ഗർഡറുകൾ തകർന്നു വീണ സംഭവം: തൂണുകൾക്ക് മുകളിൽ എത്തി വീഴ്ചയുണ്ടോ എന്ന് പരിശോധന

Mail This Article
ആലപ്പുഴ∙ ദേശീയപാതയിൽ നിർമാണത്തിലിരുന്ന മേൽപാലത്തിലെ ഗർഡറുകൾ തകർന്നു വീണ സംഭവത്തെ തുടർന്നു മറ്റു ഗർഡറുകൾ സ്ഥാപിച്ചതിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധന തുടങ്ങി. ദേശീയപാത ഉദ്യോഗസ്ഥർ തൂണുകൾക്ക് മുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തൂണുകളും ഗർഡറുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ബെയറിങ് ശരിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക. അപകടത്തെക്കുറിച്ച് പഠിച്ച വിദഗ്ധരുടെ റിപ്പോർട്ടുകൾ സമർപ്പിക്കാനുണ്ട്. റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും കൂടുതൽ നടപടികൾ.
അപകടമുണ്ടായ ഗർഡറുകൾക്ക് സമാനമായ സാഹചര്യങ്ങളിൽ നിർമിക്കുകയും ഉയർത്തി സ്ഥാപിക്കുകയും ചെയ്തതിനാൽ മറ്റു ഗർഡറുകളും അപകടത്തിൽപെടാനുള്ള സാധ്യത വിദഗ്ധർ നേരത്തെ സൂചിപ്പിച്ചിരുന്നു. തുടർന്ന് സുരക്ഷാ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. ഗർഡറുകൾ തമ്മിൽ കോൺക്രീറ്റ് ചെയ്തു ബന്ധിപ്പിക്കുക (ക്രോസ് ബ്രേസിങ്), ഗർഡറുകളും തൂണുകളും ചേരുന്ന ഭാഗം ബലപ്പെടുത്തുക, ഗർഡറുകളുടെ എൻഡ് ഡയഫ്രം കോൺക്രീറ്റ് ചെയ്യുക തുടങ്ങിയവയാണു പുരോഗമിക്കുന്നത്.
ആലപ്പുഴ ബൈപാസിലെ 17, 18 തൂണുകൾക്കിടയിലെ നാലു ഗർഡറുകളാണ് 3ന് രാവിലെ 10.30ന് ഒന്നിച്ചു നിലംപതിച്ചത്. 18, 19 തൂണുകൾക്കിടയിലെ ഗർഡറുകളും തൂണുകളും ബന്ധിപ്പിച്ചിരുന്ന പ്ലാങ്ക് (തടി പോലെയുള്ള ഭാഗം ) ഇളക്കി മാറ്റാൻ നിർദേശിച്ചപ്പോൾ തൊഴിലാളികൾ സ്ഥലം മാറി മറ്റൊരിടത്തെ പ്ലാങ്ക് ഇളക്കിയതാണ് അപകടത്തിൽ കലാശിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ക്രോസ് ബ്രേസിങ് ചെയ്യാഞ്ഞതു പ്ലാങ്ക് ഇളക്കിയ ഉടനെ ഗർഡറുകൾ പതിക്കാൻ ഇടയാക്കിയെന്നുമാണ് നിഗമനം.