ജലനിരപ്പ് കുറഞ്ഞ് അച്ചൻകോവിലാർ; ഒരു തുള്ളി വെള്ളത്തിനായി വലഞ്ഞ് നാട്ടുകാർ

Mail This Article
ചാരുംമൂട്∙ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നു; ജലജീവൻ പദ്ധതിയിൽ ഉൾപ്പെടെ ശുദ്ധജലം ലഭിക്കാതെ ആയിരക്കണക്കിന് കുടുംബാംഗങ്ങൾ. പാറ്റൂർ കുടിവെള്ള പദ്ധതിയിലേക്കും ആവശ്യാനുസരണം ശുദ്ധജലം ലഭിക്കാത്ത അവസ്ഥയായി.ഒരുദിവസം ഒരു പമ്പിങ്ങിൽ കൂടുതൽ നടത്താൻ കഴിയില്ല. അപ്പോഴേക്കും പൂർണമായും ആറ്റിൽ വെള്ളം വലിഞ്ഞു കഴിയും. നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാതെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
ജലജീവൻ പദ്ധതിയിൽ ഭൂരിപക്ഷം കുടുംബങ്ങൾക്കും വാട്ടർ കണക്‌ഷൻ നൽകിയിട്ടുണ്ടെങ്കിലും വെള്ളം ലഭിക്കാതെ ബിൽ നൽകേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ. പഞ്ചായത്തുകളിലെ പൊതുടാപ്പുകളിൽ 50 ശതമാനത്തിൽ പോലും ശുദ്ധജലം ലഭിക്കുന്നില്ല. മുൻകാലങ്ങളിൽ പഞ്ചായത്ത്തലത്തിൽ പമ്പ് ഹൗസുകളും വാട്ടർ ടാങ്കുകളും ഉണ്ടായിരുന്നു.
എന്നാൽ ജലജീവൻ പദ്ധതി വന്നതോടെ ഇവയെല്ലാം നശിച്ചു. അന്നും ഇന്നും ആവശ്യമായ ശുദ്ധജലത്തിന് ഏക ആശ്രയം അച്ചൻകോവിലാറാണ് . നേരത്തെ ആറിൽ വെള്ളം വറ്റുമ്പോൾ ടാങ്കറുകളിൽ പഞ്ചായത്ത് ശുദ്ധജലം എത്തിക്കുമായിരുന്നു. എന്നാൽ ഇത്തവണ ശുദ്ധജലം എത്തിക്കുന്ന കാര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകിയിട്ടില്ല.