ADVERTISEMENT

ചേർത്തല∙ മകന്റെ വിവാഹ സൽക്കാരം ആഡംബരമാക്കിയെന്നാരോപിച്ച് സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന് സസ്പെൻഷൻ. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി.മനോഹരനെയാണ് ആറു മാസത്തേക്കു പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തത്. ഏരിയ കമ്മിറ്റിയുടെ നടപടി ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇക്കഴിഞ്ഞ 12ന് ചെങ്ങന്നൂരിലായിരുന്നു മനോഹരന്റെ മകന്റെ വിവാഹം.

13ന് വൈകിട്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മനോഹരന്റെ ചേർത്തല അരീപ്പറമ്പിലെ വീട്ടിൽ നടത്തിയ വിവാഹ സൽക്കാരത്തിൽ വിവിധ വിഭവങ്ങളോടെയുള്ള ഭക്ഷണവും ഡിജെ പാർട്ടിയും മറ്റ് ആഘോഷങ്ങളും ഒരുക്കിയിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ചിലർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതായി ആരോപണമുണ്ട്.തുടർന്ന് അരീപ്പറമ്പിലെ രണ്ടു വീടുകളിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണവും നടന്നു.

പാർട്ടി നേതാക്കളും കുടുംബവും ലളിതജീവിതം നയിക്കണമെന്നും വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ആഡംബരം പാടില്ലെന്നുമുള്ള സിപിഎം നിലപാടുകൾക്കു വിരുദ്ധമായി മനോഹരൻ പ്രവർത്തിച്ചുവെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. സമൂഹത്തിന് ഇതു തെറ്റായ സന്ദേശം നൽകിയെന്നും നേതാവിനു യോജിച്ച നടപടിയല്ലെന്നും പാർട്ടി വിലയിരുത്തി. അതേസമയം, ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകന്റെ താൽപര്യപ്രകാരം മകനും സുഹൃത്തുക്കളുമാണ് സൽക്കാരം ഒരുക്കിയതെന്ന മനോഹരന്റെ വിശദീകരണം പാർട്ടി തള്ളി.

''‘ഇവന്റ് മാനേജ്മെന്റ് സംരംഭകനായ മകന്റെ താൽപര്യപ്രകാരമാണ് സൽക്കാരം നടത്തിയത്. മകനൊപ്പം പ്രവർത്തിക്കുന്നവരുടെ ചെലവിലാണ് സംവിധാനങ്ങളൊരുക്കിയത്.  സംരംഭത്തിന്റെ പ്രചാരണം കൂടി അവർ ലക്ഷ്യമിട്ടിരുന്നു.  പാർട്ടിക്കിടെ ഉണ്ടായത് 2 പേർ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ്. പാർട്ടിക്കു വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടിയെ അനുസരിച്ച്, വിധേയനായി പ്രവർത്തിക്കും.’-സി.വി.മനോഹരൻ (നടപടി നേരിട്ട സിപിഎം ഏരിയ കമ്മിറ്റി അംഗം)

‘ആർഭാടമായി കല്യാണം നടത്തിയ നേതാവിനെതിരെ ഏരിയ കമ്മിറ്റി നടപടിയെടുത്തത് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പാട്ടും ഡാൻസും ഒക്കെയായി ആർഭാടത്തോടെയുള്ള വിവാഹം ഒരിക്കലും പാർട്ടി നേതാവിനു യോജിച്ചതല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകന് സമൂഹത്തിൽ മാതൃകാ ജീവിതം നയിക്കേണ്ട ഉത്തരവാദിത്തമുണ്ട്. പാർട്ടിയോട് ആലോചിക്കാതെ ഇത്തരത്തിൽ വിവാഹ ആഘോഷം നടത്തിയതിനോട് യോജിപ്പില്ല.  -ആർ.നാസർ, സിപിഎം ജില്ലാ സെക്രട്ടറി

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com