന്നാണു വാർത്ത. യുഎസ് വ്യോമസേനയുടെ ഏറ്റവും രഹസ്യാത്മകമായ ജെറ്റ് ജാനറ്റ് ഫ്ലീറ്റിൽ ഉൾപ്പെട്ടതാണ് ഈ വിമാനങ്ങൾ.എന്താണ് ഈ ജെറ്റുകളുടെ വരവിന്റെ രഹസ്യമെന്ന് വെളിയിൽ അറിവായിട്ടില്ല.
ഉയർന്നു പറക്കുന്ന വിമാനങ്ങൾ ഉപയോഗിച്ച് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാനായി 1954ൽ ‘യു2’ പദ്ധതിക്ക് യുഎസ് രൂപം നൽകിയിരുന്നു. ഇതിന്റെ പരീക്ഷണങ്ങൾക്കുള്ള അതീവ രഹസ്യകേന്ദ്രമെന്ന രീതിയിലാണ് ഏരിയ 51 വികസിപ്പിച്ചത്. 30 ലക്ഷം ഏക്കർ വിസ്തീർണമുള്ള ഏരിയ 51ൽ 3.5 കിലോമീറ്റർ വരെ നീളമുള്ള റൺവേകളും ഉണ്ട്
ഇവിടേക്കുള്ള റോഡ് ഒരു ചെക് പോസ്റ്റ് വരെയാണുള്ളത്. പിന്നെ ആർക്കും മുന്നോട്ടുപോകാനാകില്ല. കൂറ്റൻ കമ്പിവേലികൾ, ക്യാമറകളും അത്യാധുനിക സെൻസറുകളുമടങ്ങിയ സുശക്തമായ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ഏരിയ 51 യു എസ് മാപ്പുകളിൽ അടയാളപ്പെടുത്തിയിട്ടില്ല. 1989ൽ റോബർട് ലാസർ എന്ന വ്യക്തിയാണ് ഏരിയ 51നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പെരുപ്പിച്ചത്. താൻ അവിടെ ജോലിയെടുത്തിട്ടുണ്ടെന്നും അന്യഗ്രഹജീവികളെ നേരിട്ടു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.