പല്ലനയാറ്റിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം; രക്ഷാപ്രവർത്തനത്തിന് തടസ്സമായത് മരത്തിന്റെ ചില്ലകളും വേരുകളും

Mail This Article
തൃക്കുന്നപ്പുഴ ∙പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കുന്നതിനു തടസ്സമായത് ആറ്റിൽ തള്ളിയ മരത്തിന്റെ ചില്ലകളും വേരുകളും ആണെന്നു നാട്ടുകാർ. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് ആറിന് അരികിലെ വൃക്ഷങ്ങൾ മുറിച്ചത്. നാട്ടുകാരും ഹരിപ്പാട്ട്നിന്നു എത്തിയ അഗ്നിരക്ഷാസേനയും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നു.
അഗ്നിരക്ഷാസേന കയറിൽ കാളാഞ്ചി (ഹാങ്കർ) ചുറ്റി ആറ്റിലേക്ക് എറിഞ്ഞു എങ്കിലും കാളാഞ്ചി വേരിൽ കുടുങ്ങി കയർ പൊട്ടിപ്പോകുന്ന സാഹചര്യമുണ്ടായി. നാട്ടുകാർ വെള്ളത്തിൽ ഇറങ്ങി പരിശോധിക്കുമ്പോഴും കയ്യിൽ കിട്ടുന്നത് ആറ്റിൽ തള്ളിയ മരത്തിന്റെ വേരുകൾ ആയിരുന്നു.
രണ്ട് വിദ്യാർഥികൾ പല്ലനയാറ്റിൽ മുങ്ങിപ്പോയി എന്ന വാർത്ത കേട്ട ഉടനെ തന്നെ സ്ഥലത്തെത്തി ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് ഹരിപ്പാട്ടെ എക്സൈസ് ജീവനക്കാരൻ ജിയേഷും മലയാള മനോരമ തൃക്കുന്നപ്പുഴയിലെ പത്ര ഏജന്റ് സി.വി രാജീവും ആണ്. പല്ലന പാലത്തിന്റെ താഴെ ആറിന് ആഴം കൂടുതലായതും ആറിൽ മരത്തിന്റെ വേരുകൾ തള്ളിയതും രക്ഷാപ്രവർത്തനത്തിനു തടസ്സമായെന്നു ഇവർ പറഞ്ഞു.