ADVERTISEMENT

ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്തിൽ നാലാം വാർഡിലെ ഫാമിൽ വളർത്തുപന്നികൾ കൂട്ടത്തോടെ ചത്തത് ആഫ്രിക്കൻ പന്നിപ്പനി  കാരണമാണെന്നു സ്ഥിരീകരിച്ചു. ഫാമിലെ എല്ലാ പന്നികളും ചത്തു രണ്ടാഴ്ചയ്ക്കു ശേഷമാണു ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നിന്നുള്ള പരിശോധനാഫലം ഇന്നലെ കിട്ടിയത്. എല്ലാ പന്നികളും ചത്തതിനാലും പരിസരത്തു വേറെ പന്നി ഫാം ഇല്ലാത്തതിനാലും കള്ളിങ്ങിന്റെ ആവശ്യമില്ല. കർഷകനു നഷ്ടപരിഹാരം ലഭിക്കും. ‍ജില്ലയിൽ ഇതു രണ്ടാം തവണയാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തണ്ണീർമുക്കം പഞ്ചായത്തിൽ തന്നെയായിരുന്നു മുൻപും രോഗബാധ. അഞ്ചാം വാർഡിൽ ഫെബ്രുവരി പത്തിനാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ആദ്യമായിട്ടായിരുന്നു ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ 27 വളർത്തുപന്നികളെ കള്ളിങ്ങിനു വിധേയമാക്കി.

പ്രദേശത്തു പന്നി വളർത്തൽ താൽക്കാലികമായി നിരോധിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നെങ്കിലും സമീപപ്രദേശത്തു തന്നെയാണ് ഇപ്പോൾ വീണ്ടും പന്നിപ്പനി ഉണ്ടായത്. ജൂലൈ രണ്ടിനാണ് നാലാം വാർഡിലെ ഫാമിൽ പന്നികൾ ചത്തുവീണു തുടങ്ങിയത്. ഇവിടെ 12 പന്നികൾ ഉണ്ടായിരുന്നു. സാംപിൾ പരിശോധനാഫലം വരാൻ വൈകിയതിനാൽ നടപടികൾക്കു സാധിച്ചില്ല.  9 ന് ഫാമിലെ അവസാന പന്നിയും ചത്തു. 15 ദിവസത്തിനു ശേഷമാണു പരിശോധനാ ഫലം വന്നത്. 
ചെന്നിത്തലയിൽ 2 ദേശാടനപ്പക്ഷികൾ കൂടി ചത്തു
ആലപ്പുഴ∙ ചെന്നിത്തലയിൽ കൊറ്റി വർഗത്തിൽപെട്ട 2 ദേശാടനപ്പക്ഷികൾ കൂടി ചത്തതായി കണ്ടെത്തി. കഴിഞ്ഞ ദിവസവും രണ്ടെണ്ണം ചത്തിരുന്നു. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയല്ലെന്നു കണ്ടെത്തി.മഞ്ഞാടിയിലെ ലാബിൽ നിന്നുള്ള വിദഗ്ധർ  ഇന്നു സ്ഥലം സന്ദർശിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com