ഐക്യ കേരളം തമ്പുരാൻ
Mail This Article
തൃപ്പൂണിത്തുറ ∙ ''ഒരു ഭാരതീയനെന്നു വിളിക്കപ്പെടുന്നതിനുള്ള അവകാശം തനിക്കു നഷ്ടമായിരിക്കുമെന്ന് ഒരു കൊച്ചിക്കാരനും വിഷാദം ചേർക്കുന്ന സന്ദർഭം എന്റെ ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സൃഷ്ടിക്കുകയില്ല''– 1947 ഏപ്രിൽ 11, 12 തീയതികളിൽ തൃശൂരിൽ നടന്ന ചരിത്രപ്രസിദ്ധമായ ഐക്യകേരള കൺവൻഷനിൽ കേരളവർമത്തമ്പുരാൻ (ഐക്യ കേരളം തമ്പുരാൻ) പ്രസംഗിച്ച വാക്കുകളാണിത്.
''നമുക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കാം'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു കേരളപ്പിറവി ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തി വിസ്മരിക്കാനാവില്ല. ബ്രിട്ടിഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവയുടെ ലയനത്തിനായി നിലകൊണ്ടതിനാലാണ് അദ്ദേഹത്തിന് ‘ഐക്യ കേരളം തമ്പുരാൻ’ എന്ന പദവി ലഭിച്ചത്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പായതോടെ ഐക്യ കേരള പ്രസ്ഥാനത്തിനു ശക്തി വർധിച്ചു. 1947 ഏപ്രിൽ 11നു പ്രഥമ ഐക്യ കേരള സമ്മേളനം വിളിച്ചു കൂട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണു കൊച്ചി മഹാരാജാവായ കേരളവർമത്തമ്പുരാൻ നേരിട്ടെത്തുകയും ഐക്യ കേരളത്തെ അംഗീകരിച്ചു പ്രസംഗിക്കുകയും ചെയ്തതെന്നു ചരിത്രകാരന്മാർ പറയുന്നു. 1870 ൽ ജനിച്ച ഇദ്ദേഹം 1946 മുതലാണു കൊച്ചി രാജ്യം ഭരിച്ചു തുടങ്ങിയത്. 1948 ജൂലൈയിൽ തീപ്പെട്ടു.