ഒരാൾക്കു കൂടി മലേറിയ; പനി പടരുന്നു
Mail This Article
ആലപ്പുഴ∙ ജില്ലയിൽ ഒരാൾക്കു കൂടി പേർക്കു മലേറിയ സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന ്തൊഴിലാളിക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് രണ്ടാഴ്ച മുൻപാണ് ലക്നൗവിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ ചികിത്സ ആരംഭിച്ചു. നൈജീരിയയിൽ നിന്നു നാട്ടിലെത്തിയ ചെങ്ങന്നൂർ പുലിയൂർ സ്വദേശിയായ യുവാവിനു രണ്ടു ദിവസം മുൻപു മലേറിയ സ്ഥിരീകരിച്ചിരുന്നു. നൈജീരിയയിൽ നിന്നാണു മലേറിയ ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീട്ടിലുള്ളവർക്കോ അയൽവാസികൾക്കോ രോഗബാധയില്ല. യുവാവ് ജില്ലയ്ക്കു പുറത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ എത്തുന്നവരിൽ മാത്രമാണു കേരളത്തിൽ മലേറിയ ബാധ കണ്ടെത്തുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പനി പടരുന്നു
മഴ ശക്തി പ്രാപിച്ചതോടെ പകർച്ചവ്യാധികളും പടരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ 1015 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേരുമ്പോൾ പനി ബാധിച്ചു ചികിത്സ തേടിയവരുടെ എണ്ണം ഇരട്ടിയിലേറെയാകും. മൂന്നു ദിവസത്തിനിടെ 7 പേർക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടതിനാൽ എലിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പു മുന്നറിയിപ്പു നൽകി.
എലിപ്പനിക്കെതിരെ കനത്ത ജാഗ്രത
3 ദിവസത്തിനിടെ 4 പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയത്. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ശരീരത്തിലെ നേർത്ത മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്കു കാരണമാകും. മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും ഗം ബൂട്ട്, കൈയുറ എന്നിവ ധരിക്കണം. വെള്ളക്കെട്ടിൽ ഇറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.