ചെറിയനാട് റെയിൽവേ സ്റ്റേഷൻ അടിപ്പാത: മേൽക്കൂര നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ

Mail This Article
ചെങ്ങന്നൂർ ∙ ചെറിയനാട് റെയിൽവേ സ്റ്റേഷനു തെക്ക് അടിപ്പാതയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ ലക്ഷങ്ങൾ പാഴാക്കുന്നതായി ആക്ഷേപം. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് മഴവെള്ളം വീഴാതിരിക്കാൻ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമാണം. ഉയർന്ന ഭാഗത്തു നിന്ന് അടിപ്പാതയിലേക്കു മഴക്കാലത്ത് വെള്ളമെത്തുമെന്നിരിക്കെ അടിപ്പാതയ്ക്കു സമീപത്തു മേൽക്കൂര നിർമിക്കുന്നതു എന്തു പ്രയോജനം എന്നാണു നാട്ടുകാർ ചോദിക്കുന്നത്.
വ്യാപകമായി മാലിന്യം തള്ളുന്ന പ്രദേശമാണിവിടം. മേൽക്കൂര നിർമിക്കുന്നതോടെ സാമൂഹികവിരുദ്ധ ശല്യവും മാലിന്യംതള്ളലും വർധിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. വിയോജിപ്പ് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്കു 13–ാം വാർഡ് മെംബർ പ്രസന്നകുമാരി കത്ത് നൽകി.
മേൽക്കൂര നിർമിക്കുന്നതിനു പകരം കലുങ്ക് നിർമിച്ചു റോഡിലെ വെള്ളം പാടത്ത് എത്തിക്കുന്ന തരത്തിൽ സംവിധാനം ഏർപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നതു വ്യാപകമായതോടെ ഗ്രാമ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തു 3 സോളർ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇവിടെ റെയിൽവേ വിളക്കുകൾ സ്ഥാപിക്കണമെന്നും സമിതി ചെയർമാൻ ഒ.ടി.ജയമോഹൻ ആവശ്യപ്പെട്ടു.