ADVERTISEMENT

ബെംഗളൂരു∙  മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിനെയും  മജസ്റ്റിക്ക് കെംപഗൗഡ ബസ് ടെർമിനലിനെയും  ബന്ധിപ്പിച്ച് വിജയകരമായി നടത്തിവരുന്ന ഫീഡർ  ബസ് സർവീസ് മാതൃകയിൽ മറ്റു ബസ് ടെർമിനലുകളെയും ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. തുടർയാത്രാ സൗകര്യം ലഭ്യമാക്കുന്ന ഫീഡർ സർവീസുകൾ വ്യാപകമായാൽ കുറഞ്ഞ നിരക്കിൽ യാത്രാ ചെയ്യാമെന്ന സൗകര്യം നഗരവാസികൾക്കു ലഭിക്കും. ഓട്ടോ, ടാക്സികളുടെ കഴുത്തറപ്പൻ നിരക്കിൽ നിന്നു മോചനം ലഭിക്കുമെന്നും യാത്രക്കാർ പറയുന്നു.

സാറ്റലൈറ്റ് ബസ് ടെർമിനൽ 

സാറ്റലൈറ്റ് ബസ് ടെർമിനലിനെയും മജെസ്റ്റിക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് കർണാടക ആർടിസിയാണ് ഷട്ടിൽ ബസ് സർവീസ് നടത്തുന്നത്. 10 രൂപയാണ് നിരക്ക്. മൈസൂരു ഭാഗത്ത് നിന്നു വരുന്ന കേരള ആർടിസിയുടെ സർവീസുകൾ ഭൂരിഭാഗവും സാറ്റലൈറ്റിലാണു സർവീസ് അവസാനിപ്പിക്കുന്നത്.  

ശാന്തിനഗർ ബിഎംടിസി ടെർമിനൽ

ശാന്തിനഗറിൽ നിന്ന്  ബിഎംടിസിക്ക് ഫീഡർ സർവീസില്ല. കേരള ആർടിസിയുടെ തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ ശാന്തിനഗർ വഴിയാണ് പോകുന്നത്. കൂടാതെ കർണാടക ആർടിസിയുടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പ്രീമിയം സർവീസുകളും തമിഴ്നാടിന്റെ എസ്ഇടിസി ഡീലക്സ് സർവീസുകളും ഇവിടെ നിന്നാണു പുറപ്പെടുന്നത്. മെട്രോ സൗകര്യമില്ലാത്തതിനാൽ ബിഎംടിസി, ഓട്ടോ, വെബ്ടാക്സി സർവീസുകളെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്. 

പീനിയ ബസവേശ്വര ടെർമിനൽ

കർണാടക ആർടിസിയുടെ നിയന്ത്രണത്തിൽ 2015ൽ പ്രവർത്തനം തുടങ്ങിയ പീനിയ ബസവേശ്വര ടെർമിനലിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ  നടപ്പിലാക്കിയ പദ്ധതികളൊന്നും വിജയിച്ചില്ല.  ജാലഹള്ളി ക്രോസിൽ നിന്നു 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബസ് ടെർമിനലിലേക്ക് തുടർയാത്രാ സൗകര്യമില്ലാത്തതാണു തിരിച്ചടിയായത്. ഇടക്കാലത്ത് ജാലഹള്ളി ക്രോസിൽ നിന്ന് ബിഎംടിസി ഫീഡർ ആരംഭിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ ഇത് നിർത്തലാക്കി. 

മജെസ്റ്റിക്കിൽ നിന്ന് പുറപ്പെട്ടിരുന്ന വടക്കൻ കർണാടകയിലേക്കുള്ള കർണാടക ആർടിസിയുടെ സർവീസുകൾ ഇങ്ങോട്ട് മാറ്റിയിരുന്നെങ്കിലും യാത്രക്കാർ ഇല്ലാതെ വന്നതോടെ തിരിച്ച് മജെസ്റ്റിക്കിലേക്കു  മാറ്റി. കേരള ആർടിസിയുടെ 5 സർവീസുകൾ പീനിയയിൽ നിന്നാണ് പുറപ്പെടുന്നത്. കൂടാതെ ആന്ധ്ര, തെലങ്കാന ആർടിസികളുടെ സർവീസുകളും ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട്. 

കബൺ പാർക്ക് ഫീഡർ നിർത്തി

യാത്രക്കാരില്ലാത്തതിനാൽ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന്  ബിഎംടിസി ആരംഭിച്ച ഫീഡർ സർവീസ് ദിവസങ്ങൾക്കുള്ളിൽ നിലച്ചു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, മൗണ്ട്കാർമൽ കോളജ്, വസന്ത്നഗർ വഴി തിരിച്ച് കബ്ബൺ പാർക്കിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. പാർക്കിന്റെ എച്ച്എഎൽ ഗേറ്റിൽ നിന്നാണ് ഫീഡർ ബസുകൾ പുറപ്പെട്ടിരുന്നത്. എന്നാൽ കൂടുതൽ പേർ ആശ്രയിക്കുന്ന മിൻസ്ക് സ്ക്വയർ ഭാഗത്ത് ബസ് നിർത്താൻ സൗകര്യമില്ലാത്തതും തിരിച്ചടിയായി. 

വിമാനത്താവളത്തിലേക്ക് സൗജന്യ ഫീഡർ

കെംപെഗൗഡ ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ (കെഐഎ ഹാൾട്ട്) നിന്ന് 3 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്ക് ബെംഗളൂരു രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ബിഐഎഎൽ) ആണു സൗജന്യ ഫീഡർ സർവീസ് നടത്തുന്നത്. ട്രെയിൻ ഇറങ്ങിവരുന്നവർക്കു സ്റ്റേഷനിൽ നിന്ന് തന്നെ ഫീഡർ സർവീസിൽ കയറി ടെർമിനൽ വരെയെത്താം. 

യാത്രക്കാരെ മാനിക്കാൻ പരിശീലനം 

യാത്രക്കാരോടുള്ള പെരുമാറ്റം സംബന്ധിച്ചു പരാതികൾ വ്യാപകമായതോടെ  ജീവനക്കാർക്കു പരിശീലനം നൽകാൻ ബിഎംടിസി. കഴിഞ്ഞ ദിവസം യെലഹങ്കയിൽ ബൈക്ക് യാത്രക്കാരായ ദമ്പതികളെ മർദിച്ച ബിഎംടിസി താൽക്കാലിക ഡ്രൈവറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം പലപ്പോഴും യാത്രക്കാരെ ബസ് യാത്രയിൽ നിന്ന് അകറ്റുന്നതായി മാനേജ്മെന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 

ബിഎംടിസിക്കായി വാടക അടിസ്ഥാനത്തിൽ ഓടുന്ന ഇ ബസുകളിലെ ഡ്രൈവർമാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇ ബസുകളിൽ ഡ്രൈവർമാരെ സ്വകാര്യ കമ്പനിയാണ് നിയമിക്കുന്നത്. കണ്ടക്ടറെ മാത്രമാണ് ബിഎംടിസി നിയമിക്കുന്നത്.

മാതൃകയാക്കാം ഇലിസിറ്റയെ

ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റി (ഇലിസിറ്റ) മാതൃകയിൽ  മറ്റ് ഐടി പാർക്കുകളെയും മെട്രോ സ്റ്റേഷനുകളെയും  ബന്ധിപ്പിച്ച് ഫീഡർ സർവീസുകൾ ആരംഭിക്കണം.ഇലക്ട്രോണിക് സിറ്റിയിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കായി  കനക്പുര റോഡിലെ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻ വരെയാണ്  ഇലിസിറ്റ സൗജന്യ ഷട്ടിൽ സർവീസ് നടത്തുന്നത്. 

ഇതേ മാതൃകയിൽ വിവിധ ടെക്പാർക്കുകളെ ബന്ധിപ്പിച്ച് ബിഎംടിസി ഫീഡർ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നു.മെട്രോയുടെ രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ അപാർട്ട്്മെന്റ് കോംെപ്ലക്സുകളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങാനുള്ള നടപടി  ബിഎംടിസി ആരംഭിച്ചിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com