തമോദ്രവ്യത്തിൽ പ്രകാശിക്കുന്ന ഡാർക് സ്റ്റാർ! പ്രപഞ്ചത്തിലെ നിഗൂഢമായ നക്ഷത്രങ്ങൾ

Mail This Article
പ്രപഞ്ചത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നിഗൂഢനക്ഷത്രങ്ങളാണു ഡാർക് സ്റ്റാർ. മറ്റു നക്ഷത്രങ്ങൾ ആണവ സംയോജനം അഥവാ ന്യൂക്ലിയർ ഫ്യൂഷൻ എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുമ്പോൾ ഡാർക് സ്റ്റാറുകൾ തമോദ്രവ്യം അഥവാ ഡാർക് മാറ്ററിൽ നിന്നുള്ള ഊർജത്തിലാണു പ്രവർത്തിക്കുക. നമ്മുടെ സൂര്യനേക്കാൾ കോടാനുകോടി മടങ്ങ് പ്രഭയിൽ പ്രകാശിക്കാൻ ഇവയ്ക്കു കഴിയും. എന്നാൽ സിദ്ധാന്തങ്ങളിൽ ഇങ്ങനെയൊരു നക്ഷത്രത്തിന്റെ സാധ്യത ശാസ്ത്രജ്ഞർ കൽപിച്ചിരുന്നെങ്കിലും യഥാർഥത്തിൽ ഇത്തരം നക്ഷത്രങ്ങളുണ്ടോയെന്ന ചോദ്യത്തിന് ഒരു തെളിവും ലഭിച്ചിരുന്നില്ല.
എന്നാൽ പ്രശസ്ത ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ്, കഴിഞ്ഞ മാസം 3 നിഗൂഢ നക്ഷത്രങ്ങളെ കണ്ടെത്തിയിരുന്നു. ഇവ സാധാരണ നക്ഷത്രങ്ങളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ഡാർക് സ്റ്റാറുകളുടെ നിർവചനവുമായി യോജിക്കുന്നതാണ് ഇവയുടെ സവിശേഷതകളെന്ന് ഗവേഷകർ പറയുന്നു. ഇവ ഡാർക് സ്റ്റാറുകളാണോയെന്ന് ഉറപ്പാക്കാൻ ഇനിയും സ്ഥിരീകരണം ആവശ്യമാണ്. ഡാർക് സ്റ്റാറുകളെ യഥാർഥത്തിൽ കണ്ടെത്തി പഠിക്കാൻ കഴിഞ്ഞാൽ തമോദ്രവ്യത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാനൊക്കും.
ജയിംസ് വെബ് എന്ന പ്രപഞ്ചക്കണ്ണാടി
ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്പേസ് ടെലിസ്‌കോപ്പെന്നു വിശേഷിപ്പിക്കപ്പെടുന്നതാണു നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്.ഭൂമിയിൽ നിന്നു ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. 2021 ഡിസംബറിലാണ് ജയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആരിയാനെ 5 റോക്കറ്റാണു ടെലിസ്‌കോപിനെ വഹിച്ചത്. 27 മിനിറ്റ് പിന്നിട്ട ശേഷം റോക്കറ്റിൽ നിന്നു ടെലിസ്‌കോപ് പുറത്തെത്തി.
വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്നതാണ്. 35 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.