മംഗലപ്പുഴ സെമിനാരിയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Mail This Article
ആലുവ∙ മംഗലപ്പുഴ സെമിനാരിയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തുടർ പ്രവർത്തനങ്ങൾക്കു ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ഫാമിലുള്ള 5 പന്നികളെ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ആർ. മിനിയുടെ നേതൃത്വത്തിൽ കൊന്നു നശിപ്പിച്ചു. ഫാമിലും പരിസരത്തും അണുനശീകരണം നടത്തി.
രോഗബാധിത പ്രദേശങ്ങളിൽ പന്നി മാംസത്തിന്റെ വിതരണവും പന്നി മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനവും നിരോധിച്ചു. ഇവിടെ നിന്നു പന്നി, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകാനോ ഇവിടേക്കു കൊണ്ടുവരാനോ പാടില്ല. രോഗം സ്ഥിരീകരിച്ച പന്നി ഫാമിൽ നിന്നു മറ്റു ഫാമുകളിലേക്കു കഴിഞ്ഞ 2 മാസത്തിനുളളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലോ മറ്റു മൃഗങ്ങളിലോ പക്ഷികളിലോ രോഗബാധ ഉണ്ടാക്കില്ലെന്ന് അധികൃതർ പറഞ്ഞു. വളർത്തു പന്നികളെയും കാട്ടുപന്നികളെയും മാത്രമാണ് ഈ വൈറസ് ബാധിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
∙ കാട്ടുപന്നികളുടെയും അലഞ്ഞു തിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.
∙ ഫാമിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങൾ അണുനശീകരണം നടത്തണം. സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, കുമ്മായം, പെർ അസറ്റിക് ആസിഡ് എന്നിവ ഇതിന് ഉപയോഗിക്കാം.
∙ ഫാമിൽ സന്ദർശകരെ നിയന്ത്രിക്കണം. വരുന്നവരുടെ വിവരങ്ങൾ റജിസ്റ്ററിൽ സൂക്ഷിക്കണം. ഫാമിൽ പ്രവേശിക്കുന്നവർ കുളിച്ചു കൈകൾ അണുനശീകരണം നടത്തണം.
∙ ഫാമിലേക്കു മറ്റു മൃഗങ്ങൾ, എലികൾ, പക്ഷികൾ എന്നിവ കടക്കുന്നതു തടയണം. രോഗലക്ഷണം കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറെ അറിയിക്കണം.
∙ പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം മാറ്റി പാർപ്പിച്ചു നിരീക്ഷിക്കണം.
∙ വീടുകളിലെയും ഹോട്ടലുകളിലെയും അടുക്കള അവശിഷ്ടങ്ങൾ, പ്രത്യേകിച്ചു മാംസം അടങ്ങിയവ ഭക്ഷണമായി നൽകരുത്.
∙ പന്നി ഇറച്ചിയും ഉൽപന്നങ്ങളും ഫാമിലേക്കു കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യരുത്.
∙ മാംസവും മീനും നന്നായി വേവിക്കാതെ പച്ചയ്ക്കു പന്നികൾക്കു നൽകരുത്.