ഇന്നു പാറിപ്പറന്നു കിടക്കുന്ന സുനിതയുടെ വന്യമായ മുടി, അന്നു രോഗിക്കായി മുറിച്ച നീളൻ മുടി

Mail This Article
സുനിത വില്യംസിന്റെ മുടി അടുത്തകാലത്ത് വലിയ ചർച്ചാവിഷയമായിരുന്നു. സുനിതയെപ്പറ്റി വന്യമായി പാറിപ്പറന്നു നടക്കുന്ന മുടിയുള്ള വനിതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് ഈ വിഷയം വൈറലാക്കിയത്. എന്തുകൊണ്ടാണ് വനിതാ ബഹിരാകാശ യാത്രികർ തങ്ങളുടെ മുടി കെട്ടിവയ്ക്കാത്തതെന്ന സംശയവും പലരും ഇതിനോട് അനുബന്ധിച്ചു ചോദിച്ചു. പല കാരണങ്ങളുണ്ട് ഇതിന്. ഒന്നാമതായി, ബഹിരാകാശ നിലയത്തിൽ ഗുരുത്വബലം കുറവായതിനാൽ മുടി പൊങ്ങിനിൽക്കും. ബാൻഡുകളോ ക്ലിപ്പോ ഉപയോഗിച്ച് ഒതുക്കിവയ്‌ക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ പതയാത്ത ഷാംപൂവും ടവലുമുപയോഗിച്ചാണു ബഹിരാകാശ യാത്രികർ തങ്ങളുടെ മുടി വൃത്തിയാക്കുന്നത്. ഈ പ്രവൃത്തിക്കായി മുടി വെറുതെയിടുന്നതാണ് അനുയോജ്യം.നിലയത്തിലെ വെന്‌റിലേഷൻ സംവിധാനങ്ങൾ കെട്ടാതെ കിടക്കുന്ന മുടി പെട്ടെന്നുണങ്ങാൻ സഹായിക്കുമെന്നതും പ്രയോജനകരമാണ്.
2006 ഡിസംബറിൽ നടന്ന സുനിതാ വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കൽപനാ ചൗളയ്ക്കു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ എന്ന നിലയിൽ സുനിതയുടെ ബഹിരാകാശ ജീവിതം ഇന്ത്യക്കാരുടെ സവിശേഷ ശ്രദ്ധ നേടി. നിലയത്തിലെത്തിയ കാലത്ത് മനോഹരമായ നീളൻ മുടിയുണ്ടായിരുന്നു സുനിതയ്ക്ക്. എത്തി കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ സുനിത ആ മുടി മുറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന യാത്രികർ മുടി സൗകര്യം കണക്കിലെടുത്ത് മുടി മുറിക്കാറുണ്ട്. എന്നാൽ ഇക്കാരണത്താലല്ല അന്നു സുനിത മുടി മുറിച്ചത്. രോഗത്തിനുള്ള ചികിത്സ മൂലം മുടി നഷ്ടപ്പെട്ട ഒരാൾക്കു വിഗ് നിർമിക്കാനായി സുനിത തന്റെ മുടി മുറിച്ചുകൊടുക്കുകയായിരുന്നു. അന്നു നിലയത്തിലുണ്ടായിരുന്ന സുനിതയുടെ സഹയാത്രിക ജോവൻ ഹിഗിൻബോതമാണ് മുടി മുറിച്ചു കൊടുത്തത്. ഈ മുടി പിന്നീട് നിലയത്തിൽനിന്നുള്ള ഡിസ്‌കവറി ഷട്ടിൽ ഭൂമിയിലെത്തിച്ചു.