റോഡ് ഉയർത്തി ടാറിങ്; ബസ് സ്റ്റോപ്പുകളിൽ വെള്ളക്കെട്ട്

Mail This Article
വൈപ്പിൻ∙ മഴ കനത്തതിനെ തുടർന്ന് സംസ്ഥാനപാതയിലെ ഒട്ടു മിക്ക ബസ് സ്റ്റോപ്പുകളിലും വെള്ളക്കെട്ട് രൂക്ഷമായി. ഇതുമൂലം വിദ്യാർഥികളും വയോധികരും അടക്കമുള്ള യാത്രക്കാർ ബസുകളിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കാന ഉള്ള സ്ഥലങ്ങളിലും അല്ലാത്തിടത്തും ഒരേ അവസ്ഥയാണ്. റോഡ് പലതട്ടുകളായി ഉയർത്തി ടാർ ചെയ്തതിനെ തുടർന്ന് പലയിടത്തും വശങ്ങളുമായി മുക്കാൽ അടി വരെ ഉയരവ്യത്യാസം ഉണ്ട്.
ഇത് കോൺക്രീറ്റ് നിറച്ചു പരിഹരിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ ചെറിയ മഴയ്ക്കു തന്നെ വെള്ളം നിറയും. ഒഴിഞ്ഞു പോകാൻ മാർഗമില്ലാത്തതിനാൽ ഏറെ നേരം തുടരുകയും ചെയ്യും. കാന നിർമിച്ച സ്ഥലങ്ങളിൽ വെള്ളം അവിടേക്ക് ഒഴുകി പോകാത്ത പ്രശ്നവും ഉണ്ട്. ചിലയിടങ്ങളിൽ വെള്ളക്കെട്ട് റോഡിന്റെ മധ്യഭാഗം വരെ വ്യാപിക്കുന്നു.
ഇത്തരം സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന്റെ നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും ഇടയാക്കുന്നു, റോഡരികിലെ വെള്ളക്കെട്ട് സമീപത്തുള്ള കടക്കാർ, വീടുകൾ തുടങ്ങിയവർക്കും ശല്യമാണ്. വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ കടകളുടെ ഉള്ളിലേക്കും വീടുകളുടെ മുറ്റത്തേക്കും വെളളം ഒഴുകിയെത്തും. വശങ്ങളിൽ ദീർഘ നേരം വെള്ളം കെട്ടിക്കിടക്കുന്നത് റോഡിലെ ടാറിങ്ങിനെയും ബാധിക്കുന്നു.