ADVERTISEMENT

പഠനം ബോറാണെന്ന് ഒരിക്കലെങ്കിലും പറയാത്ത കുട്ടികൾ കുറവായിരിക്കും. ശരിക്കും പഠനം ഒരു ബോറൻ പരിപാടിയാണോ? അത് ഓരോരുത്തരുടേയും നിലപാടിന്റെ പ്രശ്നമാണെന്ന് പറയുകയാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.ജെ.ജോണ്‍ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച കുറിപ്പിലൂെട പഠനം ആഹ്ലാദകരവും പോസിറ്റിവുമാക്കാൻ ചില ടിപ്സുകൾ പഭ്കുവയ്ക്കുകയാണ് അദ്ദേഹം.

 

ഡോ സി.ജെ ജോൺ പങ്കുവച്ച കുറിപ്പ്

 

 

പഠനം ആന ബോറാണെന്ന് പറയുന്ന പിള്ളേർ അനവധിയാണ്. അത് ഒരു നിലപാടിന്റെ പ്രശ്നമാണ്. എളുപ്പത്തിൽ മറി കടക്കാം. പഠനത്തെ ആഹ്ലാദകരവും  പോസിറ്റിവുമാക്കാൻ ഇതാ പത്ത് തന്ത്രങ്ങൾ 

1. മാതാപിതാക്കൾക്ക് വേണ്ടിയാകരുത് പഠനം.  സ്വന്തം ഉയർച്ചക്കായി അത് ആഹ്ലാദത്തോടെ ചെയ്യുന്ന മനോഭാവം ഉണ്ടാക്കണം.

2. ഏതെങ്കിലുമൊക്കെ വിഷയങ്ങളോടും, പാഠ ഭാഗങ്ങളോടുമൊക്കെ വല്ലാത്തൊരു ഇഷ്ടം വളർത്താൻ ശ്രമിക്കുക. അത് പഠനത്തെ പൊതുവിൽ രസകരമാക്കാം. 

3. കാണാപാഠം വേണ്ട. ആശയം മനസിലാക്കിയുള്ള പഠനമാണ് ആസ്വാദ്യം.ചില കാര്യങ്ങളെ  നിത്യ ജീവിതവും,ദൈനം ദിന പ്രവർത്തികളുമായി ബന്ധിപ്പിച്ചും, നിരീക്ഷിച്ചുമൊക്കെ ഉള്ളിൽ ഉറപ്പിച്ചു നിർത്താൻ നോക്കാം. പഠിച്ച കാര്യങ്ങളെ വരയാക്കാം, ചാർട്ടാക്കാം, പാട്ടാക്കാം. അപ്പോൾ പഠനവും ഉല്ലാസകരമാകും. 

4. സ്വയം ചോദ്യങ്ങൾ ഉണ്ടാക്കാം. ഉത്തരം തേടാം. അറിവിന്റെ വ്യാപ്തി കൂട്ടാൻ നെറ്റിലുള്ള അന്വേഷണവും കൂടി കൂട്ടി ചേർത്ത് ഒരു നല്ല യാത്രയുടെ സുഖം പഠിപ്പിലുണ്ടാക്കാം. 

5. മുഷിച്ചിലുണ്ടാകുമ്പോൾ ഊർജ്ജം പകരാൻ ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ പ്രവർത്തികളിൽ അൽപ്പനേരം മുഴുകാം. എന്നാലത്  പഠനത്തിന് മുക്കി കളയാതെ ക്രമീകരിക്കണം.  

6. അറിവ് പങ്ക്‌ വയ്ക്കുമ്പോൾ പഠനത്തിന്റെ ഉറപ്പ് കൂടും. രസവും ഏറും. ചങ്ങാതിക്കോ സഹോദരങ്ങൾക്കോ പാഠ ഭാഗങ്ങളുടെ സംശയം തീർത്തു കൊടുക്കാം. വേണമെങ്കിൽ ചൊല്ലി കൊടുക്കാം.ആശയ കുഴപ്പമുള്ളത് അറിയാവുന്നവരോട് ചോദിക്കാനും മടിക്കരുത്. 

7. പഠിക്കുന്ന ഇടത്തെ വെടിപ്പോടെയും ചിട്ടയോടെയും ക്രമീകരിക്കണം. വേണ്ട പുസ്തകവും നോട്ട് ബുക്കും  ക്ഷണ നേരത്തിൽ കൈകളിലെത്തുമ്പോഴുള്ള ഊർജ്ജം വലുതാണ്.

അലങ്കോലമായി കിടക്കുന്ന പഠന മുറിയും മേശയും ആവേശം കെടുത്താം.  

8. പരീക്ഷകളെ കുറിച്ചുള്ള വേവലാതികൾ ഇല്ലാതെ സ്വന്തം കഴിവിന് അനുസരിച്ചു നന്നായി പഠിക്കുമ്പോഴാണ് പഠനം ആയാസരഹിതവും സന്തോഷമുള്ളതുമാകുന്നത്. അപകർഷതാ ബോധം  വർദ്ധിപ്പിക്കാനായി കുറവ് മാർക്കുകളെ ഉപയോഗിച്ചാൽ തുടർന്നുള്ള പഠനം ഒരു ഭാരമാകും. തോൽവിയെയും കുറവ് മാർക്കിനെയുമൊക്കെ തിരിച്ച് കയറാനുള്ള ഉത്തേജനമായി ഉപയോഗിക്കുന്ന പോസിറ്റിവ് ശൈലി തന്നെ വേണം. 

9. പുസ്‌തപ്പുഴുവാകുന്നതിൽ ഒരു രസവുമില്ല. പഠ്യേതര അഭിരുചികൾക്കും നേരം കണ്ടെത്തി ദിനത്തെ പൊലിപ്പിച്ചെടുക്കണം. ഉല്ലാസങ്ങൾക്കുള്ള സമയം നല്‍കണം. പഠനത്തിന്റെ പരിഗണന പോകാതെ എല്ലാറ്റിനും നേരം കൊടുക്കണം. 

10. നീട്ടി വച്ച് നീട്ടി വച്ച് ഒടുവിൽ എല്ലാം ഒരുമിച്ച് പഠിക്കേണ്ട അവസ്ഥ വന്നാൽ പഠനം ആധിയായി മാറും. കൃത്യമായി പഠന ക്രമവും, സമയ ആസൂത്രണവും ഈ പിരിമുറുക്കം ഇല്ലാതാക്കും. പഠനത്തെ ടെൻഷൻരഹിതമാക്കും.

അപ്പോൾ പഠനം ഉഷാറാക്കാം.

റെഡി.. സ്റ്റാർട്ട്..ആക്ഷൻ

(ഡോ :സി ജെ ജോൺ)

 

Content Summary : Social media post of Dr CJ John on learning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com