ഉത്സവകാല യാത്ര: സ്പെഷൽ ബസ് ബുക്കിങ് തുടങ്ങിയില്ല; പെർമിറ്റിൽ കുരുങ്ങി കേരള ആർടിസി

Mail This Article
ബെംഗളൂരു∙ സംസ്ഥാനാന്തര യാത്രയ്ക്ക് താൽക്കാലിക പെർമിറ്റുകൾ ലഭിക്കാൻ വൈകുന്നതോടെ ഈദുൽ ഫിത്ർ (ചെറിയപെരുന്നാൾ), വിഷു, ഈസ്റ്റർ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കാനാകാതെ കേരള ആർടിസി. ഉത്സവ സീസണുകളിൽ താൽക്കാലിക പെർമിറ്റെടുത്താണ് അധിക സർവീസുകൾ ഓടിക്കുന്നത്. കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പ്രകാരം ഇരുആർടിസികൾക്കും അൻപതിൽ കുറയാതെ സ്പെഷൽ ബസുകൾ ഓടിക്കാം.
വിവിധ ഡിപ്പോകളിൽനിന്ന് ബസുകൾ ലഭിക്കാനുള്ള കാലതാമസവും തിരിച്ചടിയായി. കാലപ്പഴക്കമേറിയ ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് പകരം പുതിയ ബസുകൾ ഇല്ലാത്തതും കൂടുതൽ സ്പെഷൽ സർവീസുകൾ അനുവദിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പഴക്കമേറിയ ബസുകൾ തകരാറിലാകുന്നത് പതിവായതോടെ യാത്രക്കാർ കർണാടക ആർടിസിയേയും സ്വകാര്യ ബസുകളെയും കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയത് കേരള ആർടിസിയുടെ വരുമാനത്തെ ബാധിച്ചു.
ചെറിയപെരുന്നാളിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ 28, 29 ദിവസങ്ങളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. ഈ മാസം 31ന് ഉഗാദി ആഘോഷം കൂടി വരുന്നതോടെ കർണാടക ആർടിസി മറ്റു സംസ്ഥാനങ്ങളിലേക്കുൾപ്പെടെ കൂടുതൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിന് ഏപ്രിൽ 11നും 12നും ഈസ്റ്ററിന് 16,17,18 ദിവസങ്ങളിലുമാണ് കൂടുതൽ തിരക്ക്.
പെരുന്നാൾ, ഉഗാദി തിരക്ക്: കേരളത്തിലേക്ക് സ്പെഷൽ ട്രെയിനില്ല
ചെറിയ പെരുന്നാൾ, ഉഗാദി തിരക്കിനോടനുബന്ധിച്ച് 28നും 29നും കേരളം ഒഴികെയുള്ള മറ്റിടങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കെഎസ്ആർ ബെംഗളൂരു–ചെന്നൈ സെൻട്രൽ, ബയ്യപ്പനഹള്ളി ടെർമിനൽ–കലബുറഗി, മൈസൂരു–കാർവാർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ട്രെയിനുകൾ.
പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നെങ്കിലും തെക്കൻ കേരളത്തിലേക്കും മലബാറിലേക്കും സ്പെഷൽ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടരുകയാണ്. മുൻവർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽക്കാല പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നു.